Malayalam
പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍, അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി?; വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി ശ്രീശാന്ത്
പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍, അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി?; വാതുവെയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി ശ്രീശാന്ത്
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ശ്രീയ്ക്ക് ആരാധകരുമുണ്ട്. ക്രിക്കറ്റ് താരം എന്നതിനേക്കാളുപരി അഭിനേതാവും ഡാന്‍സറും കൂടിയാണ് താരം. ഹിന്ദി ബിഗ് ബോസ് സീസണ്‍ 12 ല്‍ എത്തിയതോടെ താരം പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാകുകയായിരുന്നു.
ഇപ്പോഴിതാ 2013ലെ വാതുവയ്പ്പ് വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. 10 ലക്ഷത്തിന് വേണ്ടി താന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും താന്‍ പാര്‍ട്ടി നടത്തുന്നതിന്റെ ബില്‍ വരെ 2 ലക്ഷം രൂപയാണ് എന്നും ശ്രീശാന്ത് പറയുന്നു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍.
എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ത്ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്.
ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലും ഇല്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് ഞാന്‍ എറിഞ്ഞത്’, എന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.
ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ശ്രീശാന്ത് ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെയാണ് ക്രിക്കറ്റില്‍ നിന്ന് പുറത്തായത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ അമ്മയെ പറ്റിയും ശ്രീശാന്ത് പറഞ്ഞ് വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നതെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. ഇടതുകാല്‍ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്നത്തിലാണ്. ജീവിതത്തില്‍ താന്‍ കണ്ട ശക്തയായ സ്ത്രീയാണ് അമ്മ. അമ്മയ്ക്കു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.
ബിഗ് ബോസില്‍ വിന്നറായില്ലെങ്കിലും സങ്കടമില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. കാരണം വലിയ അനുഭവമാണ് ലഭിച്ചത്. കൂടാതെ സല്‍മാന്‍ ഭായിയുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞെന്നും ശ്രീശാന്ത് പറഞ്ഞു. കപ്പടിക്കാത്തതില്‍ വിഷമമില്ലെന്നും ബിഗ് ബോസ് ഹൗസിലെ പ്രശ്നക്കാരനായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് സീസണ്‍ 12 ലെ റണ്ണറപ്പായിരുന്നു ശ്രീശാന്ത്. നടി ദീപിക കക്കര്‍ ആയിരുന്നു വിജയ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ക്രിക്കറ്റാണോ സിനിമയാണോ ഇഷ്ടം എന്ന ചോദ്യത്തിന് സിനിമയെക്കാളും ക്രിക്കറ്റിനേക്കാളും കൂടുതല്‍ ഇഷ്ടം ലൈഫാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എനിക്ക് ലൈഫാണ് ഇഷ്ടം. ദിപു ചേട്ടനും മധു ചേട്ടനും ബന്ധുക്കളും സിനിമയിലുണ്ടല്ലോ. അങ്ങനെയാണ് സിനിമയില്‍ ഒരു കൈ നോക്കിയത് എന്നും താരം പറഞ്ഞിരുന്നു. ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറായാണ് ശ്രീശാന്ത് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ നടി സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിബിഐ ഓഫീസറായി ശ്രീശാന്ത് എത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. സിനിമയില്‍ . കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ ആവശ്യമാണ്. അതിനാലാണ് സണ്ണി ലിയോണിനെ ഈ വേഷത്തില്‍ കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ പറയുന്നു. പട്ടാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്‌സാണ് സംഗീതമൊരുക്കുന്നത്. ഡാന്‍സ് മാസ്റ്റര്‍ ശ്രീധര്‍ ആണ് കൊറിയോഗ്രാഫര്‍.