News
പുനീത് രാജ്കുമാറിന് ആദരമര്‍പ്പിച്ച് നടന്‍ വിജയ്
പുനീത് രാജ്കുമാറിന് ആദരമര്‍പ്പിച്ച് നടന്‍ വിജയ്
അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന് ശനിയാഴ്ച ബംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയിലെ അദ്ദേഹത്തിന്റെ സ്മാരകത്തില്‍ നടന്‍ വിജയ് ആദരാഞ്ജലി അര്‍പ്പിച്ചു. മെറൂണ്‍ ഷര്‍ട്ടില്‍ സ്ലിംഗ് ബാഗുമായി വിജയ് എത്തി. സ്മൃതിമണ്ഡപത്തില്‍ ആദ്യം കര്‍പ്പൂരം തെളിച്ച താരം പിന്നീട് പുഷ്പാര്‍ച്ചന നടത്തി.
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കന്നഡ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരുന്നു. ഏറെ വൈകാതെ മരണവാര്‍ത്തയും എത്തി.
രാജ്കുമാര്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്‍. ഇപ്പോഴും താരത്തിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ഏറെയാണ്.