Connect with us

സിനിമാ കൊട്ടകകളില്‍ നിന്നും തിയേറ്ററുകളിലേയ്ക്ക്, പരിണാമവും മാറ്റങ്ങളും; ഇത് സിനിമാ തിയേറ്ററുകളുടെ അവസാനമോ? സിനിമ കാണുന്നവര്‍ അറിയണം ഈ മാറ്റങ്ങളെ കുറിച്ച്

Malayalam

സിനിമാ കൊട്ടകകളില്‍ നിന്നും തിയേറ്ററുകളിലേയ്ക്ക്, പരിണാമവും മാറ്റങ്ങളും; ഇത് സിനിമാ തിയേറ്ററുകളുടെ അവസാനമോ? സിനിമ കാണുന്നവര്‍ അറിയണം ഈ മാറ്റങ്ങളെ കുറിച്ച്

സിനിമാ കൊട്ടകകളില്‍ നിന്നും തിയേറ്ററുകളിലേയ്ക്ക്, പരിണാമവും മാറ്റങ്ങളും; ഇത് സിനിമാ തിയേറ്ററുകളുടെ അവസാനമോ? സിനിമ കാണുന്നവര്‍ അറിയണം ഈ മാറ്റങ്ങളെ കുറിച്ച്

മനുഷ്യന്റെ കണ്ടു പിടിത്തങ്ങളില്‍ എന്നും വിസ്മയകരമായ ഒന്നു തന്നെയാണ് സിനിമ. സിനിമ ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ആദ്യകാലത്ത് വെള്ളതുണിയിലെ ചലിക്കുന്ന രൂപങ്ങളില്‍ നിന്നും നമ്മുടെ സിനിമയും സിനിമാ തിയേറ്ററുകളും ഇന്ന് ഏറെ മാറിയിരിക്കുന്നു. കാലത്തിന് അനുസരിച്ച് കോലവും മാറണം എന്ന പഴഞ്ചൊല്ല് പ്രതിധ്വനിക്കുകയാണ് നമ്മുടെ തിയേറ്ററുകളിലൂടെ. നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയായിരിക്കും സിനിമയ്ക്ക് ഇത്രയും മാറ്റങ്ങള്‍ വന്നതെന്ന്. അങ്ങനെ ചിന്തിച്ചവര്‍ കുറവായിരിക്കും.

ഒരു മുറിയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട് മാറാല കയറിയ ചില കഴിവുകളും ചിന്തകളും സ്വപ്‌നങ്ങളും അങ്ങനെ എല്ലാം പുറത്തെടുത്ത കാലമായിരുന്നു കഴിഞ്ഞ ലോക്ക്ഡൗണ്‍. സ്വന്തം കഴിവു കണ്ട് സ്വയം എഴുന്നേറ്റ് നിന്നു പോയ ആരെങ്കിലും സിനിമയുടെ മാറ്റത്തെ കുറിച്ച് ഓര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ പേരും മിസ് ചെയ്തത് സിനിമയെ തന്നെയാണ്. സമയം പോകാന്‍ പലരും ആശ്രയിച്ചതും സിനിമയെ തന്നെ. നമ്മള്‍ ജനിക്കുന്നത് മുതല്‍ സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നാം പോലും അറിയാതെ നമ്മള്‍ അതിലേയ്ക്ക് എത്തിപ്പെടുന്നുണ്ട്. അത്രത്തോളം സിനിമ നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു.

1928 നവംബര്‍ മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിശ്ശബ്ദ ചിത്രമായ ‘വിഗതകുമാരന്‍’ പുറത്തുവന്നത്. നമ്മുടെ ചലച്ചിത്ര ലോകത്തിന്റെ പിതാവ് എന്ന് വിശേഷപ്പിക്കാവുന്ന ജെസി ഡാനിയേല്‍ ആയിരുന്നു ചിത്രത്തിന്റെ ക്യാമറമാനും സംവിധായകനും നിര്‍മാതാവുമെല്ലാം. ഇതേ കുറിച്ച് ഒരു സിനിമ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലൂടെ സിനിമയുടെ ജനനവും ജീവിതവുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ കാണിച്ചിരിക്കുന്നു.

