Connect with us

‘ഷൂട്ടിംഗില്‍ ഗ്ലിസറിനില്ലാതെ മണിയേട്ടന്‍ കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ഞാനും ഒപ്പം കരയും’; മഞ്ജു വാര്യര്‍

News

‘ഷൂട്ടിംഗില്‍ ഗ്ലിസറിനില്ലാതെ മണിയേട്ടന്‍ കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ഞാനും ഒപ്പം കരയും’; മഞ്ജു വാര്യര്‍

‘ഷൂട്ടിംഗില്‍ ഗ്ലിസറിനില്ലാതെ മണിയേട്ടന്‍ കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ഞാനും ഒപ്പം കരയും’; മഞ്ജു വാര്യര്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല.

കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു മണിക്ക്. അഭിമുഖങ്ങളില്‍ എല്ലാം തന്റെ ജീവിതം തുറന്ന പുസ്തകം പോലെ പങ്കുവച്ചിട്ടുണ്ട് അദ്ദേഹം.

കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളില്‍ മണി ചെയ്ത വേഷം പ്രേക്ഷക മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. തമിഴ് സിനിമകളില്‍ നിരവധി വില്ലന്‍ വേഷങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ ഒരു ഘട്ടത്തില്‍ നടന് ഹിറ്റ് സിനിമകള്‍ ലഭിക്കാതെയുമായിരുന്നു. എന്നാല്‍ ആമേന്‍, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ തന്നിലെ അഭിനേതാവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് കലാഭവന്‍ മണി തെളിയിച്ചു.

മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം ഒന്നടങ്കം ദുഖിച്ചിരുന്നു. നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് അന്ന് പല താരങ്ങളും മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംസാരിച്ചു. അന്ന് നടി മഞ്ജു വാര്യരും നടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. അന്ന് മഞ്ജു പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവധിക്കാലത്ത് അച്ഛന്‍ വിസിആര്‍ വാടകയ്‌ക്കെടുത്ത് തരും. ഗള്‍ഫ് പ്രോഗ്രാമിന്റെ കാസറ്റിലാണ് മണിയേട്ടനെ ആദ്യമായി കാണുന്നത്. പ്രത്യേകതയുള്ള ചിരിയും, പതിനാറ് പാട്ടുകള്‍ ഒരുമിച്ച് പാടുന്ന മണിയേട്ടന്റെ നമ്പറുമൊക്കെ’. ‘അന്ന് തന്നെ മണിയേട്ടന്റെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാല്‍ ഞാനാണെന്ന് ഒരു സംശയവുമില്ലാതെ പറയുമായിരുന്നു. എന്റെ ആദ്യത്തെ സിനിമ മോഹന്‍സാറിന്റെ സാക്ഷ്യം ആണ്. മണിചേട്ടന്റെ ആദ്യത്തെ സിനിമ സിബി സാറിന്റെ അക്ഷരമാണ്’.

‘പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് സല്ലാപം സിനിമയിലാണ്. മണിയേട്ടന്‍ പാടിയ നാടന്‍ പാട്ടുകള്‍ മണിയേട്ടനെക്കാള്‍ കാണാപാഠം എനിക്കായിരുന്നു. ഓരോ ഷൂട്ടും ആഘോഷം നിറഞ്ഞ ഓര്‍മ്മകളാണ്. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അതിന്റെ കണക്കൊന്നും ഞാനെടുത്തിട്ടില്ല’.

‘ഷൂട്ടിംഗില്‍ ഗ്ലിസറിനില്ലാതെ മണിയേട്ടന്‍ കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ഞാനും ഒപ്പം കരയും. എനിക്കറിയില്ല, എനിക്കത്രയും ഇഷ്ടമുള്ളത് കൊണ്ടാണോയെന്ന്. ചിരിച്ചോണ്ട് സംസാരിച്ച് തുടങ്ങും. പക്ഷെ ആ സംഭാഷണം അവസാനിക്കുമ്പോള്‍ മണിയേട്ടനും കരയും കൂടി നിന്ന നമ്മളും കരയും’.

‘പകുതി മനസേ പൊരുത്തപ്പെട്ടിട്ടുള്ളൂ മണിയേട്ടനില്ല എന്ന സത്യത്തോട്. എന്റെ ജീവിതത്തില്‍ ഒരുപാട് സന്ദര്‍ഭങ്ങളില്‍ ആ കരുതലും സ്‌നേഹവും വാത്സല്യവും തന്നു. ഒരുപാട് ചങ്കൂറ്റത്തോടെ എന്റെ കൂടെ നിന്നിട്ടുണ്ട് മണിയേട്ടന്‍’. ‘അദ്ദേഹത്തിന്റെയടുത്ത് സഹായമഭ്യര്‍ത്ഥിച്ച് ചെന്ന് ഒരാളെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. അത് സത്യമായിരിക്കുമെന്ന വിശ്വാസവും എനിക്കുണ്ട്.

അത്രയും നല്ല മനസ്സിന് ഉടമയായിരുന്നു’. ‘അദ്ദേഹം സിനിമയിലേക്ക് വരുന്നതിന് മുമ്പ് കുട്ടിക്കാലം മുതല്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ നമുക്കെല്ലാം അറിയാം. നന്നായി കരഞ്ഞിട്ടുള്ള ഒരാള്‍ക്കേ നന്നായി ചിരിപ്പിക്കാന്‍ കഴിയുള്ളൂ എന്ന് അദ്ദേഹം കാണിച്ച് തന്നു. മനുഷ്യന്‍ ചിരിക്കുന്നിടത്തോളം കാലം മണിചേട്ടന്‍ ആരുടെയും ഓര്‍മ്മകളില്‍ നിന്ന് മായില്ലെന്ന് കാലം തെളിയിക്കും,’ എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top