രാത്രി ഒരു മണിയ്ക്ക് വന്ന സുരാജിന്റെ ആ ഫോണ്‍ കോള്‍! എല്ലാത്തിനും പിന്നില്‍ ഇന്ദ്രന്‍;രസകരമായ ഓർമ്മ പങ്കുവെച്ച് മല്ലിക സുകുമാരൻ !
മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കൾ സിനിമയിലെത്തിയത് പോലെ തന്നെ മരുമക്കളും സിനിമയിലെ സജീവ സാന്നിധ്യമാണ്. മൂത്ത മരുമകൾ പൂർണിമ അഭിനേത്രിയായി കയ്യടി നേടിയപ്പോൾ രണ്ടാമത്തെ മരുമകൾ സുപ്രിയ നിർമ്മാണത്തിലാണ് കയ്യൊപ്പ് ചാർത്തിയത്.
മല്ലികയുടെ കൊച്ചുമക്കളും ഇതിനോടകം തന്നെ താരങ്ങളായി മാറിയിരിക്കുകയാണ്. തന്റെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ മല്ലികയുടെ വാക്കുകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തും നടൻ സുരാജ് വെഞ്ഞാറമൂടും ചേർന്ന് തന്നെ പറ്റിച്ച കഥ പറയുകയാണ് മല്ലിക. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകൾ ഇങ്ങനെ .
ആദ്യമായിട്ടാണ് എനിക്ക് അങ്ങനൊരു ഫോണ്‍ വരുന്നത്. ഇപ്പോഴൊന്നുമല്ല, രണ്ട് കൊല്ലം മുമ്പാണ്. ഏതോ ഒരു പടത്തിന്റെ സെറ്റിലാണ്. രാത്രി ഒരു മണിക്കൊരു കോള്‍. ഇന്ദ്രന്റെ നമ്പറില്‍ നിന്നുമാണ്. ആ സമയത്തൊന്നും കോള്‍ വരത്തില്ലാത്തതാണ്. അവര്‍ക്കറിയാം പത്തരയാകുമ്പോള്‍ ഞാന്‍ കിടക്കുമെന്ന്. എന്തെങ്കിലും എമര്‍ജെന്‍സിയുണ്ടെങ്കിലേ വിളിക്കൂ. ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല, കട്ടായി. വീണ്ടും അതേ നമ്പറില്‍ നിന്നും കോള്‍. എടുത്തപ്പോള്‍ സുകുവേട്ടന്റെ മല്ലികേ ഉറങ്ങിയോ എന്ന ചോദ്യം.
സുകുവേട്ടന്‍ സംസാരിക്കുന്നത് പോലെ തന്നെ. അതുശരി ഞാനിവിടെ ഉറങ്ങാതിരിക്കുമ്പോള്‍ നീ നേരത്തെ കയറി കിടന്നോ എന്നൊക്കെ ചോദിച്ചു. സുരാജായിരുന്നു അത്. എന്തൊരു കറക്ടാണ് സുരാജ് സംസാരിക്കുന്നത്. ഇത് ഇന്ദ്രനല്ലല്ലോ ആരാണെന്ന് ഞാന്‍ ചോദിച്ചു. അതുശരി എന്റെ ശബ്ദം പോലും മനസിലാകാതായല്ലോ എന്നായി. ആരാണെന്ന് പറയണമെന്ന് ഞാന്‍ പറഞ്ഞു. ഇന്ദ്രന്‍ വേഗം ഫോണ്‍ വാങ്ങിയിട്ട് അമ്മേ സുരാജേട്ടനാണ് എന്ന് പറഞ്ഞു.
പോടാ അവിടുന്നെന്ന് ഞാന്‍ പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഒരാള്‍ സുകുവേട്ടന്റെ ശബ്ദത്തില്‍ വിളിക്കുന്നത്. ഒന്ന് കിടുങ്ങി. എന്റെ ഉറക്കം പോയി എന്തായാലും എന്ന് ഞാന്‍ പറഞ്ഞു. സുരാജ് പറയുന്നത് ടിപ്പിക്കല്‍ സുകുവേട്ടന്റെ ശബ്ദത്തിലാണ്. ആ മൂളലും വിളിയുമൊക്കെയുണ്ട്. ഇന്ദ്രനും സുകുവേട്ടന്റെ ശബ്ദം എടുക്കും. ഉറക്കം കളഞ്ഞതിന് തന്നതിന് സുരാജിനോട് വലിയ നന്ദിയുണ്ടെന്ന് പറയാന്‍ പറഞ്ഞു. എല്ലാത്തിലും ഇത്തിരി തമാശകലര്‍ത്തുന്നയാളാണ് ഇന്ദ്രന്‍. രാജു വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയാണെന്നാണ് മല്ലിക പറയുന്നത്.
