News
ഒമൈക്രോണ്‍ ഭീതിയില്‍ വീണ്ടും പ്രതിസന്ധി, പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുമ്പോള്‍ ആര്‍ആര്‍ആറിന്റെ റിലീസും മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരണം അറിയിച്ച് രാജമൗലി
ഒമൈക്രോണ്‍ ഭീതിയില്‍ വീണ്ടും പ്രതിസന്ധി, പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുമ്പോള്‍ ആര്‍ആര്‍ആറിന്റെ റിലീസും മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതികരണം അറിയിച്ച് രാജമൗലി
രാജ്യമാകെ വീണ്ടും ഭീതിയോടെ നോക്കിക്കാണുകയാണ് ഒമൈക്രോണിന്റെ വളര്‍ച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമൈക്രോണ്‍ കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തിയേറ്ററുകള്‍ അടയ്ക്കുകയാണ്. കേരളത്തില്‍ നൈറ്റ് കര്‍ഫ്യൂ വരുന്നതോടെ സെക്കന്റ് ഷോകളും മുടങ്ങും. ഇതോടെ പല സിനിമകളുടെയും റിലീസ് വീണ്ടും മാറ്റി വയ്ക്കാനുള്ള തീരുമാനത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍.
ഇതിനിടെ എസ്എസ് രാജമൗലിയുടെ ബിഗ്ബജറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ റിലീസും മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജനുവരി 7ന് ആണ് ആര്‍അര്‍ആറിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചിത്രം നീട്ടുന്നില്ലെന്നും ജനുവരി 7ന് തന്നെ എത്തുമെന്നും രാജമൗലി തന്നോട് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ചിത്രം നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് ഡി വി വി ദനയ്യ പിങ്ക്വില്ലയോട് പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മുതല്‍ മുടക്കുള്ള ആക്ഷന്‍ ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
1920കളിലെ സ്വാതന്ത്ര സമരസേനാനികളായ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.
ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രിയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബാഹുബലിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.
