ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, ; മമ്മൂട്ടിയെ കുറിച്ച് ജൂഡ്
ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ‘2018: Everyone Is A Hero’. ആദ്യമായി ആഗോളതലത്തിൽ 150 കോടി രൂപ കളക്ഷൻ നേടുന്ന മലയാള സിനിമയെന്ന നേട്ടമാണ് 2018 സ്വന്തമാക്കിയത്കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ജൂഡ് കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, നന്ദി മമ്മൂക്ക ഈ സ്നേഹത്തിന്, ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്, എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.
മമ്മൂട്ടിയുടെ ജീവിതം സിനിമാക്കാനുള്ള തന്‍റെ ആഗ്രഹത്തെപ്പറ്റി നേരത്തേ വെളിപ്പെടുത്തിയിട്ടുള്ള ആളാണ് ജൂഡ്. എന്നാല്‍ ആ സിനിമയ്ക്ക് മമ്മൂട്ടി സമ്മതിക്കുന്നില്ലെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. എന്നെങ്കിലും മമ്മൂട്ടി പച്ചക്കൊടി കാട്ടുന്നപക്ഷം ഈ സിനിമ സംഭവിക്കുമെന്നും. അതെന്തായാലും മമ്മൂട്ടിക്കൊപ്പമുള്ള ജൂഡിന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ ജീവചരിത്ര ചിത്രത്തെക്കുറിച്ച് ജൂഡ് പറഞ്ഞത്
മമ്മൂക്കയുടെ ബയോപിക് എടുക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല. ബാക്കി എല്ലാവരും ഓക്കെയാണ്. വേണ്ടടാ എന്റെ ജീവിതം സിനിമ ആക്കണ്ട എന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും മനസ് മാറുകയാണെങ്കിൽ എനിക്ക് തന്നെ തരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ആദ്യം സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ മമ്മൂക്കയെ പേടിപ്പിച്ചു എന്ന് തോന്നുന്നു. സിനിമയാക്കുമോ ഇല്ലയോ എന്നതിനപ്പുറം മമ്മൂക്കയുടെ ജീവിതം വലിയ പ്രചോദനം നല്‍കുന്ന ഒന്നാണ്.
കാരണം, വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് ഒരു സാധാരണക്കാരന്‍ പയ്യന്‍, അവന്‍ ഒരു മാസികയില്‍ വന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിന് ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നത് അന്നത്തെക്കാലത്ത് ഒന്ന് ആലോചിച്ചു നോക്കൂ, എന്ത് പാഷനേറ്റായിരിക്കും ആ മനുഷ്യന് എന്ന്. ആ പയ്യന്‍ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥയെന്ന് പറയുന്നത് ഉഗ്രന്‍ കഥയാണ്.
മമ്മൂക്ക യഥാർത്ഥത്തിൽ നമ്മൾ കാണുന്ന ആളേയല്ല. സിനിമാറ്റിക് സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. പഞ്ച പാവവും പച്ച മനുഷ്യനും ഉഗ്രൻ ക്രിയേറ്റീവ് മനുഷ്യനുമാണ് മമ്മൂക്ക. നിവിനെ വച്ചാണ് ആദ്യം ഞാൻ പ്ലാൻ ചെയ്തത്. നിവിനായത് കൊണ്ടാണോ വേണ്ടെന്ന് പറഞ്ഞതെന്ന് ഞാന്‍ കരുതി. ദുൽഖർ ആയാലും ഞാൻ റെഡി എന്ന് പറഞ്ഞിരുന്നു. വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എന്നെങ്കിലും മമ്മൂക്ക സമ്മതിക്കും എന്നാണ് പ്രതീക്ഷ. മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും. അന്ന് ഞാൻ ആ സിനിമ ചെയ്യും.