Actress
ഈ അസുഖം എന്നെ ഇടയ്ക്ക് ശല്യം ചെയ്ത് കൊണ്ടേയിരിക്കും, പോരാട്ടം അവസാനിക്കുന്നില്ല, അതിന് ഒരു അവസാനം ഇല്ല; മംമ്ത മോഹന്‍ദാസ്
ഈ അസുഖം എന്നെ ഇടയ്ക്ക് ശല്യം ചെയ്ത് കൊണ്ടേയിരിക്കും, പോരാട്ടം അവസാനിക്കുന്നില്ല, അതിന് ഒരു അവസാനം ഇല്ല; മംമ്ത മോഹന്‍ദാസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.
കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.
ഇപ്പോഴിതാ തന്റെ കാന്‍സര്‍ രോഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. താനിപ്പോഴും പൂര്‍ണമായും രോഗമുക്തി നേടിയിട്ടില്ലെന്നും പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും മംമ്ത പറയുന്നു. എനിക്ക് റിഫ്രാക്ടറി കണ്ടീഷന്‍ ആയിരുന്നു. ഈ കണ്ടീഷനില്‍ അസുഖം രണ്ട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ വീണ്ടും വരും. ചിലപ്പോള്‍ കൈയിലായിരിക്കും അല്ലെങ്കില്‍ കാലില്‍ വരും. റെഡ് ഫ്‌ലാഗ്‌സ് വന്ന് കൊണ്ടേയിരിക്കും.
ഈ അസുഖം എന്നെ ഇടയ്ക്ക് ശല്യം ചെയ്യുമെന്ന കാര്യം ഞാന്‍ കുറച്ച് വര്‍ഷം മുന്നേ ഞാന്‍ മനസിലാക്കി. പോരാട്ടം അവസാനിക്കുന്നില്ല. അതിന് ഒരു അവസാനം ഇല്ല. ഇതിന് അവസാനം കാത്തിരുന്നാല്‍ നിരാശരാകും. ഈ പോരാട്ടത്തിന് ഒരു അവസാനം വരുമെന്ന് കരുതി പൊരുതുന്ന ചിന്താഗതി മാറ്റിയപ്പോള്‍ ജീവിതം എളുപ്പമായെന്നും മംമ്ത പറയുന്നു. ഒരുപക്ഷെ ജീവിത കാലം മുഴുവന്‍ പോരാടിക്കൊണ്ടിരിക്കണം. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ വന്ന് കൊണ്ടിരിക്കും. ആ മൈന്‍ഡ് സെറ്റ് ഞാന്‍ എന്ന് ഉള്‍ക്കൊണ്ടോഅന്ന് മുതല്‍ ജീവിതം വളരെ എളുപ്പമായെന്നും മംമ്ത വ്യക്തമാക്കി.
തന്റെ അസുഖം കാരണം മറ്റുള്ളവരേക്കാള്‍ ചില പരിമിതികള്‍ തനിക്കുണ്ടെന്നും മംമ്ത പറയുന്നു. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവരോടും മാതാപിതാക്കളോടുമെല്ലാം ഞാന്‍ പറയാറ് കുറച്ച് കൂടി ക്ഷമ എന്റെ കാര്യത്തില്‍ കാണിക്കാനാണ്. കാരണം നിങ്ങള്‍ പത്തിരട്ടി വേഗത്തില്‍ ചെയ്യുന്ന കാര്യം ഒരുപക്ഷെ എനിക്ക് അഞ്ചിരട്ടി വേഗത്തിലേ പറ്റൂ. കാരണം ഇന്ന് ആരോഗ്യപ്രശ്‌നം കാരണം ഞാന്‍ സ്ലോയാണ്. ഒരുപക്ഷെ ഈ ഒരു വര്‍ഷം ഞാന്‍ സ്ലോയായിരിക്കും.
എന്റെ കുടുംബത്തിലെ അത്താണി ഞാനാണ്. അച്ഛന്‍ അഞ്ച് വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്തു. അച്ഛന്‍ ബാങ്കറും അമ്മ ടീച്ചറുമായിരുന്നു. അമ്മയിപ്പോള്‍ എന്റെ മാനേജരാണ്. നമ്മളൊരു ടീമാണ്. മൂന്നംഗ കുടുംബം. ഒരു പ്രായത്തിനപ്പുറം അവരെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അവര്‍ എന്റെ കുട്ടികളെ പോലെയാണ്. എന്റെ ചുറ്റുമുള്ളവര്‍ എന്നെ മനസിലാക്കിയാല്‍ മുഴുവന്‍ കഴിവിലും എനിക്ക് വര്‍ക്ക് ചെയ്യാം. തന്നെ ഡ്രെയ്ന്‍ ഔട്ട് ചെയ്താല്‍ ഒരുപാട് പേരെ അത് ബാധിക്കുമെന്നും മംമ്ത വ്യക്തമാക്കി.
സിനിമാ രംഗത്ത് ഒന്നാം നമ്പറോ രണ്ടാം നമ്പറോ ആവുകയല്ല ഇന്ന് എന്റെ ലക്ഷ്യം. സ്‌റ്റേബിളായ കരിയര്‍ വേണം. കാരണം അതാണ് എന്റെ ജീവിതവും എന്റെ കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റൂ. കാന്‍സര്‍ ബാധിച്ച് മരിക്കുമെന്ന് താനൊരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നും മംമ്ത വ്യക്തമാക്കി. മംമ്തയുടെ ആത്മധൈര്യത്തെ അഭിമുഖത്തില്‍ ഒപ്പം പങ്കെടുത്ത അഭിരാമി പ്രശംസിച്ചു.
മംമ്ത എന്നോട് ഇതേക്കുറിച്ച് സംസാരിച്ചതാണ്. ഒരു ഘട്ടമെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ചിരിക്കാന്‍ തുടങ്ങി. ഒരാള്‍ക്ക് എത്രത്തോളം താങ്ങാന്‍ കഴിയും. അത് കഴിഞ്ഞാല്‍ അവര്‍ പ്രശ്‌നങ്ങളില്‍ ഹ്യൂമര്‍ കാണും. അങ്ങനെ ചെയ്താലേ മൂന്നോട്ട് പോകാന്‍ സാധിക്കൂ. മംമ്ത വളരെ മനോഹരമായി അത് ചെയ്‌തെന്നും അഭിരാമി പറഞ്ഞു. നടിയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.