News
പുരുഷന്മാരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നു.., പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സിനെതിരെ രംഗത്തെത്തി മെന്‍സ് അസോസിയേഷന്‍; ഗാനം പിന്‍വലിക്കണമെന്നും ആവശ്യം
പുരുഷന്മാരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നു.., പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സിനെതിരെ രംഗത്തെത്തി മെന്‍സ് അസോസിയേഷന്‍; ഗാനം പിന്‍വലിക്കണമെന്നും ആവശ്യം
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി എത്താറുള്ള വിശേഷശങ്ങളെല്ലാം വൈറലായി മാറിയിരുന്നു. തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ഐറ്റം ഡാന്‍സുമായി എത്തുന്നു എന്നുള്ള വാര്‍ത്തയും വൈറലായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
മലയാളത്തില്‍ രമ്യ നമ്പീശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനവും പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17നാണ് തിയറ്ററുകളില്‍ എത്തുക. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.