പിന്നീട് 1932 ലാണ് രണ്ടാമത്തെ നിശബ്ദ ചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’ യുടെ നിര്‍മ്മാണം. സിവി രാമന്‍പിള്ളയുടെ ഈ നോവലിനെ ചലച്ചിത്രാവിഷ്‌കാരമാക്കി മാറ്റിയത് സുന്ദര്‍ രാജ് എന്ന നിര്‍മ്മാതാവ് ആയിരുന്നു. വിവി റാവു ആയിരുന്നു സംവിധായകന്‍. വിഗത കുമാരനെ പോലെ മാര്‍ത്താണ്ഡവര്‍മ്മയെ ജനം കയ്യൊഴിഞ്ഞില്ല. സിനിമ എന്ന അപരിചിത യാഥാര്‍ത്ഥ്യത്തെ ജനങ്ങള്‍ പതുക്കെ അംഗീകരിച്ചു തുടങ്ങി. എന്നാല്‍ ദുര്‍വിധി ഈ ചിത്രത്തെയും വെറുതെ വിട്ടില്ല.

മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന്റെ പ്രസാധകരായ തിരുവനന്തപുരം കമലാലയം ബുക്ക് ഡിപ്പോയുടെ അനുമതിയില്ലാതെയാണ് നോവല്‍ സിനിമയാക്കിയത് എന്ന കാരണത്താല്‍ ഈ സിനിമയുടെ പ്രദര്‍ശനം ഒരു വ്യവഹാര പ്രശ്നമാവുകയും സുന്ദര്‍ രാജിന് പ്രതികൂലമായ ഒരു കോടതി വിധിയില്‍ കേസ് കലാശിക്കുകയും ചെയ്തു. മാനനഷ്ടവും ധനനഷ്ടവും ഏറ്റുവാങ്ങി 1965ല്‍ അദ്ദേഹം നിര്യാതനായി. ആദ്യത്തെ രണ്ട് ചിത്രവും ഉണ്ടാക്കിയ പ്രതികരണം തീര്‍ത്തും നീരാശാവഹമായതുകൊണ്ടാവണം പിന്നീടാരും ഇതു പോലൊരു സാഹസത്തിന് മുതിര്‍ന്നില്ല.

തുടര്‍ന്നും സിനമകള്‍ വന്നുവെങ്കിവും 1951 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ജീവിതനൗക’യാണ് വ്യാപാരവിജയം നേടിയ ആദ്യചിത്രം. 1954 ല്‍ നീലക്കുയിലും ചെമ്മീനുമെല്ലാം എത്തിയതോടെ 1960 കളില്‍ സിനിമയുടെ രാശി തെളിയുകയായിരുന്നു. അന്നു മുതല്‍ ഇന്നു വരെ സിനിമ എന്നത് ഒരു വിനോദനോപാധി എന്നതിനേക്കാളുപരി മനുഷ്യമനസിന്റെ വികാരമായി വളരുകയായിരുന്നു. പ്രേം നസീര്‍, മധു, ഷീല തുടങ്ങി നിരവധി താരങ്ങളുടെ വരവും ചിത്രത്തിലെ ഗാനങ്ങളും സംഭാക്ഷണങ്ങളുമെല്ലാം സിനിമയുടെ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയായിരുന്നു.

സിനിമാ കൊട്ടകകളില്‍ നിന്നും സിനിമാ തിയേറ്ററുകളിലേയ്ക്ക് പരിണമിച്ചപ്പോള്‍ സിനിമ ആകെ മാറിപ്പോയി എന്ന് തന്നെ പറയാം. മാത്രവുമല്ല, വളരെപ്പെട്ടെന്നാണ് സിനിമ ഒരു വ്യവസായമായി വളര്‍ന്നത്. പണ്ട് വിശേഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാത്രമായിരുന്നു സിനിമ തിയേറ്ററുകളിലേയ്ക്ക് പലരും എത്തിയിരുന്നത്. എന്നാല്‍ അവിടെയും സ്ത്രീസാന്നിധ്യം വളരെ കുറവായിരുന്നു. നാളുകള്‍ ഏറെ കഴിഞ്ഞതിനു ശേഷമാണ് തിയേറ്ററുകളിലേയ്ക്ക് സ്ത്രീകള്‍ എത്തി തുടങ്ങിയത്. നഗരങ്ങളില്‍ ആധുനിക രീതിയിലുള്ള ധാരാളം തിയേറ്റര്‍ കോംപ്ലക്‌സുകളും, പിന്നീട് മള്‍ട്ടിപ്‌ളെക്‌സുകളും നിലവില്‍ വന്നു. ഹൈടെക് തിയേറ്ററുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ പല തിയേറ്ററുകളും എന്നെന്നേക്കുമായി നിര്‍ത്തിപ്പോയി. ചില തിയേറ്ററുകള്‍ കല്യാണ മണ്ഡപങ്ങളും, ഷോപ്പിംഗ് കോംപ്ലക്‌സുകളും ഒക്കെയായി രൂപമാറ്റം പ്രാപിച്ചു.

