Connect with us

‘റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു, അത് പിന്‍വലിക്കണം’; വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിജയ്

News

‘റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു, അത് പിന്‍വലിക്കണം’; വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിജയ്

‘റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു, അത് പിന്‍വലിക്കണം’; വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിജയ്

ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനു വീണ്ടും നികുതി ഇളവ് ആവശ്യപ്പെട്ട് നടന്‍ വിജയ്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് താരം. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. 

മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീല്‍ നല്‍കുക. റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ കുമാരേശന്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാന്‍ തയ്യാറാണ്. നടപടിക്രമങ്ങള്‍ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീല്‍ നല്‍കുക.

രണ്ട് ദിവസം മുമ്പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു. 

2012ല്‍ ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിനു വിലയുടെ 20 ശതമാനം പ്രവേശന നികുതി ചുമത്തിയതിനെതിരൊണ് വിജയ് കോടതിയെ സമീപിച്ചത്. ഇറക്കുമതി ചുങ്കം അടച്ചതിനാല്‍ മറ്റൊരു നികുതി നല്‍കാനാവില്ലെന്നു വിജയ് നിലപാടെടുത്തു. ഇതോടെ കാറിന്റെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവില്ലെന്നു ചെന്നൈയിലെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. തുടര്‍ന്നാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.എസ്.സുബ്രമണ്യന്‍ ഹര്‍ജിയിലെ ഓരോ വരികളും കീറിമുറിച്ചു വിമര്‍ശനമുയര്‍ത്തുകയായിരുന്നു.

പരാതിക്കാരന്റെ ജോലി എന്താണന്നു പോലും ഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടില്ല. അഭിഭാഷകന്‍ അറിയിച്ചപ്പോഴാണു നടന്‍ വിജയ്യുടെ ഹര്‍ജിയാണെന്ന് അറിഞ്ഞതെന്നു ജഡ്ജി പറയുന്നു. നികുതി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. നിയമപരമായ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിജയ്യെ പോലെയുള്ള വ്യക്തി കോടതിയെ സമീപിച്ചത് അംഗീകരിക്കാനാവില്ല. ലക്ഷക്കണക്കിനു ആരാധകരുള്ള നടനാണു വിജയ്. റീലിലെ മാത്രം ഹീറോ ആകാതെ, റിയല്‍ ഹീറോ ആകണമെന്നും ജഡ്ജി പറഞ്ഞു.

കാറിന്റെ വിലയുടെ 20 ശതമാനം പ്രവേശന നികുതിയായി ഒടുക്കി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തെറ്റായ സന്ദേശം നല്‍കുന്ന ഹര്‍ജിക്ക് ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയില്‍ അടച്ചതിന്റെ രേഖകളും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. അതേ സമയം നികുതി ഇളവ് തേടിയല്ല കോടതിയിലെത്തിയതെന്നും തര്‍ക്ക പരിഹാരത്തിനു സമയമെടുക്കുന്നതു ചൂണ്ടികാണിക്കാനാണെന്നുമാണ് താരത്തോട് അടുപ്പമുള്ളവരുടെ വിശദീകരണം. 2012ല്‍ ഫയല്‍ ചെയ്ത കേസില്‍ 9 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്.


More in News

Trending

Recent

To Top