ഈ പ്രായത്തിലും പ്രണയമോ..ഇതെങ്ങനെ സാധിക്കുന്നു; ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒരു ക്രഷ് ഉണ്ടാവും, അതെപ്പോഴും നമ്മുടെ മനസില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യും, തുറന്ന് പറഞ്ഞ് നടി രേഖ രതീഷ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ അമ്മായിയമ്മയായ പദ്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ വളരെ ശ്രദ്ധേയമായ വേഷങ്ങളാണ് രേഖ കൈകാര്യം ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെയും മകന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ രേഖ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോള്‍ വീണ്ടും അറുപത് വയസിന് മുകളിലുള്ള അമ്മയായി ആണ് രേഖ അഭിനയിക്കുന്നത്. സസ്നേഹം എന്ന പേരില്‍ ഏഷ്യാനെറ്റില്‍ പുതിയതായി ആരംഭിച്ച സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഖയാണ്. ഇന്ദിര എന്ന കഥാപാത്രത്തിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രേഖ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ഈ പ്രായത്തില്‍ പ്രണയം ഉണ്ടാവുമോ, അത് എങ്ങനെ സാധ്യമാകും എന്ന ചോദത്തിന് വളരെ രസകരമായ മറുപടിയാണ് താരം നല്‍കുന്നത്.
നമ്മളെല്ലാവര്‍ക്കും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒരു ക്രഷ് ഉണ്ടാവും. അതെപ്പോഴും നമ്മുടെ മനസില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യും. വളരെ വൈകി ആണെങ്കിലും ഇന്ദിരയുടെയും ബാലന്റെയും മനസില്‍ അത് അമൂല്യമായൊരു നിധി പോലെ ഉണ്ട്. വളരെ ശുദ്ധവും നിഷ്‌കളങ്കവുമായ പ്രണയമാണ് സസ്നേഹത്തിന്റെ ഇതിവൃത്തം. ടെലിവിഷനിലൂടെ ഷോ സംപ്രേക്ഷണം ചെയ്തതിന് ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു എന്നാണ് അഭിമുഖത്തിലൂടെ രേഖ രതീഷ് പറയുന്നത്.
ഇന്ദിരയുടെയും ബാലന്റെയും ഒരു രംഗം അവരുടെ ആ നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് പറഞ്ഞത്. ആ മേക്കോവര്‍ എനിക്ക് കുറച്ച് വെല്ലുവിളി ആയിരുന്നു. ഞാനൊരു ഫിറ്റ്നെസ് പ്രേമി ആയത് കൊണ്ട് എന്റെ ശരീരം ഫിറ്റ്നെസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കാറുണ്ട്. 38 വയസുള്ള എന്നെ 60 വയസിലേക്ക് എത്തിക്കുന്നത് ലേശം കഠിനമായിരുന്നു. നരച്ച മുടി ആക്കുന്നതാണ് പ്രധാന പ്രശ്നം. എന്റെ കഥാപാത്രത്തിന് അത് ആവശ്യമുള്ളത് മനസിലാക്കിയത് കൊണ്ട് ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.
എന്നെ കൂടുതലും കളര്‍ഫുള്‍ ആയിട്ടുള്ള സാരികള്‍ ഉടുത്താണ് ആളുകള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ ഇന്ദിര സെറ്റും മുണ്ടും പൊതിഞ്ഞ് നടക്കുന്ന ഒരു സാധാരണ സ്ത്രീയാണ്. ഇന്ദിരയ്ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ഒരേ ഒരു മേക്കപ്പ് പ്രായം കൂടുതല്‍ കാണിക്കാന്‍ വേണ്ടി മുഖത്ത് ചുളിവുകള്‍ ചേര്‍ക്കുന്നതാണ്. പിന്നെ ഇന്ദിരയില്‍ നിന്നും എനിക്ക് ലഭിച്ചത് മൂക്കുത്തി ഇട്ടിട്ടുണ്ട് എന്നുള്ളതാണ്. ആ കഥാപാത്രം മറ്റ് ആഭരണങ്ങളൊന്നും ധരിക്കാത്തത് കൊണ്ട് മൂക്കൂത്തി എങ്കിലും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനൊരു തമിഴ് പരമ്പരാഗതമായ ലുക്കും കൊടുത്തു.
നടക്കുന്നതില്‍ വരുത്തിയ മാറ്റമാണ് മറ്റൊരു പ്രത്യേകത. എന്റെ കഥാപാത്രത്തിന് കൂടുതല്‍ മനോഹരമാവാന്‍ നടക്കുമ്പോള്‍ കൈ പിടിച്ച് കൂടി നടക്കാറുണ്ട്. ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നത്. പ്രത്യേകിച്ച് ഡബ്ബിങ്ങും. കഥാപാത്രത്തിന് വേണ്ടി എന്റെ ശബ്ദവും മാറ്റിയിരുന്നു. ഞാനൊരു പരുക്കന്‍ ശബ്ദം കലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഡോ. ഷാജുവാണ് ഇതിന്റെ നിര്‍മാതാവ്. അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളുമാണ്. പുതിയ പ്രോജക്ട് ഉണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്. കഥയുടെ ഒരു വരി മാത്രം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇത് ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും രേഖ പറയുന്നു.
