Malayalam
പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ ഇഡി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോന്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോയെന്നും പരിശോധന
പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ ഇഡി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോന്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോയെന്നും പരിശോധന
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്നിരുന്നത് പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കലിനെ കുറിച്ചായിരുന്നു. സമൂഹത്തിലെ ഉന്നതരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ക്ക് സിനിമാ സീരിയല്‍ താരങ്ങളോടും അടുപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെ നിരവധി താരങ്ങളുടെ പേരുകളും മോണ്‍സണിന്റെ പേരിനോട് ചേര്‍ത്ത് എത്തിയിരുന്നു. ഇതില്‍ ആദ്യം നിന്നത് സിനിമാ സീരിയല്‍ നടിയായ ശ്രുതി ലക്ഷ്മിയുടേതായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മോന്‍സനുമായി സാമ്പത്തിക ഇടപാടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.
മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോന്‍സന്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പുരാവസതു തട്ടിപ്പിലൂടെ മോന്‍സന്‍ തട്ടിയ കോടികള്‍ സുഹൃത്ത് സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കണക്ക് കൂട്ടുന്നത്. മോന്‍സനുമായി ശ്രുതി ലക്ഷ്മി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തതയുണ്ടാക്കാനാണ് നടിയെ വിളിച്ച് വരുത്തിയത്. തൃശ്ശൂര്‍ കരീച്ചിറയില്‍ ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോന്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.
ഇവിടെവെച്ച് മോന്‍സന്റെ പുരാവസതു തട്ടിപ്പ് കേസിലെ കൂട്ട് പ്രതി ജിഷ്ണുവിന്റെ പിറന്നാള്‍ ആഘോഷമടക്കം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഡാന്‍സര്‍ എന്ന നിലയില്‍ മോന്‍സന്‍ ക്ഷണിച്ചപ്പോള്‍ നൃത്തം അവതരിപ്പിച്ചതല്ലാതെ മറ്റ് പുരാവസ്തു ഇടപാടുകളില്‍ താന്‍ പങ്കാളിയല്ലെന്നാണ് ശ്രുതി മൊഴി നല്‍കിയിട്ടുള്ളത്. മോന്‍സനുമായി ബന്ധപ്പെട്ട മറ്റ് കൂടുതല്‍ ആളുകളെ ഇഡി വരും ദിവസം ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും മൊഴികളും കൈമാറണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മുമ്പ് ശ്രുതിയുടെ പേര് മോണ്‍സണ്‍ കേസുമായി ബന്ധപ്പെട്ട് പുറത്തെത്തിയപ്പോള്‍ പ്രതികരണവുമായി ശ്രുതി തന്നെ രംഗത്തെത്തിയിരുന്നു. മോണ്‍സണുമായി ബന്ധമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നാണ് ശ്രുതി പറയുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ അടുത്ത് ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സതേടിയതായാണ് ശ്രുതി ലക്ഷ്മി പറയുന്നത്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടാണ് ഡോക്ടറുടെ ചികിത്സ തേടിയത്. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞു.
അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നുവെന്ന് നടി പറഞ്ഞു.
ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയതായും നടി പറയുന്നു.
അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നെന്നും നടി പറഞ്ഞിരുന്നു.