Malayalam Movie Reviews
ഇത് നന്മയുള്ള കുടുംബചിത്രം !! മംഗല്യം തന്തുനാനേന റിവ്യൂ വായിക്കാം
ഇത് നന്മയുള്ള കുടുംബചിത്രം !! മംഗല്യം തന്തുനാനേന റിവ്യൂ വായിക്കാം
ഇത് നന്മയുള്ള കുടുംബചിത്രം !! മംഗല്യം തന്തുനാനേന റിവ്യൂ വായിക്കാം
അനിയത്തിപ്രാവിലൂടെ ചോക്ലേറ്റ് നായകനായി നമ്മുടെ മനസ്സിൽ കുടിയേറിയ താരമാണ് കുഞ്ചാക്കോ ബോബൻ. ആദ്യ കാലഘട്ടങ്ങളിൽ ഒരുപാട് സിനിമകളിൽ പ്രണയ നായകനായി തിളങ്ങിയ ചാക്കോച്ചൻ രണ്ടാം വരവിൽ പക്ഷെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധയാണ് കൊടുത്തിരുന്നത്. അത് കൊണ്ട് തന്നെ പൈങ്കിളി കഥാപാത്രങ്ങൾ ഒന്നും തന്നെ ചാക്കോച്ചൻ ചെയ്‌തിരുന്നുമില്ല. ഫലിതം പയറ്റിയും, നല്ല കഥകൾ തിരഞ്ഞെടുത്തും പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ച കുഞ്ചാക്കോ ബോബൻ ആരാധികമാർക്ക് പുറമെ ഒരുപാട് ആരാധകരെയും ഇപ്പോൾ നേടിയിട്ടുണ്ട്.
കുട്ടനാടൻ മാർപ്പാപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം കൂടി ഇന്ന് തിയ്യേറ്ററിലേക്ക് എത്തുകയാണ്. ‘മംഗല്യം തന്തുനാനേന’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ സൗമ്യ സദാനന്ദനാണ്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
നമ്മുടെ നാട്ടിലെ യുവതീ യുവാക്കളെല്ലാം തന്നെ ഒരുപാട് പ്രതീക്ഷകളോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാറുള്ളത്. പ്രതീക്ഷകളുടെ ഭാരം ഉള്ളത് കൊണ്ട് തന്നെ പലർക്കും ജീവിതം സന്തോഷത്തോടെ കൊണ്ട് പോകാൻ കഴിയാറില്ല. ഒരു നവദമ്പതികളുടെ ജീവിതത്തിലെ സ്വപ്‌നങ്ങളും, പ്രതീക്ഷകളും, പ്രണയവും പ്രശ്നങ്ങളുമെല്ലാം മികച്ച രീതിയിൽ ഫലിതത്തിന്റെ മേമ്പൊടി ചേർത്ത് കോർത്തിണക്കിയ ഒരു നല്ല ഫാമിലി എന്റെർറ്റൈനർ തന്നെയാണ് ‘മംഗല്യം തന്തുനാനേന’ എന്ന ചിത്രം.
കുഞ്ചാക്കോ ബോബന്റെ റോയ് എന്ന കഥാപാത്രവും നിമിഷ സജയൻ അവതരിപ്പിക്കുന്ന ക്ലാര എന്ന കഥാപാത്രവും വിവാഹം കഴിക്കുന്നു. തുടർന്നുണ്ടാകുന്ന ചെറിയ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയായി അവരുടെ ജീവിതം മുന്നോട്ട് പോകുകയാണ്. ദുബായിൽ ആയിരുന്ന റോയിയുടെ ജോലി നഷ്ടപ്പെടുന്നതും, വലിയ സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെട്ട റോയിയുടെ ഉത്തരവാദിത്വമില്ലായ്മ ഇവർക്കിടയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചിത്രം പറയുന്നു. പിന്നീട് ഈ പ്രശ്‌നത്തെ എങ്ങനെ റോയ് അതിജീവിക്കുന്നു ?! അതാണ് സിനിമയുടെ ഇതിവൃത്തം.
കുഞ്ചാക്കോ ബോബൻ തനിക്ക് കിട്ടിയ വേഷം വളരെ മികച്ചതാക്കി മാറ്റിയിട്ടുണ്ട്. ചാക്കോച്ചന്റെ കോമഡി ടൈമിംഗ് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. നിമിഷ സജയനും തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനുമായുള്ള നിമിഷയുടെ കെമിസ്ട്രിയും മികച്ചതാണ്. ഹരീഷ്, ശാന്തി കൃഷ്ണ, വിജയരാഘവൻ, അലന്സിയർ, ലിയോണ, സലീം കുമാർ എന്നിവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി.
ഒരു നവാഗത സംവിധായിക ആയിരുന്നിട്ട് പോലും അതിന്റെ കുറവുകൾ ഒന്നും തന്നെ സൗമ്യയുടെ ഈ ചിത്രത്തിൽ നമുക്ക് കണ്ടെത്താൻ സാധിക്കില്ല. ഡോക്യൂമെന്ററി സംവിധായികയായി നാഷണൽ അവാർഡ് വരെ കരസ്ഥമാക്കിയ സൗമ്യ അതിനോട് നീതി പുലർത്തുന്ന സംവിധാന മികവ് തന്നെ കാഴ്ച വെച്ചിട്ടുണ്ട്. ടോണി മഠത്തിലിന്റെ സംഭാഷണങ്ങളും അരവിന്ദ് കൃഷ്ണ പകർത്തിയ ദൃശ്യങ്ങളും ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്.
ദൃശ്യങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതവും, നല്ല പാട്ടുകളും ചിത്രത്തിലുണ്ട്. ഹരീഷിന്റെ ഷംസു എന്ന കഥാപാത്രവും, കുഞ്ചാക്കോ ബോബന്റെ റോയ് എന്ന കഥാപാത്രവും ഒന്നിക്കുന്ന സീനുകളൊക്കെ തിയ്യേറ്ററിൽ പൊട്ടിച്ചിരി സൃഷ്ടിക്കുന്നുണ്ട്.
ഓം ശാന്തി ഓശാന, അമർ അക്ബർ ആന്റണി , കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു പഴയ ബോംബ് കഥ എന്നീ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളായ യു.ജി.എം മലയാളികൾക്കായി മറ്റൊരു ഹിറ്റ് ചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് മംഗല്യം തന്തുനാനേന.
Mangalyam Thanthunanena Movie Review
