Actress
മഞ്ജു വാര്യരും മീരാ ജാസ്മിനും ഭാവനയും നേർക്ക് നേർ; പ്രേക്ഷകർ ആർക്കൊപ്പം?, സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
മഞ്ജു വാര്യരും മീരാ ജാസ്മിനും ഭാവനയും നേർക്ക് നേർ; പ്രേക്ഷകർ ആർക്കൊപ്പം?, സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!
മലയാളികൾക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ഭാവനയും മീര ജാസ്മിനും. ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരങ്ങളായിരുന്നു മൂവരും. എന്നാൽ ഇടയ്ക്ക് വെച്ച് മൂന്ന് പേരും സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അതുപോലെ തന്നെയായിരുന്നു ഭാവനയും മീര ജാസ്മിനും. രണ്ട് പേരും ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ വലിയ സ്വീകരണമാണ് നൽകിയത്. ഇപ്പോൾ തങ്ങളുടെ സിനിമാ തിരക്കുകളിലാണ് താരങ്ങൾ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമൊക്കെയായി മൂന്നു പേരും തിരക്കുകളിലാണ്.
ഈ വേളയിൽ മലയാളത്തിൽ മൂന്ന് പേരുടെയും ചിത്രങ്ങൾ കൊമ്പുകോർക്കുവാൻ എത്തുകയാണ്. നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങളാണ് മൂന്നും. മഞ്ജു വാര്യരുടെ ഫൂട്ടേജും മീരാ ജാസ്മിന്റെ പാലും പഴവും ഭാവനയുടെ ഹണ്ടുമാണ് തിയേറ്ററിൽ എത്തുന്നത്. ഏത് ചിത്രമായിരിക്കും പ്രേക്ഷകർ സ്വീകരിക്കുക എന്നറിയാനുള്ള ടെൻഷനിലാകും താരങ്ങളെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
എന്നാൽ തങ്ങളുടെം പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളാകട്ടെയെന്നണ് ആരാധകർ പറയുന്നത്. നടന്മാരുടെ ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തിയിട്ടുണ്ട്. ഇവിടെ നമ്മുടെ കേരളത്തിൽ, മോളിവുഡിൽ നായികമാരുടെ ചിത്രങ്ങളും ഇത്തരത്തിൽ റിലീസിനെത്തുന്നു. ഇത് വേറെ എവിടെയാണ് സംഭവിക്കുകയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് മഞ്ജു വാര്യ്രുടെ ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. മലയാളത്തിൽ ഇതുവരെ കണ്ടുവരാത്ത പരീക്ഷണ ശൈലിയിലാണ് ചിത്രത്തിന്റെ അവതരണം. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനാണ് സൈജു ശ്രീധരൻ.
ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു. അനുരാഗ് കശ്യപ് ആണ് സിനിമ അവതരിപ്പിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമാണം.
മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴിൽ രജനീകാന്ത് ചിത്രം വേട്ടയാൻ, മിസ്റ്റർ എക്‌സ്, വിടുതലൈ പാർട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്.
മീരാ ജാസ്മിനും അശ്വിൻ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന വി കെ പ്രകാശ് ചിത്രമാണ് പാലും പഴവും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കോമഡി എന്റർടെയ്നറാണ് ഈ ചിത്രം. സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. കൊച്ചിയിലും, മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 2 ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠുമാണ് നിർമ്മിച്ചിരിക്കുന്നത്.
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹോറർ ത്രില്ലർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഭാവനയും രൺജി പണിക്കറുമാണ് പ്രധാന്യത്തിൽ എത്തുന്നത്.