Malayalam
മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷ് രാമനെ അഭിനന്ദിച്ച് ടീം ‘എലോണ്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷ് രാമനെ അഭിനന്ദിച്ച് ടീം ‘എലോണ്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
51 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷ് രാമനെ അഭിനന്ദിച്ച് ടീം ‘എലോണ്‍. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എലോണി’ന്റെ സെറ്റില്‍ സഹപ്രവര്‍ത്തകന്റെ നേട്ടം സുഹൃത്തുക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. മോഹന്‍ലാല്‍, ഷാജി കൈലാസ്, ആന്റണി പെരുമ്പാവൂര്‍, അഭിനന്ദന്‍ രാമാനുജം, ഡോണ്‍ മാക്‌സ് എന്നിവരൊക്കെ സന്തോഷ് രാമനൊപ്പം ഉണ്ടായിരുന്നു.
പ്യാലി, മാലിക് എന്നീ സിനിമകളുടെ കലാസംവിധാനത്തിനാണ് സന്തോഷ് രാമന് പുരസ്‌കാരം ലഭിച്ചത്. ‘കഥയുടെ കാലം, ദേശം എന്നിവയ്ക്ക് തികച്ചും അനുഗുണമായ രീതിയില്‍ സ്വാഭാവികവും യഥാതഥവുമായ പശ്ചാത്തലമൊരുക്കുന്ന കലാമികവിന്’ എന്നായിരുന്നു സന്തോഷ് രാമന്റെ വര്‍ക്കിനെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തല്‍. ‘എലോണി’നൊപ്പം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ കലാസംവിധാനവും നിര്‍വ്വഹിക്കുന്നത് സന്തോഷ് രാമനാണ്.
അതേസമയം, 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ 30-ാം ചിത്രവുമാണിത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്റെ പ്രധാന അണിയറക്കാര്‍.
