Connect with us

ട്രോളന്മാർക്ക് നന്ദി…അവസാനം ലംബോർഗിനി വീട്ടിലെത്തി -മല്ലിക സുകുമാരൻ

Malayalam Breaking News

ട്രോളന്മാർക്ക് നന്ദി…അവസാനം ലംബോർഗിനി വീട്ടിലെത്തി -മല്ലിക സുകുമാരൻ

ട്രോളന്മാർക്ക് നന്ദി…അവസാനം ലംബോർഗിനി വീട്ടിലെത്തി -മല്ലിക സുകുമാരൻ

മല്ലിക സുകുമാരൻ പ്രിത്വിരാജിന്റെ ലംബോർഗിനി കാറിനെപ്പറ്റി നടത്തിയ പ്രസ്താവന വളരെയധികം ചർച്ചയായിരുന്നു. ട്രോളന്മാർ അതേറ്റെടുത്ത് സംഭവം വൈറൽ ആക്കിയിരുന്നു. ഇന്നിപ്പോൾ പ്രസ്താവനയിൽ പറഞ്ഞ റോഡ് ശെരിയാക്കി ലംബോർഗിനി വീട്ടിലെത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം പങ്കുവയ്ക്കുകയും ഒപ്പം ട്രോളി സംഭവം എല്ലായിടത്തുമെത്തിച്ച ട്രോളന്മാരോട് നന്ദി പറയുകയുമാണ് മല്ലിക സുകുമാരൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക മനസ്സ് തുറന്നത്.

തിരുവനന്തപുരം കുണ്ടമൺഭാഗം എന്ന സ്ഥലത്താണ് എന്റെ വീട്. പ്രധാന റോഡിൽ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം പത്തുപതിനാല് വീടുകളുള്ള കോളനിയിലേക്കെത്താൻ. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാം. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. സമീപം ഒരു തോട് ഒഴുകുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഇവിടെ വെള്ളം കയറിയതിൽ ഈ റോഡിനും പങ്കുണ്ട്.

ആറു വർഷം മുൻപാണ്, തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നികുതി അടച്ച് ജീവിക്കുന്ന ഒരു പൗര എന്ന നിലയിൽ, വീട്ടിലേക്കുള്ള വഴി നന്നാക്കിത്തരണമെന്നു ആവശ്യപ്പെട്ടു ഞാൻ നിവേദനം നൽകുന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും ശുപാർശ ഇല്ലാതെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ നേരിട്ടുകണ്ടാണ് നിവേദനം നൽകിയത്. പക്ഷേ പല സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞു ആ നിവേദനം ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു.

പിന്നീട് വർഷങ്ങൾക്കുശേഷമാണ് പൃഥ്വിരാജ് ലംബോർഗിനി കാർ എടുക്കുന്നത്. ആ സമയത്ത് വാഹനസംബന്ധമായ ഒരു ചാനൽ പരിപാടിയിൽ, മക്കളുടെ വലിയ വാഹനങ്ങൾ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം ഞാൻ തുറന്നു പറഞ്ഞു. അതാണ് സമൂഹമാധ്യമങ്ങൾ എടുത്തു ട്രോളാക്കി മാറ്റിയത്.

നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോൾ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയിൽ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തത്…നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോർപ്പറേഷൻ നിഷ്കർഷിക്കുന്ന നികുതി നൽകിയാണ് നമ്മൾ വീട് വച്ചതും താമസിക്കുന്നതും. ഈ നികുതികൾ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമയല്ലേ?…

ട്രോളുകൾ വന്ന സമയത്ത് ഒരുപാട് അധികാരികൾ എന്നെ വിളിച്ചു പിന്തുണ അറിയിച്ചിരുന്നു. അങ്ങനെയാണ് പൊടിപിടിച്ചു കിടന്ന ഫയലുകൾക്ക് വീണ്ടും അനക്കം വയ്ക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രധാന റോഡിൽ നിന്നും വീടിനു മുന്നിലൂടെയുള്ള വഴി വീതികൂട്ടി ടാർ ചെയ്തു, വീട്ടിലേക്കുള്ള അൽപം പൊക്കത്തിലുള്ള വശം ഇന്റർലോക് വിരിച്ചു ഭംഗിയാക്കി. വെള്ളം ഒഴുകിപ്പോകാൻ ഓട പണിതു. സ്ലാബ് ഇട്ടു. 

ഏറ്റവും സന്തോഷം, കഴിഞ്ഞ ദിവസം പൃഥ്വിരാജ് ലംബോർഗിനിയുമായെത്തി. വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല! എന്നേക്കാൾ സന്തോഷം അവനാണ് എന്നുതോന്നുന്നു. പിന്നാലെ വലിയ വാഹനവുമായി ഇന്ദ്രനും കുടുംബവുമെത്തി. അങ്ങനെ എന്റെ വീട്ടിൽ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം ഉണ്ടായി.

ആരോഗ്യപരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ട്. ഇപ്പോൾ ഈ വിഷയം തന്നെ അധികാരികളുടെ ശ്രദ്ധയിൽ പെടാൻ കാരണം സമൂഹമാധ്യമങ്ങളിലൂടെ വന്ന ട്രോളുകളാണ്. ഒരുപാട് പേരിലേക്ക് ആ വിഷയം ചർച്ചയായി കടന്നെത്തി. 

വട്ടിയൂർക്കാവ് എംഎൽഎ കെ. മുരളീധരൻ, വലിയവിള വാർഡ് കൗൺസിലർ ഗിരികുമാർ, വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ഹരിശങ്കർ തുടങ്ങിയവർ മുൻകൈയെടുത്തതുകൊണ്ടാണ് പണി ഇപ്പോൾ പൂർത്തിയാക്കാനായത്. തിരുവനന്തപുരം മേയർ വി കെ പ്രശാന്തും സഹകരിച്ചു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കാട്ടാതെ എല്ലാവരും എന്റെ കൂടെ നിന്നുകൊണ്ടാണ് ഇപ്പോൾ പണി പൂർത്തിയാക്കാനായത്. അവരോടുള്ള നന്ദി ഞാൻ അറിയിക്കുകയാണ്. 

ഒരു ചെറുചിരിയോടെ കാണാൻകഴിയുന്ന ട്രോളുകൾ എനിക്ക് ഇഷ്ടമാണ്. ഞാൻ അത് ആസ്വദിക്കാറുമുണ്ട്. ഇപ്പോൾ പൃഥ്വിരാജിന്റെ ഇംഗ്ലിഷ് പ്രയോഗത്തെ സംബന്ധിച്ച ചില ട്രോളുകൾ കണ്ടു. അതൊക്കെ പൊതുവെ നിർദോഷകരമായ ചിരി ഉണർത്തുന്നവയാണ്. പക്ഷേ, ചിരി കടന്നു വ്യക്തിഹത്യ എന്ന നിലയിലേക്ക് ട്രോളുകൾ മാറുന്നതിനോട് എനിക്ക് എപ്പോഴും വിയോജിപ്പുണ്ട്. നമുക്ക് ചുറ്റും എന്തെല്ലാം പ്രശ്നങ്ങളുണ്ട്. ആ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനും പരിഹാരം ഉണ്ടാക്കാനും ട്രോളന്മാർ ഇടപെടുകയാണെങ്കിൽ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും. എന്തായാലും ആറുവർഷം നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി.

Mallika_Sukumaran

mallika sukumaran talk about lamborgini

More in Malayalam Breaking News

Trending

Recent

To Top