general
നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ വിചാരണക്കോടതിയില്‍, വിചാരണ അല്‍പ്പസമയത്തിനുള്ളില്‍!
നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ വിചാരണക്കോടതിയില്‍, വിചാരണ അല്‍പ്പസമയത്തിനുള്ളില്‍!
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യര്‍ വിചാരണക്കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിചാരണയ്ക്ക് വേണ്ടിയാണ് മഞ്ജു കോടതിയിലെത്തിയത്. ഡിജിറ്റല്‍ തെളിവിന്റെ ഭാഗമായ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് മഞ്ജുവിനെ വിളിപ്പിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു.
കേസിന്റെ വിചാരണ നടപടികള്‍ ഇനിയും നീണ്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 6 മാസത്തെ സമയമാണ് വിചാരണ കോടതി തേടിയത്. ഇക്കാര്യത്തില്‍ ഹൈക്കോടതി എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റ് നോക്കപ്പെടുന്നത്.
ഈ കേസിലെ നിര്‍ണായ സാക്ഷികളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. കേസില്‍ തുടക്കം മുതല്‍ അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുന്ന സമീപനമായിരുന്നു മഞ്ജു സ്വീകരിച്ചിരുന്നത്. സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ മൊഴി മാറ്റിയപ്പോഴും അവര്‍ തന്റെ മൊഴിയില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല.കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.
കേസില്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ശബ്ദരേഖകളില്‍ നിന്ന് ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിയുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റെ ലക്ഷ്യം. എന്നാല്‍ മഞ്ജു കോടതിയിലെത്തുന്നത് തടയിടാനുള്ള നീക്കങ്ങളായിരുന്നു ദിലീപ് നടത്തിയത്. മഞ്ജുവിനെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തുന്ന വാദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
മഞ്ജുവിനെ ഒരിക്കല്‍ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മഞ്ജുവിന് തന്നോട് വൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിലീപിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളി. സാക്ഷികളില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ നിലപാട്.
ഇതോടെയാണ് ഇപ്പോള്‍ മഞ്ജു കോടതിയില്‍ എത്തുന്നതിന് വഴി തെളിഞ്ഞത്. മഞ്ജു കോടതിയില്‍ തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോയെന്നാണ് ഇനി ചോദ്യം. നേരത്തേ ശബ്ദരേഖയില്‍ ഉള്ള സാമ്പിളുകള്‍ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം അവര്‍ കോടതിയിലും ആവര്‍ത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാകും.
അതേസമയം മഞ്ജുവിനെ കൂടാതെ കാവ്യ മാധാവന്റെ മാതാപിതാക്കളായ മാധവനേയും ശകുന്തളയേയും വീണ്ടും വിസ്തരിക്കും. കാവ്യയുടെ അമ്മയുടെ ഫോണില്‍ നിന്നാണ് കാവ്യ ദിലീപിനെ ബന്ധപെട്ടത് എന്നതാണ് പ്രോസിക്യൂഷന് അറിയേണ്ടത്. കാവ്യയുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ടാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കേണ്ടതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിക്കും.
അതിനിടെ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് വിചാരണ കോടതി ഉടന്‍ തീരുമാനം അറിയിച്ചേക്കും. വൃക്കാ രോഗം കാരണം തിരുവനന്തപുരത്ത് ചികിത്സയില്‍ തുടരുന്നതിനാല്‍ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നതാണ് ബാലചന്ദ്രകുമാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് ബാലചന്ദ്രകുമാര്‍ നടത്തുന്നതെന്നും ഗുരുതര രോഗം ഉണ്ടെന്ന് അവകാശപ്പെടുന്നയാള്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്നുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.
അതേസമയം ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാര്‍ പ്രതികരിച്ചിരുന്നു. തനിക്ക് ഡയാലിസ് ചെയ്യുന്നതിനാലാണ് യാത്ര ചെയ്യാന്‍ കഴിയാത്തതെന്നും തനിക്ക് ശബ്ദം പോയതായി എവിടേയും താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പ്രതികരിച്ചത്. വിചാരണയോട് എല്ലാ രീതിയിലും താന്‍ സഹകരിക്കുമെന്നും തനിക്ക് അറിയുന്ന കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍ക്ക് തന്നോട് വിരോധം ഉണ്ടെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന് എതിരായി എന്തെങ്കിലും പറഞ്ഞേക്കും എന്നതാണ് ദിലീപ് കോടതിയില്‍ പറഞ്ഞത്. മഞ്ജുവിന് ദിലീപിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അങ്ങനെയുണ്ടെങ്കില്‍ മകളെ ദിലീപിന് വളര്‍ത്താന്‍ കൊടുത്തിട്ട് പോകുമോ? വൈരാഗ്യമുണ്ടെങ്കില്‍ മഞ്ജുവിന് എന്തൊക്കെ ചെയ്യാമായിരുന്നു. പക്ഷേ അവര്‍ ഇത്രയും നാള്‍ മൗനം പാലിച്ചില്ലേ. ദിലീപിന്റേ വാദങ്ങളെല്ലാം വെറും ബാലിശമാണ്. ഇത്തരത്തില്‍ കോടതിയെ തെറ്റിധരിപ്പിക്കാനുള്ള ദിലീപിന്റെ ശ്രമം നടക്കാതെ പോയതാണ് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.