ഇപ്പോള്‍ ബേസ് ക്യാംപിലേക്കില്ലെന്ന് മഞ്ജുവും സംഘവും; മടങ്ങുന്നത് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം മാത്രം; കേന്ദ്ര മന്ത്രി വി മുരളീധരൻ
സിനിമ ചിത്രീകരണത്തിനെത്തി ഹിമാചല്‍ പ്രദേശിലെ പ്രളയ ദുരിതങ്ങളില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഛത്രുവില്‍ നിന്ന് മടങ്ങുന്നുള്ളൂവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ഹിമാചല്‍ പ്രദേശിലെ മലയോര ഗോത്രഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മഞ്ജു വാര്യരും സംഘവും. ഇപ്പോള്‍ പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ തിരികെ മടങ്ങുക എന്നാണ് സംഘം അധികൃതരെ അറിയിച്ചിരിക്കുന്നത്.
‘ഛത്രു ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് മാണ്ടി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍ തത്ക്കാലം കോക്‌സാര്‍ ബേസ് ക്യാമ്ബിലേക്കില്ലെന്നാണ് സിനിമ സംഘത്തിന്റെ തീരുമാനം.
മഞ്ജുവിനെയും സംഘത്തെയും ചൊവ്വാഴ്ച രാത്രിയോടെ മണാലിയിലെത്തിക്കാന് ഒരുക്കം നടത്തിയിരുന്നു. ഛത്രുവില്‍നിന്ന് 22 കിലോമീറ്റര്‍ നടന്ന് രാത്രിയോടെ കോക്സര്‍ ബേസ് ക്യാമ്ബിലെ സുരക്ഷിതകേന്ദ്രത്തിലെത്തിക്കാനായിരുന്നു പദ്ധതി. ഇവിടെനിന്ന്, പിന്നീട് മണാലിയിലെത്തിക്കാനും. എന്നാല്‍, ദുരിത സാഹചര്യങ്ങള്‍ക്ക് അയവു വന്നതോടെ ഛത്രുവില്‍ തുടരാന്‍ മഞ്ജുവും സനലും ഉള്‍പെട്ട സംഘം തീരുമാനിക്കുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിനാല്‍ അവര്‍ ഛത്രുവില്‍ തന്നെ തുടരും’ വി. മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
ബേസ് ക്യാംപിലേക്ക് എത്തുന്നതിന് സംഘത്തിന് കാല്‍നടയായി സഞ്ചരിക്കണം. 22 കിലോമീറ്റര്‍ ദൂരം നടന്നെങ്കില്‍ മാത്രമെ ബേസ് ക്യാംപില്‍ എത്താന്‍ കഴിയുകയുള്ളു. ബേസ് ക്യാമ്ബായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അധികൃതര്‍. സബ് കളക്ടര്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്ബിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളു. അതിനിടെയാണ് ഇപ്പോള്‍ ബേസ് ക്യാമ്ബിലേക്ക് ഇല്ലെന്ന് സിനിമ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജുവാര്യര്‍ സുരക്ഷിതയാണെന്ന് ചേര്‍പ്പ് പുള്ളിലെ വീട്ടില്‍ വിവരം ലഭിച്ചതായി സഹോദരന്‍ മധു വാര്യരും അമ്മ ഗിരിജയും പറഞ്ഞു.മലയാള സിനിമ സംഘം ഹിമാലയന്‍ താഴ്വരയിലെ പ്രകൃതിമനോഹരമായ ഛത്രുവിലെത്തിയിട്ട് മൂന്നാഴ്ചയായി.കനത്ത മഴയെത്തിയതോടെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.
ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്ബത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട് ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്ബത്ത് നേരത്തേ അറിയിച്ചിരുന്നു.
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മഞ്ജു വാര്യര്‍ മണാലിയില്‍നിന്ന് 100 കിലോമീറ്ററകലെയുള്ള ഛത്രുവില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സംഘം പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് മഞ്ജു ഹിമാചലില്‍ കുടുങ്ങിയതായി അറിയിച്ചത്. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച് മലയാള സിനിമ പ്രവര്‍ത്തകര്‍ ഛത്രുവില്‍ തുടരുകയായിരുന്നുവെന്നാണ് ഹിമാചല്‍പ്രദേശ് കൃഷിമന്ത്രി റാംലാല്‍ മാര്കണ്ഡേയുടെ വാദം.
manju warrier- stucked i n chatru -himachal