Articles
കലാഭവൻ മണിയും വിക്രമും തമ്മിലുള്ള ചില സാമ്യതകൾ
കലാഭവൻ മണിയും വിക്രമും തമ്മിലുള്ള ചില സാമ്യതകൾ
കലാഭവൻ മണിയും തമിഴ് താരം വിക്രമും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. മറ്റു താരങ്ങളെ അപേക്ഷിച്ച് പൊതുജനങ്ങൾക്കിടയിൽ രണ്ടു പേരും ഏറെ സ്വീകാര്യതയുള്ളവരാണ്. അതു കൊണ്ടു തന്നെ മണിയും വിക്രമും തമ്മിൽ ചില സാമ്യതകൾ ഉണ്ട്.
പ്രേക്ഷകർക്ക് മണിയും വിക്രമും ഇഷ്ട താരങ്ങളാകുന്നത് അവരുടെ പെരുമാറ്റത്തേയും കൂടി അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴും ഇരുവരും സാധാരണ ജനങ്ങളോട് സ്നേഹത്തോടു കൂടിയും ബഹുമാനത്തോടുകൂടിയുമാണ് പെരുമാറിയത്. പാട്ടു പാടാൻ സ്റ്റേജിൽ കയറുന്ന മണി പ്രേക്ഷകരെ കയ്യിലെടുക്കുന്നത് പാട്ടുകൊണ്ടു മാത്രമല്ല വേദിയിൽ നിന്ന് ഇറങ്ങിച്ചെന്ന് ആസ്വാദകർക്കൊപ്പമുള്ള ഇടപഴകൽ കൊണ്ടു കൂടിയാണ്. താഴെ തട്ടിൽ നിന്നും ഏറ്റവും ഉയരത്തിൽ എത്തിയപ്പോഴും മണി പഴയതൊന്നും മറന്നു പോയിരുന്നില്ല. ചാലക്കുടിക്കാർക്ക് മണി അന്നും ഇന്നും ആ പഴയ ചാലക്കുടിക്കാരൻ തന്നെയായി തോന്നുന്നതും, മണിയുടെ വിയോഗം സ്വന്തം വീട്ടുകാരന്റെയെന്നു തോന്നുന്നതും അതുകൊണ്ടു തന്നെയാണ്.
ഈയടുത്ത് ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ വിക്രമിനെ കെട്ടിപ്പിടിക്കാനെത്തിയ ചെറുപ്പക്കാരനെ സെക്യുരിറ്റിയും മറ്റു താരങ്ങളും വിലക്കിയപ്പോൾ അതിനെയെല്ലാം അവഗണിച്ച് വിക്രം ആ ചെറുപ്പക്കാരനൊപ്പം നിന്ന് സെൽഫി എടുത്തതും ഉമ്മ വച്ചതും വാർത്തയായിരുന്നു. തങ്ങൾ ആരെക്കാളുമുയർന്നവരല്ല എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുന്നവരാണ് ഇരുവരും.ഒരു കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ ഇരുവരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ശ്രമവും എടുത്തു പറയേണ്ടതാണ്.ഐ, പിതാമഹൻ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി മറ്റൊരു താരവും തയ്യാറാകാത്ത വേഷത്തിൽ വിക്രം അഭിനയിച്ചു. കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പൂർണ്ണതക്കു വേണ്ടി മെയ്യും മനസ്സും മറന്ന് അഭിനയിച്ച താരമാണ് മണി.
ജീവിതത്തോട് ഇവർ കാണിക്കുന്ന ആത്മാർഥതയും എളിമയുമാണ് പ്രേക്ഷകരുടെ മനസ്സിൽ ഇവർക്ക് വലിയ സ്ഥാനം നേടിക്കൊടുത്തത്.