Movies
4K ഫോർമാറ്റിൽ അറയ്ക്കൽ മാധവനുണ്ണി വീണ്ടും; ആവേശം കൊള്ളിച്ച് ട്രെയിലർ
4K ഫോർമാറ്റിൽ അറയ്ക്കൽ മാധവനുണ്ണി വീണ്ടും; ആവേശം കൊള്ളിച്ച് ട്രെയിലർ
അറയ്ക്കൽ മാധവനുണ്ണിയായി മമ്മൂട്ടി നിറഞ്ഞാടിയ വല്യേട്ടൻ 4K ഫോർമാറ്റിൽ തിയേറ്ററുകളിലേയ്ക്ക്. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നു നിർമ്മിച്ച ചിത്രം നവംബർ 29നാണ് റിലീസിനെത്തുന്നത്. ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു.
ഇതിൽ പൗരുഷത്ത്വത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലുള്ള മാധവനുണ്ണിയുടെ മികച്ച പ്രകടനങ്ങൾ ഏവരേയും ആവേശം കൊള്ളിക്കാൻ പോന്നതായിരിക്കും. മാധവനുണ്ണിയെത്തേടിയെത്തുന്ന ഒരു സ്ത്രീയിലൂടെ തുടങ്ങുന്ന ട്രെയിലർ, പിന്നെക്കാണുന്നത് പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ ബെൻസു കാറിൽ വന്നിറങ്ങുന്ന മാധവനുണ്ണിയിലൂടെയാണ്.
പൊലീസ് സ്റ്റേഷനിൽ പാറാവുകാരനോട് കയർക്കുന്ന മാധവനുണ്ണി അത്രമാത്രം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. ഇത്തരം നിരവധി ജീവിത ഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ഉരിത്തിരിയുന്ന വല്യേട്ടൻ വീണ്ടും എത്തുമ്പോൾ അത് മലയാള സിനിമയുടെ വസന്തകാലത്തിൻ്റെ ഓർമ്മ പുതുക്കൽ കൂടിയായിരിക്കും.
മാധവനുണ്ണിയെ മമ്മൂട്ടി ഭദ്രമാക്കുമ്പോൾ നായികയായി എത്തുന്നത് ശോഭനയാണ്. മനോജ്. കെ. ജയൻ, സായ് കുമാർ, സിദ്ദിഖ്, വിജയകുമാർ, കലാഭവൻ മണി, എൻ.എഫ് വർഗീസ്, സുധീഷ് , പൂർണ്ണിമ ഇന്ദ്രജിത്ത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം. രവി വർമ്മൻ, എ ഡിറ്റിംഗ് -എൽ. ഭൂമിനാഥൻ.
നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ.2000-ത്തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടൻ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.