മലയാളത്തിൽ പരാജയം, തമിഴിലസ്‍ കസറി മഞ്ജു വാര്യർ; വിടുതലൈ കളക്ഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നത്
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
മലയാളത്തിൽ താരം തെരഞ്ഞെടുത്ത പല സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തുടർച്ചയായി സ്ക്രിപ്റ്റ് സെലക്ഷനിൽ മഞ്ജുവിന് പിഴവ് പറ്റുന്നത് ആരാധകർക്കിടയിലും ചർച്ചയായി. ഇതിനിടെയാണ് തമിഴകത്ത് മഞ്ജുവിന് വലിയ പിന്തുണയാണ് ലഭിച്ചത്. മികച്ച സിനിമകൾ ഒന്നിന് പിറകെ ഒന്നായി തമിഴിൽ നിന്നും മഞ്ജുവിനെ തേടി വന്നു.
അസുരൻ, തുനിവ്, വേട്ടയാൻ, വിടുതലൈ 2 എന്നീ സിനിമകളിൽ നായികയായി മഞ്ജു എത്തി. മനപ്പൂർവം മലയാളത്തിൽ നിന്നും മാറി തമിഴിൽ സജീവമായതല്ലെന്നും സ്വാഭാവികമായി സംഭവിച്ചതാണിതെന്നും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. തമിഴകത്ത് മഞ്ജുവിന് എടുത്ത് പറയാൻ ബോക്സ് ഓഫീസ് നേട്ടങ്ങളുമുണ്ട്. വേട്ടയാൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും നടിയുടെ മറ്റ് സിനിമകൾ ഹിറ്റാണ്. ഒടുവിൽ പുറത്തിറങ്ങിയ വിടുതലൈ 2 വിന്റെ കലക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
63.20 കോടി രൂപയാണ് ചിത്രം ആഗോള തലത്തിൽ ആകെ നേടിയ കലക്ഷൻ. 53 കോടി രൂപ ഇന്ത്യയിൽ നിന്നും 10.20 കോടി വിദേശത്ത് നിന്നും. 35 കോടി രൂപയായിരുന്നു വിടുതലെെ 2 വിന്റെ ബഡജ്റ്റ്. സിനിമയുടെ ഒന്നാം ഭാഗത്തേക്കാൾ 19.5 ശതമാനം കൂടുതൽ കലക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഒന്നാം ഭാഗം ഏറെ പ്രശംസ നേടിയതിനാൽ രണ്ടാം ഭാഗം നൂറ് കോടി കലക്ഷൻ നേടുമെന്ന് സിനിമാ ലോകം കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല.
രണ്ടാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എങ്കിലും ചിത്രം സാമ്പത്തിക വിജയം നേടി. 160 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രമാണ് വേട്ടയാൻ. 251 കോടി രൂപയാണ് ചിത്രത്തിന് ആഗോള തലത്തിൽ നേടാനായത്. പ്രേക്ഷകർ ആവറേജെന്ന് വിധിയെഴുതിയ ചിത്രത്തിൽ മഞ്ജുവിന് വളരെ ചെറിയ റോളായിരുന്നു. മഞ്ജുവും അജിത്ത് കുമാറും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് തുനിവ്.
194.50 കോടി രൂപ കലക്ട് ചെയ്ത സിനിമ ഹിറ്റായിരുന്നു. 50 കോടി രൂപയാണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം അസുരൻ ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ നേടിയത്. സാറ്റ്ലൈറ്റ്, ഡിജിറ്റൽ മ്യൂസിക് റൈറ്റുകൾ നോക്കുമ്പോൾ ചിത്രം 100 കോടിക്കടുത്ത് റെവന്യൂ നേടിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മലയാളത്തിൽ അവസാനമിറങ്ങിയ മഞ്ജു വാര്യർ ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല.
ആയിഷ, വെള്ളരിപട്ടണം, ഫൂട്ടേജ് എന്നീ സിനിമകളെല്ലാം പരാജയപ്പെട്ടു. എമ്പുരാനാണ് മലയാളത്തിൽ മഞ്ജു വാര്യർ ആരാധകർ കാത്തിരിക്കുന്ന സിനിമ. താരത്തിന്റെ വാരനിരിക്കുന്ന സിനിമളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്.
എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇനി എമ്പുരാൻ, എന്നിങ്ങനെയുള്ള ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നടി. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
