Connect with us

പേരൻപ് മുതൽ മാമാങ്കം വരെ..മമ്മൂട്ടി വിശ്വരൂപം പുറത്തെത്തെടുത്ത 2019!

Malayalam

പേരൻപ് മുതൽ മാമാങ്കം വരെ..മമ്മൂട്ടി വിശ്വരൂപം പുറത്തെത്തെടുത്ത 2019!

പേരൻപ് മുതൽ മാമാങ്കം വരെ..മമ്മൂട്ടി വിശ്വരൂപം പുറത്തെത്തെടുത്ത 2019!

മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് ഏറെ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് 2019. തുടക്കം തന്നെ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് മമ്മൂക്ക പെരൻപ് എന്ന ചിത്രം നമുക്ക് സമ്മാനിച്ചു. മലയാളികള്‍ മാത്രമല്ല മമ്മൂട്ടിയെ ഇഷ്ടമുള്ള എല്ലാവരും കാണാന്‍ കൊതിച്ച മമ്മൂട്ടിയെയായിരുന്നു റാം നമുക്കായി അതില്‍ ഒരുക്കിയത്. പത്തേമാരിയും വര്‍ഷവും മുന്നറിയിപ്പും മാറ്റി നിര്‍ത്തിയാല്‍ മമ്മൂട്ടിയെന്ന വിസ്മയത്തെ ഉപയോഗപ്പെടുത്തിയ സിനിമകള്‍ അടുത്തിടെയൊന്നും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. അത്രമേല്‍ ഹൃദയം കവരുന്ന അമുദവനെ കണ്ണീരോടെയല്ലാതെ രണ്ടുതീര്‍ക്കാനാകില്ലായിരുന്നു. ഭാഷ എന്ന അതിര്‍വരമ്പുകളെ ഭേദിച്ച് ജന മനസ്സുകളില്‍ ഇടംനേടിയ ഒരു ചിത്രം.

അടുത്തത് ഒരു സംസ്ഥാനത്തിന്റെ വിധി എഴുത്തില്‍ തന്നെ കാര്യമായ സ്വാധീനമുണ്ടാക്കിയ ചിത്രം ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമായിരുന്നു അമുദവനെങ്കില്‍ അതില്‍ നിന്നും തീര്‍ത്തും വിപരീതമായിരുന്നു അദ്ദേഹത്തിന്റെ ആന്ധ്രയുടെ വൈ എസ് ആര്‍ ആയുള്ള ആ പകര്‍ന്നാട്ടം. മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയായപ്പോള്‍ അവര്‍ സ്‌ക്രീനില്‍ കണ്ടത് തങ്ങളുടെ രാജണ്ണയെ ആയിരുന്നു. ആന്ധ്ര ഹൃദയത്തിലേക്ക് മമ്മൂട്ടിയുടെ യാത്ര എളുപ്പമാക്കുന്നതായിരുന്നു ആ പെര്‍ഫോമന്‍സ്. അങ്ങനെ തന്റെ അഭിനയജീവിതത്തിന്റെ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത തലങ്ങള്‍ കയ്യെത്തിപ്പിടിക്കുകയായിരുന്നു യാത്രയിലൂടെ മമ്മൂട്ടി. മാഹി വി രാഘവ് മമ്മൂട്ടിയെ കണ്ടാണ് ഈ സിനിമ തുടങ്ങിയതും. പേരന്‍പിന്റെ സംവിധായകന്‍ റാമും പറഞ്ഞത് ഇതുതന്നെ. മമ്മൂട്ടിയില്ലെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്ന്.

തമിഴും തെലുങ്കും കടന്നാണ് ഈ വര്‍ഷം മമ്മൂട്ടി മലയാളത്തിലേക്കെത്തിയത്. അതും മധുരരാജയെന്ന മാസ് മസാല മൂവിയുമായി. അമുദവന്റെയോ വൈ എസ് ആറിന്റെയോ ഒരു അംശം പോലുമില്ലാതെ രാജയെന്ന പോക്കിരി തിയേറ്റര്‍ ഭരിച്ച വര്‍ഷം കൂടിയാണിത്. ബോക്‌സോഫീസിനെ വിറപ്പിച്ച മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രവുമായി. വൈശാഖ് ആയിരുന്നു സംവിധാനം.

സ്വാഭാവിക നര്‍മ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ, ഉദ്യോഗം നിറച്ച ഉണ്ടയും ഈ വര്‍ഷം മമ്മൂട്ടിയെന്ന നടനെ സംതൃപ്തപ്പെടുത്തുന്ന പടം തന്നെയാണ്. ചമയങ്ങളില്ലാത്ത, താരപ്പകിട്ടുകളില്ലാത്ത, മാസ് ഡയലോഗുകളില്ലാത്ത, ഒരു പൊലീസ് ഓഫീസറായി മമ്മൂട്ടിയെ കാണാന്‍ കഴിയുമെന്ന് ആരും കരുതിയതല്ല. പക്ഷേ, ഇങ്ങനെയൊക്കെയായിരുന്നു മമ്മൂട്ടിയുടെ എസ് ഐ മണി. എസ് ഐയുടെ ധര്‍മ്മസങ്കടവും ആത്മരോഷവും നിസ്സഹായതയും ഭയവും അതിന്റെ പിന്നാലെ ചെയ്യുന്ന
അബദ്ധങ്ങളുമൊക്കെ വളരെ അനായാസേനയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വന്ന പതിനെട്ടാം പടി ആയാലും ഗാനഗന്ധര്‍വ്വന്‍ ആയാലും മമ്മൂട്ടിയെന്ന നടന്റെ ഹിറ്റ് ചിത്രങ്ങളില്‍ തന്നെ ഇടം പിടിച്ചവയാണ്. കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചിറങ്ങിയ ഗാനഗന്ധര്‍വ്വന്‍ ഏറെ പ്രശംസയും പിടിച്ച് പറ്റിയിരുന്നു. കോമണ്‍ ആയ ഒരു വിഷയത്തെ വളരെ വ്യത്യസ്തമായ രീതിയിലാണ് രമേഷ് പിഷാരടി അവതരിപ്പിച്ചത്.

പിന്നാലെ റിലീസ് ആയത് മാമാങ്കമെന്ന ചരിത്ര സിനിമ. ചാവേറുകളുടെ ചോര വീണു ചുവന്ന മാമാങ്കഭൂമിയിലെ ചരിത്ര കഥയാണ് എം പത്മകുമാര്‍ പറഞ്ഞത്. ചന്ദ്രോത്ത് വലിയ പണിക്കരായി മമ്മൂട്ടി മറ്റൊരു ഇതിഹാസ കഥാപാത്രത്തെക്കൂടി സൃഷ്ടിച്ചു. അതിലുപരി കുറുപ്പ് എന്ന സ്‌ത്രൈണകഥാപാത്രമായും പകരംവയ്ക്കാനാകാത്ത അഭിനയം. മമ്മൂട്ടിയെന്ന മഹാനടന്‍ 8 വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഈ ഒരു വര്‍ഷം കൊണ്ട് തിരശീലയ്ക്ക് മുന്നില്‍ പകര്‍ന്നാടിയിരിക്കുന്നത്. ഒരു മഹാനടനെ കൊണ്ട് മാത്രം സാധിക്കുന്നത്.

mammootty movies in 2019

More in Malayalam

Trending

Recent

To Top