മാത്രവുമല്ല, പണ്ട് കാലത്ത് സിനിമ എന്നത് കയ്യെത്താദൂരത്തുള്ള വിസ്മയം ആയിരുന്നു. അതിലേയ്ക്ക് എത്തിപ്പെടാന്‍ ശ്രമിച്ച് ചിറകു കൊഴിഞ്ഞു പോയ ഇയ്യാംപാറ്റകളെ പോലെ ആയവരും കുറവല്ല. ഇന്നും പല യുവതി യുവാക്കളുടെ സ്വപ്‌ന ലോകം തന്നെയാണ് സിനിമ. ഇന്ന് അവിടേയ്ക്ക് എത്തിപ്പെടാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതായിട്ടില്ല. ആധുനിക ശാസ്ത്രത്തിന്റെ വരവ് സിനിമയിലേയക്കുള്ള അന്തരം കുറച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ സിനിമയെ രണ്ടായി തരം തിരിക്കാം. കോവിഡിനു മുമ്പും ശേഷവും. കോവിഡിനു മുമ്പ് ആയിരുന്നെങ്കില്‍ പ്രിയതാരങ്ങളുടെ സിനിമ റിലീസാകുമ്പോഴുള്ള ആഘോഷവും ആര്‍പ്പുവിളികളുമെല്ലാം കൊണ്ട് തിയേറ്ററിനു ഒരു ഉണര്‍വ് ആയിരുന്നു. മോണിംഗ് ഷോയും മാറ്റിനിയും സെക്കന്‍ഡ് ഷോയും അങ്ങനെ തിയേറ്ററുകളിലേയ്ക്ക് വന്‍ ജനാവലി തന്നെ ഇരച്ചെത്താറുണ്ട്.

കോവിഡിനു ശേഷമുള്ള സിനിമയെ പലരും ആശങ്കയോടെയാണ് നോക്കി കാണുന്നത്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകള്‍.., ഹൗസ് ഫുള്‍ ആകാത്ത ഉള്ളറകള്‍.., അങ്ങനെയെല്ലാം കൊണ്ടും സിനിമാ തിയേറ്ററുകളുടെ കണ്ഠകശനി കാലമാണിതെന്ന് പറയേണ്ടി വരും. സിനിമാ റിലീസുകള്‍ ഒടിടിയിലേയ്ക്ക് മാറ്റപ്പെട്ടപ്പോള്‍ ആകെ അവതാളത്തിലായത് തിയേറ്റര്‍ ഉടമകളും കുറച്ച് സിനിമാ ആസ്വാദകരുമാണ്. തിയേറ്ററില്‍ പോയി സിനിമ കാണുന്ന ദൃശ്യശ്രവണ സുഖം വീട്ടിലിരുന്ന് ഏത് കൂടിയ ഹെഡ്‌സെറ്റും ഫോണും ഉപയോഗിച്ചാലും ലഭിക്കില്ല. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ പലരും പരോക്ഷമായി അനുകൂലിക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം തന്നെ ലാഭം ആണ്. വമ്പന്‍ തുകയ്ക്ക് വമ്പന്‍ കമ്പനികള്‍ ചിത്രങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ പേരും സിനിമ ഒടിടി റിലീസിന് അനുവദിക്കുന്നു. മാത്രമല്ല, ഒടിടിയില്‍ റിലീസ് ചെയ്ത മിക്ക മലയാളം ചിത്രങ്ങള്‍ക്കും അന്തര്‍ദേശിയ തലത്തില്‍ നിന്നും വരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

സിനിമയെ സിനിമയാക്കിയത് തിയേറ്ററുകള്‍ തന്നെയാണ്. ഒരുപാട് പേരുടെ കഷ്ടപാടിന്റെയും അധ്വാനത്തിന്റെയുമെല്ലാം ഫലമാണ് സിനിമയും തിയേറ്ററുകളുമെല്ലാം. അത് വളരെപ്പെട്ടെന്നൊന്നും തന്നെ മണ്‍മറിഞ്ഞു പോകില്ല. ഇനിയും ശക്തിയോടെ തലയെടുപ്പോടുകൂടി തന്നെ തിയേറ്ററുകള്‍ ഉയര്‍ന്ന് നില്‍ക്കും..ജനങ്ങളുടെ ആര്‍പ്പുവിളികളും സന്തോഷവും നിറഞ്ഞ നല്ലൊരു നാളെത്തന്നെ തിയേറ്ററുകളെയും സിനിമകളെയും കാത്തിരിക്കുന്നുണ്ട് എന്ന് തന്നെ പ്രത്യാക്ഷിക്കാം. തിയേറ്ററുകളുടെ കാലം കഴിഞ്ഞുവെന്ന് വാദിക്കുന്നവരോട് ഇത്ര മാത്രമേ പറയാനുള്ളൂ.

More in Malayalam

Trending

Recent

To Top