Connect with us

പ്രണയത്തിനായി പകരം കൊടുത്ത കരിയർ, ഉൾവലിഞ്ഞു ജീവിച്ചു തീർത്ത പതിനാല് വർഷങ്ങളൊന്നുമല്ല എന്നെ അദ്ഭുതപെടുത്തിയത്; ജീവിതത്തോട് മഞ്ജു കാണിക്കുന്ന പ്രണയമാണ്.. വൈറലായി യുവാവിന്റെ കുറിപ്പ്!

Social Media

പ്രണയത്തിനായി പകരം കൊടുത്ത കരിയർ, ഉൾവലിഞ്ഞു ജീവിച്ചു തീർത്ത പതിനാല് വർഷങ്ങളൊന്നുമല്ല എന്നെ അദ്ഭുതപെടുത്തിയത്; ജീവിതത്തോട് മഞ്ജു കാണിക്കുന്ന പ്രണയമാണ്.. വൈറലായി യുവാവിന്റെ കുറിപ്പ്!

പ്രണയത്തിനായി പകരം കൊടുത്ത കരിയർ, ഉൾവലിഞ്ഞു ജീവിച്ചു തീർത്ത പതിനാല് വർഷങ്ങളൊന്നുമല്ല എന്നെ അദ്ഭുതപെടുത്തിയത്; ജീവിതത്തോട് മഞ്ജു കാണിക്കുന്ന പ്രണയമാണ്.. വൈറലായി യുവാവിന്റെ കുറിപ്പ്!

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരെ ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിയ്ക്കുന്നതല്ല. അഭിനയത്തിലായാലും നൃത്തത്തിലാണെങ്കിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ വ്യക്തിയാണ് മഞ്ജു. മഞ്ജുവിനെ കുറിച്ച് ജിനേഷ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

പ്രണയത്തിനായി പകരം കൊടുത്ത ആ കരിയറോ , ഉൾവലിഞ്ഞു ജീവിച്ചു തീർത്ത ആ പതിനാല് വർഷങ്ങളോ, ആശങ്കയോടെയും പേടിയോടെയും കടന്നു വന്ന രണ്ടാം വരവോ ഒന്നുമല്ല എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നതെന്നും കുറിപ്പിൽ പറയുന്നു

ജിനേഷിന്റെ കുറിപ്പ് വായിക്കാം:

അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ഉന്മാദത്തിന്റെ അങ്ങേ അറ്റത്തെ മോഡുലേഷനിൽ പറയുന്ന ഒരു ഡയലോഗുണ്ട് “നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തും നമ്മൾ ആഘോഷിക്കണം..നമ്മുടെ വിജയങ്ങൾ ആഘോഷിക്കുക, നമ്മുടെ പരാജയങ്ങൾ ആഘോഷിക്കുക..എന്തും ഏതും ആഘോഷിക്കുക”… ജീവിതത്തിൽ ഏറ്റവും കൊതി തോന്നിയിട്ടുള്ള ഒരവസ്ഥയാണത്

രാവിലത്തെ പിരീഡിൽ , 50ൽ 48 മാർക്ക് സ്കോർ ചെയ്ത ഇംഗ്ലിഷിന്റെ ഉത്തരപേപ്പർ കിട്ടുമ്പോഴും ഉള്ളിൽ പേടിയാണ്; ഉച്ചക്കുളള കണക്കിൽ എത്രയായിരിക്കും മാർക്കെന്നോർത്ത്. ക്രിസ്മസ് പരീക്ഷക്ക് നല്ല മാർക്ക് കിട്ടുമ്പോഴും ആഘോഷിക്കാൻ പേടിയാണ്; കൊല്ലപ്പരീക്ഷക്കെന്താകുമെന്നോർത്ത്. പത്തു കഴിഞ്ഞപ്പോൾ പന്ത്രണ്ടായി. അതു കഴിഞ്ഞപ്പോൾ ഡിഗ്രിയായി.അടുത്ത ‘വലിയ നിമിഷം’ ആഘോഷിക്കാനായി ഇന്നിന്റെ മാത്രകളോരോന്നും മാറ്റിവെച്ചു.

