മമ്മൂക്ക എന്നെപ്പോലെ തന്നെ അഭിനയിക്കാൻ വന്ന ആളാണ്, അത്രയേ മൈൻഡ് ചെയ്തുള്ളൂ; ഇത്രയും വലിയ ആളാവുമായിരുന്നെങ്കിൽ അന്ന് നല്ല പോലെ മൈൻഡ് ചെയ്തേനെയെന്നും പോളി വൽസൻ !
മലയാളികൾക്ക് ഏറെ സുപരിച്ചതായ നടിയാണ് വൽസൻ. നാടകത്തിലൂടെ കടന്ന് വന്ന പോളി വൽസൻ ചെയ്ത സിനിമകൾ കുറവാണെങ്കിലും ചെയ്ത വേഷങ്ങളിൽ മിക്കതും ശ്രദ്ധിക്കപ്പെട്ടു. അപ്പൻ ആണ് പോളിയുടെ ഏറ്റവും പുതിയ സിനിമ.
അലൻസിയർ, അനന്യ, സണ്ണി വെയ്ൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ, നാടക വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.
നാടകങ്ങളിൽ ഏറെക്കാലം അഭിനയിച്ച പോളി എന്ത് കൊണ്ടാണ് സിനിമയിലേക്ക് വരാൻ വൈകിയതെന്നതിനെ പറ്റി സംസാരിച്ചു. എനിക്ക് വേണ്ടി നാടകങ്ങൾ എഴുതിയിരുന്നു. നാടകം മാത്രം മതിയായിരുന്നു എനിക്ക്. സിനിമയെ പറ്റി ചിന്തിച്ചിരുന്നില്ല. ഒരിക്കലും നമുക്ക് വന്നെത്താൻ പറ്റിയ സ്ഥലം അല്ല എന്ന് തന്നെ തീരുമാനിച്ചു. കാരണം കൂടെ ആരുമില്ല, വിദ്യാഭ്യാസമില്ല. അവർ ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞാൽ നമുക്ക് മനസ്സിലായില്ലെങ്കിലോ.
പിന്നെ ദൈവം തന്ന ഒരു സമയം വന്നതാണ്. രാജൻ പി ദേവിന്റെ നാടകം കണ്ടിട്ട് എപ്പോഴാ ഇങ്ങോട്ട് വരുന്നതെന്ന് ചോദിച്ചു. അവിടെ ഒന്ന് ഒതുങ്ങട്ടെ അപ്പോൾ വരാം എന്ന് ഞാൻ പറഞ്ഞു. വെറുതെ പറഞ്ഞതാ. പക്ഷെ സത്യത്തിൽ ഞാൻ വന്നത് ആ ടൈമിലാണ്. ആരുമില്ല. എല്ലാവരും പോയി. ഒരുപാട് പ്രയാസങ്ങൾ ഉള്ള സമയത്താണ് അപ്പനിൽ അഭിനയിക്കുന്നത്. എന്റെ ഭർത്താവ് മരിച്ച സമയം ആയിരുന്നു. മൂന്ന് മാസത്തോളം വീട്ടിൽ നിന്ന് പുറത്തോട്ട് ഇറങ്ങിയില്ല.’
അമ്പത് കൊല്ലത്തെ ബന്ധമാണ് പോയത്. ഒരു പ്രാവശ്യം പോലും എടീയെന്ന് വിളിച്ചിട്ടില്ല. അത്ര സ്നേഹം ആയിരുന്നു എന്നോട്. ഞാനേ പിണങ്ങാറുള്ളൂ. അതിന് മുമ്പേ ഈ സിനിമ പറഞ്ഞ് വെച്ചതായിരുന്നു. എന്റെ കാലിന് നീര് വന്ന് പൊട്ടിയിരുന്നു. വല്ലാത്തൊരു അവസ്ഥയിലാണ് ഷൂട്ടിന് എത്തിയത്. പക്ഷെ അഭിനയിക്കാൻ എല്ലാ സഹകരണവും ഉണ്ടായെന്നും പോളി പറഞ്ഞു. ‘പുതിയ പിള്ളേരിൽ നമ്മൾ വിചാരിച്ച സ്ഥലത്ത് അല്ലാത്ത കുറേ പിള്ളേർ ഉണ്ട്. നമ്മൾ പറയുന്നത് കേൾക്കാത്ത പിള്ളേരാണുള്ളത്’
ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ എങ്കിലും ഒരു കുട്ടിക്കെങ്കിലും ശരിയാണ് ചേച്ചി പറഞ്ഞത് അതുപോലെ നന്നാവണം എന്ന് തോന്നിയാൽ നമ്മുടെ ഭാഗ്യം. ആ ഉഴപ്പി പോവുന്ന സമയത്തും ചിന്തിച്ചാൽ മതി. ഞാൻ പതിനേഴ് വയസ്സിലാണ് നാടകത്തിലഭിനയിച്ച് തുടങ്ങുന്നത്’ ആരും തന്നോട് മോശമായി പെരുമാറാൻ ധൈര്യപ്പെട്ടിരുന്നില്ലെന്നും പോളി വൽസൻ പറഞ്ഞു. നടൻ മമ്മൂട്ടിയോടൊപ്പം നാടകം കളിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു.
മമ്മൂക്ക നാടകം കളിക്കാൻ ഭയങ്കര ഇഷ്ടമുള്ള ആളായിരുന്നു. ലോ കോളേജിൽ പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ കൂട്ടുകാരെല്ലാം വൈപ്പിൻകരക്കാരായിരുന്നു. അവിടെയുള്ള ക്ലബ് നാടകം സംഘടിപ്പിക്കുമായിരുന്നു. സബർമതി എന്ന നാടകത്തിലേക്ക് എന്നെ വിളിച്ചു. മമ്മൂക്കയെ നമ്മൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. അന്ന് ആന്റണി പാലയ്ക്കൽ ആണ് നാടകങ്ങളിൽ ഏറ്റവും നന്നായി അഭിനയിച്ചിരുന്നത്. മമ്മൂക്കയുടെ ഉറ്റ സുഹൃത്തായിരുന്നു. പുള്ളിയെ ആയിരുന്നു വലിയ ആളായി കണ്ടിരുന്നത്. മമ്മൂക്ക എന്നെപ്പോലെ തന്നെ അഭിനയിക്കാൻ വന്ന ആളാണ്. അത്രയേ മൈൻഡ് ചെയ്തുള്ളൂ. ഇത്രയും വലിയ ആളാവുമായിരുന്നെങ്കിൽ അന്ന് നല്ല പോലെ മൈൻഡ് ചെയ്തേനെയെന്നും പോളി വൽസൻ പറഞ്ഞു.