അതേസമയം, ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ജീവന്‍ എടുക്കാന്‍ പോലും താന്‍ ആലോച്ചിരുന്ന കാര്യത്തെ കുറിച്ചും രേഖ തുറന്ന് പറഞ്ഞിരുന്ന് ഏറെ വാര്‍ത്തയായിരുന്നു. ഒരിക്കല്‍ ദൈവം തന്ന ജീവന്‍ അത് എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു എന്നതാണ് ആദ്യമായി പറയാനുള്ളത്. എല്ലാ മനുഷ്യര്‍ക്കും ഈ മനസ്സും സങ്കടങ്ങളും എല്ലാം ഒരു പോലെ തന്നെയാണ്. ഒരു പട്ടിയുടെ കാലൊടിഞ്ഞു കരഞ്ഞാലും അതിനു വേദന തന്നെയാണ്. നമ്മുടെ കാലൊടിഞ്ഞു കരഞ്ഞാലും നമുക്കും വേദന തന്നെയാണ്. ഈ പറഞ്ഞ പോലെ ആ സമയത്ത്് എനിക്കും വലിയ വേദനയുണ്ടായി. ഒരു വ്യക്തിയുടെ പേരില്‍ സ്വന്തം വീട്ടുകാര്‍ തൊട്ട് നമ്മളെ അറിയാത്തവര്‍ പോലും കുറ്റപ്പെടുത്തുന്നു.
എന്റെ കസിന്‍ സിസ്റ്റേഴ്സ് പോലും എന്റെ അപ്പുറത്തു പോയി നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം. അവര്‍ക്ക് ഇത് നാണക്കേട് ആയി എന്ന് പറയുന്നത് ഞാന്‍ ചെവിക്ക് കേട്ടിട്ടുണ്ട്. പക്ഷെ എന്റെ സ്ഥാനത്ത്് മറ്റൊരാള്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ അവരെ തോളോട് ചേര്‍ത്ത് പിടിക്കും. ധൈര്യമായി മുന്‍പോട്ട് പോകൂ. ഞങ്ങള്‍ കൂടെ ഉണ്ടെന്നേ പറയുമായിരുന്നുള്ളു. എന്നാല്‍ എനിക്ക് ആ സമയത്ത് ഒരു പിന്തുണയും കിട്ടിയിരുന്നില്ല. ഞാന്‍ നല്ലോണം ബുദ്ധിമുകള്‍ക്കിടയിലൂടെയാണ് മുന്‍പോട്ട് പോയത്.
മോന്‍ ജനിച്ചതിനു ശേഷം അവനെയും കൊണ്ട് ജീവിതം അവസാനിപ്പിക്കാം എന്ന് തന്നെയായിരുന്നു തീരുമാനിച്ചത്. അങ്ങനെ ആ സാഹചര്യത്തിലേക്ക് എത്തിയപ്പോള്‍ പെട്ടെന്ന് ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ചു. നിങ്ങള്‍ എന്തിനാ ഇവിടെ വന്നു നില്‍ക്കുന്നത് എന്ന് ചോദിച്ചു. ആ വ്യക്തിക്ക് എന്നെ അറിയുകപോലും ഇല്ല. ആ സെക്കന്‍ഡില്‍ ആ വ്യക്തി എന്നെ പിടിച്ചില്ലായിരുന്നു എങ്കില്‍ ഞാന്‍ എന്റെ മോനുമായി ജീവിതം അവസാനിപ്പിച്ചേനെ. ദൈവമാണ് എന്നെ അവിടെ തടഞ്ഞതെന്ന് ഞാന്‍ അറിഞ്ഞു.
അങ്ങനെ അവസാനിക്കേണ്ട ഒരു വ്യക്തി അല്ല ഞാനെന്ന തിരിച്ചറിവ് വന്നു. ഞാന്‍ എന്തിനാണ് മരിക്കുന്നത്. ഞാന്‍ എന്റെ കാര്യങ്ങള്‍ ബോധിപ്പിക്കേണ്ട ഒറ്റ ആളെ ഉള്ളു. അത് എന്റെ ദൈവമാണ്. പിന്നെ എന്റെ അച്ഛനും അമ്മയും. ഇപ്പോള്‍ അവര്‍ രണ്ട് പേരും ജീവനോടെ ഇല്ല. അതുകൊണ്ടുതന്നെ ദൈവത്തില്‍ ഞാന്‍ മുറുകെ പിടിച്ചു. ജീവിച്ചു കാണിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നൊള്ളു അങ്ങനെയാണ് പുതിയൊരു ജീവിതം ആരംഭിക്കുന്നത്. അന്ന് രക്ഷിച്ച ആ വ്യക്തിയെ താന്‍ പിന്നീട് കണ്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് അറിയാമെന്നും അഭിനയത്തിലേക്ക് താന്‍ രണ്ടാം വരവ് നടത്തിയപ്പോള്‍ ഒരുപാട് ആളുകള്‍ പാര വെച്ചിരുന്നു. ഇന്‍ഡസ്ട്രിയ്ക്ക് ഉള്ളില്‍ തന്നെയുള്ളവരാണ് അവരൊക്കെയെന്നും രേഖ പറയുന്നു.