പ്രണയിച്ചു നടന്ന ദിനങ്ങൾ ആഘോഷിക്കാതെ വിവാഹദിനത്തിലേക്ക് അത് മാറ്റിവച്ചു. ഒരു നല്ല ഷർട്ട് കാണുമ്പോൾ അടുത്ത ശമ്പളദിനത്തിലേക്കും, ഒരു യാത്രാമാഗസിനിലെ ഫോട്ടോ കാണുമ്പോൾ അവിടേക്കുള്ള യാത്ര നാലു വർഷം കൂടുമ്പോഴുള്ള എൽ.എഫ്.സി.യിലേക്കും മാറ്റിവെച്ചു. വിൻഡ് ചെയിംസ് കാണുമ്പോഴും,വാൾപെയിന്റിങ് കാണുമ്പോഴും അത് വാങ്ങിക്കാനുള്ള അവളുടെ ആഗ്രഹത്തെ,സ്വന്തമായി വാങ്ങുന്ന ഫ്ലാറ്റിലേക്കാകാമെന്ന ‘കരുതലി’ലേക്ക് ഞാൻ മാറ്റി വെച്ചു. ആഘോഷങ്ങൾ പതുക്കെ ഇല്ലാതെയേ ആയി

മഞ്ജുവാരിയർ എനിക്കൊരൽഭുതമാകുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. മൂന്നുവർഷത്തെ കരിയറിന്റെ ആദ്യ ഇന്നിങ്സോ, തിലകനെ വരെ ഞെട്ടിച്ചു കളഞ്ഞ അവരുടെ പെർഫോമൻസിന്റെ റേഞ്ചോ, അവർ ആ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ഫാൻ ബേസോ, പ്രണയത്തിനായി പകരം കൊടുത്ത ആ കരിയറോ , ഉൾവലിഞ്ഞു ജീവിച്ചു തീർത്ത ആ പതിനാല് വർഷങ്ങളോ, ആശങ്കയോടെയും പേടിയോടെയും കടന്നു വന്ന രണ്ടാം വരവോ ഒന്നുമല്ല എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത്.

അത് ജീവിതത്തോട് അവർ കാണിക്കുന്ന പ്രണയമാണ്. നോക്കൂ, എന്ത് മനോഹരമായാണ് അവർ ചിരിക്കുന്നത് ?! എന്ത് മനോഹരമായാണ് അവർ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലൂടെയും കടന്നു പോകുന്നത് ?! അഭിനയമായിരിക്കും എന്ന് നിങ്ങൾക്ക് പരിഹസിക്കാം. പക്ഷേ കണ്ണിൽ തെളിയുന്ന ചിരിയുടെ പിന്നിലെ സന്തോഷം അതിനുമപ്പുറമാണ്.

സന്തോഷത്തോടുള്ള പ്രണയം കാരണം ഇത്ര മേൽ അവഹേളിക്കപ്പെട്ട സെലിബ്രിറ്റികൾ സിനിമാ മേഖലയിലെങ്കിലും കുറവായിരിക്കും. അവരെ കുറിച്ചുള്ള ഓരോ ഓൺലൈൻ ന്യൂസ് ബൈറ്റിന്റെ താഴെയും വന്ന് പണ്ടുകാലത്തെ കഥകൾ മുതൽ അവർ പ്രഫഷനൽ ജീവിതത്തിൽ ഇട പഴകുന്ന ഓരോ പുരുഷനെയും ചേർത്തുണ്ടാക്കുന്ന വിസർജ്യം വരെ ഛർദ്ദിക്കുന്നവർ എത്രയെത്ര?!ഓരോ റോളും അതിലെ ഓരോ മാത്രയും വ്യക്തിജീവിതത്തിലെ ഓരോ തീരുമാനവും വരെ ഇത്ര മേൽ സോഷ്യൽ മീഡിയയാൽ ഓഡിറ്റ് ചെയ്യപ്പെട്ട മറ്റേത് സ്ത്രീയുണ്ട് ?! പക്ഷേ അവയെയൊക്കെയും ആ നാൽപതുകാരി ഒരു പുഞ്ചിരിയോടെ നേരിടുന്നത് കാണുന്നത് ഒരനുഭൂതി തന്നെയാണ്.

വ്യക്തിജീവിതത്തിൽ അവരെന്താണെന്നെനിക്കറിയില്ല. ശരികളാണോ, തെറ്റുകളാണോ കൂടുതലെന്നുമറിയില്ല. പക്ഷേ ഒന്നറിയാം. ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ അവർ പങ്കുവെക്കുന്ന ഓരോ ഫോട്ടായിലും, വിഡിയോയിലും തെളിയുന്ന, ജീവിതത്തോടും സന്തോഷത്തോടും അവർ പുലർത്തുന്ന ഭ്രാന്തമായ പ്രണയം കൊതിയോടെയല്ലാതെ നോക്കിക്കാണാൻ പറ്റുന്നില്ല.

പ്രിയപ്പെട്ട മഞ്ജുവാരിയർ, നിങ്ങളോളം ജീവിതത്തെയും, സന്തോഷങ്ങളെയും ഇത്രമേലാഴത്തിൽ പ്രണയിക്കാൻ പ്രേരിപ്പിച്ച മറ്റൊരാളില്ല..

Manju warrier

More in Social Media

Trending

Recent

To Top