Malayalam
പുതിയ തുടക്കം, ‘ബോളിവുഡിന്റെ സീൻ മാറ്റാൻ’ ചിതംബരം; അരങ്ങേറ്റം ഫാന്റം പിക്ചേഴ്സിനൊപ്പം!
പുതിയ തുടക്കം, ‘ബോളിവുഡിന്റെ സീൻ മാറ്റാൻ’ ചിതംബരം; അരങ്ങേറ്റം ഫാന്റം പിക്ചേഴ്സിനൊപ്പം!
മഞ്ഞുമ്മൽ ബോയ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ മോളിവുഡിന്റെ സീൻ മാറ്റിയ സംവിധായകനാണ് ചിദംബരം. ഒറ്റ സിനിമയിലൂടെ ലോകശ്രദ്ധനേടാൻ അദ്ദേഹത്തിനായി. ഇപ്പോഴിതാ ബോളിവുഡിലേയ്ക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. നിർമാതാക്കളായ ഫാന്റം പിക്ചേഴ്സിനൊപ്പമാണ് അരങ്ങേറ്റം കുറിക്കുന്നത്.
ഫാന്റം പിക്ചേഴ്സ് തന്നെയാണ് ചിദംബരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇതേ കുറിച്ച് പറയുന്നത്.
‘പുതിയ തുടക്കം. മികച്ച സംവിധായകനായ ചിദംബരവുമായി ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്! തന്റെ അതുല്യമായ കാഴ്ച്ചപ്പാടും വൈദഗ്ധ്യവും കൊണ്ടും അദ്ദേഹം ദക്ഷിണേന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ബോളിവുഡിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്!
ഫാന്റം എല്ലായ്പ്പോഴും ആശയാധിഷ്ഠിത കഥകളിലേയ്ക്കും ക്രിയേറ്റിവ് ആയ സംവിധായകരെ പരിചയപ്പെടുന്നതിനും മുന്നിലാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. ചിദംബരത്തിന്റെ സർഗാത്മക കാഴ്ചപ്പാട് ഞങ്ങളുടെ ചിന്തകളുമായി തികച്ചും യോജിക്കുന്നതാണ്. മഞ്ഞുമ്മൽ ബോയ്‌സിലൂടെ അദ്ദേഹം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തച് നമ്മളെല്ലാവരും കണ്ടു. ഞങ്ങളൊരുമിച്ച് ആ മാജിക് വീണ്ടും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ’ എന്നും ഫാന്റം പിക്ചേഴ്സ് കുറിച്ചു.
അതേസമയം, ഹിന്ദി സിനിമയിലേക്കുള്ള പുതിയ ചുവടുവെപ്പിൽ സന്തോഷമുണ്ടെന്നാണ് ചിദംബരം പ്രതികരിച്ചത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്നും സ്പെഷ്യലായിരിക്കും. എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിനായി ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്.
എന്റെ കഥ പറച്ചിൽ രീതിയിൽ തന്നെ ഉറച്ചുനിന്നുകൊണ്ട് പുതിയവ പരീക്ഷിക്കാനും വലിയ പ്രേക്ഷകരിലേയ്ക്ക് എത്താനുള്ള അവസരമായാണ് ഇത് വിലയിരുത്തുന്നത്.
ആഗോളതലത്തിൽ 200 കോടി രൂപയിൽ അധികമാണ് മഞ്ഞുമ്മൽ ബോയ്സ് കളക്റ്റ് ചെയ്തത്. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ചിത്രം തുടക്കം മുതൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയായിരുന്നു.
യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ മാത്രമല്ല നോർത്ത് അമേരിക്കയിലും ചിത്രത്തിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്.