News
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാല്‍, ആ സമൂഹം അനുഭവിച്ച ക്രൂരതകള്‍ എനിക്ക് നേരിട്ട് അറിയാം’; എല്ലാവരും ഈ സിനിമ കാണണമെന്ന് നടി യാമി ഗൗതം
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാല്‍, ആ സമൂഹം അനുഭവിച്ച ക്രൂരതകള്‍ എനിക്ക് നേരിട്ട് അറിയാം’; എല്ലാവരും ഈ സിനിമ കാണണമെന്ന് നടി യാമി ഗൗതം
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. യഥാര്‍ത്ഥ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്‌നിഹോത്രിയാണ്. ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി യാമി ഗൗതം. വിവേക് അഗ്‌നിഹോത്രിയോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേറിനോടും തനിക്ക് ആദരവാണ് തോന്നുന്നതെന്ന് യാമി ട്വിറ്ററില്‍ കുറിച്ചു. സംവിധായകനും ഭര്‍ത്താവും ആയ ആദിത്യ ധറിന്റെ വികാരഭരിതമായ പോസ്റ്റ് നടി റീട്വീറ്റ് ചെയ്യുകയും ചെയ്തു.
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാല്‍, സമാധാനപ്രേമികള്‍ ആയിരുന്ന ആ സമൂഹം അനുഭവിച്ച ക്രൂരതകള്‍ എനിക്ക് നേരിട്ട് അറിയാം. പക്ഷേ, രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും ഇപ്പോഴും ആ സംഭവം അറിയില്ല. അതിനെക്കുറിച്ച് അറിയാന്‍, രാജ്യത്തിന് 32 വര്‍ഷവും ഒരു സിനിമയും വേണ്ടി വന്നു. സിനിമ കാണുക’, യാമി ട്വീറ്റ് ചെയ്തു.
തന്റെ ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ധറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ഉറി സിനിമയുടെ സംവിധായകന്‍ ആണ് ആദിത്യ ധര്‍. കശ്മീര്‍ ഫയലിനെ കുറിച്ച് സംവിധായകന്‍ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘കശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം തിയേറ്ററുകളില്‍ തകര്‍ന്നിരുന്ന കശ്മീരി പണ്ഡിറ്റുകളുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. അവരുടെ വികാരം സത്യമാണ്. നമ്മുടെ വേദനയും ദുരന്തവും എത്രത്തോളം അടിച്ചമര്‍ത്തപ്പെട്ടുവെന്ന് അവരുടെ നിസഹായത വ്യക്തമാക്കുന്നു. ആശ്രയത്തിനായി ചായാന്‍ ഞങ്ങള്‍ക്ക് ഒരു തോളും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അഭ്യര്‍ത്ഥനകള്‍ കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഈ സിനിമ, ഞങ്ങള്‍ക്ക് സംഭവിച്ചതിനെ തുറന്നു കാണിക്കുന്നതിനുള്ള ധീരമായ ഒരു ശ്രമമാണ്.
ഞങ്ങള്‍ക്ക് സംഭവിച്ച ദുരന്തം സഹിച്ച് ജീവിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കാലം ഞങ്ങളുടെ മുറിവുകള്‍ ഉണക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചു. പക്ഷെ, അവിടെയാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. മുറിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഒന്നും മറക്കാനാകുന്നില്ല. ഞങ്ങളെല്ലാവരും ഇന്നും, മാനസികവും ശാരീരികവുമായ ദുരിതമനുഭവിക്കുന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ നിന്നുകൊണ്ട് ഞങ്ങളുടെ മുന്‍ തലമുറ, ഞങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിത്തരാന്‍ ശ്രമിച്ചു’, എന്നും ആദിത്യ ട്വിറ്ററില്‍ കുറിച്ചു.