“ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല,സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ് ; തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ഡോക്ടർ ആക്ടർ’…
സിനിമയിൽ എത്തിപ്പെടാൻ സ്വപ്നം കൊണ്ടുനടക്കുന്ന കണ്ട് നടക്കുന്ന നിരവധി പേരുണ്ട് . വെള്ളിത്തിരയിൽ ഒരു തവണയെങ്കിലും മുഖം കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർ, ഒരു സെക്കന്റെങ്കിലും തങ്ങളുടെ അഭിനയം വെള്ളിത്തിരയിൽ തെളിയണമെന്ന് ആഗ്രഹിക്കുന്നവർ .
സിനിമയെന്ന വലിയ ലോകത്ത് എത്തിപ്പെടാൻ ഏറെ കടമ്പകൾ കടക്കണമെന്ന് അറിഞ്ഞിട്ടും അതിനായി നിർത്താതെ പരിശ്രമിക്കുന്നവറുണ്ട് . ഒരു സ്വപ്നവും എളുപ്പമല്ല. കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു നൂറ് കഥകൾ പങ്കുവെക്കാനുണ്ട് അത്തരത്തിൽ ആ സിനിമയിൽ എത്തിയവർക്ക് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് അത്തരത്തിലൊരു സിനിമ മോഹിയുടെ വിഡിയോയാണ്.
ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ശ്രദ്ധേയനായ വ്യക്തിയാണ് ആക്ടർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോക്ടർ ബാഷിദ് ബഷീർ. ഇന്ന് അദ്ദേഹത്തിന്റെ ആദ്യചിത്രമായ തല്ലുമാല പുറത്തിറങ്ങിയിരിക്കുകയാണ്. കല്യാണി പ്രിയദർശനും ടോവിനോ തോമസും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ഡോക്ടറിന്റെ അഭിനയമോഹം പൂവണിയുന്നത്. മികച്ച ഒരു ചിത്രത്തിന്റെ ഭാഗമായതിന്റെയും ഒപ്പം വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രം വെള്ളിത്തിരയിൽ എത്തുന്നതിന്റെയും സന്തോഷം പങ്കുവെച്ചു കൊണ്ടാണ് ബാഷിദ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്‌തത്.
“ഇത് വെറുമൊരു നന്ദി പ്രകടനം മാത്രമല്ല,സ്വപ്ന സാക്ഷത്കാരത്തിന്റെ പാതയിൽ ഒരു ചെറിയ വാതിൽ തുറന്നു കിട്ടിയവന്റെ ആഹ്ളാദപ്രകടനമാണ്. നിങ്ങളെ ഒന്ന് ബിഗ് സ്ക്രീനിൽ കാണണം, നിങ്ങൾ എന്തായാലും സിനിമയിൽ വരും, ഇങ്ങനെ ഒരുപാട് ഒരുപാട് കമന്റുകൾ വർഷങ്ങളോളം ഞാൻ കാണുന്നുണ്ട്, അവർക്കും എനിക്കും സന്തോഷിക്കാനുള്ള അവസരം തന്നെയാണ് ഇത്. എന്നെ ഈ നിമിഷം വരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത എല്ലാവർക്കും ഈയവസരത്തിൽ നന്ദി പറയുന്നു.” വിഡിയോയ്‌ക്കൊപ്പം ബാഷിദ് കുറിച്ചു.
