Actor
മെഗാസ്റ്റാറിനെ കാണാനെത്തി ഓസ്‌ട്രേലിയൻ മന്ത്രി
മെഗാസ്റ്റാറിനെ കാണാനെത്തി ഓസ്‌ട്രേലിയൻ മന്ത്രി
മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ്. ഓസ്ട്രേലിയൻ സന്ദർശനത്തിന് ക്ഷണിച്ചുള്ള സർക്കാരിന്റെ ഔദ്യോഗിക കത്തും ജിൻസൺ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ജിൻസൺ.
മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂർവം സ്വീകരിച്ചു. ജീവകാരുണ്യപ്രവർത്തനത്തിലെ തന്റെ ആദ്യ മാർഗദർശി കൂടിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു ജിൻസൺ. ശേഷം ഓസ്‌ട്രേലിയയിലും കെയർ ആൻഡ് ഷെയറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മഹേഷ് നാരായണൻ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഓസ്‌ട്രേലിയയിൽ മന്ത്രിയായ ശേഷം ആദ്യമായി ആണ് ജിൻസൺ നാട്ടിലെത്തുന്നത്. ഡൽഹിയിലും തിരുവനന്തപുരത്തും ഔദ്യോഗിക കൂടിക്കാഴ്ചകളും നാട്ടിലെ സ്വീകരണച്ചടങ്ങുകളും ഉണ്ടായിരുന്നു. ശേഷം മടക്കയാത്രയ്ക്കിടെയാണ് കൊച്ചിയിൽ മമ്മൂട്ടിയെ കാണാനെത്തിയത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം ഗംഭീര അഭിപ്രായം നേടിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോൻ ആണ് ‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ്’ സംവിധാനം ചെയ്തിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളിൽ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് ചിത്രം എത്തിയത്.
