Malayalam
ടെലിവിഷന്‍ ചാനലുകളുടെ പ്രചാരം തീയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുമെന്നു പണ്ട് ഉണ്ടായിരുന്ന അഭിപ്രായം അസ്ഥാനത്താണ് എന്ന് തെളിഞ്ഞതുപോലെ ഒടിടി റിലീസുകളെ കുറിച്ചും കാലം തെളിയിക്കും, കണ്ട് തന്നെ അറിയേണ്ടിരിക്കുന്നു
ടെലിവിഷന്‍ ചാനലുകളുടെ പ്രചാരം തീയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുമെന്നു പണ്ട് ഉണ്ടായിരുന്ന അഭിപ്രായം അസ്ഥാനത്താണ് എന്ന് തെളിഞ്ഞതുപോലെ ഒടിടി റിലീസുകളെ കുറിച്ചും കാലം തെളിയിക്കും, കണ്ട് തന്നെ അറിയേണ്ടിരിക്കുന്നു
ഭാഷാഭേദ്യമന്യേ ലൊകമെമ്പാടുമുള്ള എല്ലാവരുടെയും വിശാലമായ വിനോദോപാധിയാണ് സിനിമ. പണ്ട് കാലം മുതലുള്ള സിനിമകള്‍ മുതല്‍ ഇന്ന് ഒടിടി പ്ലാറ്റ്‌ഫോം വരെ സിനിമകള്‍ എത്തി നില്‍ക്കുമ്പോള്‍ മുഖഛായയുടെ മൂടുപടം മാറ്റിയാണ് സിനിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാഴ്ചയിലും അവതരണ ശൈലിയിലുമെല്ലാം മാറ്റങ്ങള്‍ വന്നു തുടങ്ങി. പണ്ട് കുടുംബത്തോടൊപ്പം ഒരുമിച്ച് തിയേറ്ററില്‍ പോയി സിനിമകള്‍ കാണുമ്പോഴും സുഹൃത്തുക്കളോടൊപ്പം പോകുമ്പോഴുമെല്ലാം എന്തെന്നറിയിക്കാനാകാത്ത സന്തോഷമാണ് പലര്‍ക്കും. തങ്ങളുടെ ഇഷ്ട താരങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആര്‍പ്പുവിളിച്ചും കൈയടിച്ചും വരവേറ്റിരുന്ന ജനതയുടെ ഇന്നത്തെ അവസ്ഥയോ? സിനിമാസ്വാദകര്‍ക്ക് അത് അത്രയ്ക്ക് ഇഷ്ടമാകാന്‍ വഴിയില്ല.
എന്നാല്‍ ഒരുകൂട്ടര്‍ക്ക് ഇന്നത്തെ ഒടിടി പ്ലാറ്റ്‌ഫോമിനോട് വല്ലാത്ത ഇഷ്ടവുമുണ്ട്. ജോലിത്തിരക്കുമായി അലയുന്നവര്‍ക്ക് അവരുടെ സമയത്തിനനുസരിച്ച് ഇഷ്ടമുള്ളതു പോലെ കാണാം എന്നുള്ളതു കൊണ്ടും വീട്ടില്‍ ഇരുന്ന് തന്നെ എപ്പോള്‍ വേണമെങ്കിലും കാണാം എന്നുള്ളതു കൊണ്ടു തന്നെ ഒരുകൂട്ടര്‍ക്കിത് സ്വീകാര്യമാണ്. കോവിഡ് എന്ന മഹാമാരി ലോകത്താകെ വ്യാപിച്ചപ്പോള്‍ വലിയ തകര്‍ച്ച നേരിട്ട മേഖലയായിരുന്നു സിനിമാ വ്യവസായം. മോഹന്‍ലാലിന്റെ ദൃശ്യം 2 ഒടിടി ആയി എത്തിയതിനു പിന്നാലെ നിരവധി ചിത്രങ്ങളാണ് ഈ പ്ലാറ്റഫോമിലൂടെ പുറത്ത് വന്നത്.
കോവിഡ് കാലം സിനിമാ വ്യവസായത്തിന് തുറന്നുകൊടുത്ത ഏറ്റവും വലിയ ആശ്വാസമാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനസ്വീകാര്യത എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഒരുവര്‍ഷത്തിലധികമായി കോവിഡ് പ്രതിസന്ധിമൂലം അതീവ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സിനിമാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ജനപ്രീയമായ ഒട്ടേറെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കുറച്ചെങ്കിലും സിനിമകള്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതും റിലീസ് ചെയ്ത മിക്കവയും ഒടിടി ഹിറ്റുകളായി ചരിത്രത്തില്‍ ഇടം നേടിയതും നമ്മള്‍ കണ്ടതാണ്. മോഹന്‍ലാലിന്റെ ദൃശ്യം ടു ഒടിടിയിലെ ആദ്യമലയാളം സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ കോവിഡ് കാലത്ത് റിലീസ് ചെയ്ത സീ യു സൂണും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും ഓപ്പറേഷന്‍ ജാവയും വൂള്‍ഫും കളയും കോള്‍ഡ് കേസുമെല്ലാം ഒടിടി വിജയതരംഗത്തിന്റെ ഭാഗമാകുകയായിരുന്നു.
അതേസമയം സിനിമയുടെ ചിത്രീകരണരീതിയെപോലും ഒടിടി പ്ലാറ്റ്ഫോമുകള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ്. ചിത്രീകരണത്തില്‍ മാത്രമല്ല, പ്രദര്‍ശനത്തിലും ഒടിടി ഇടപെടലുകള്‍ നിര്‍ണായകമാകുന്നു. കോവിഡ് കാലത്തിനിടെ തീയേറ്റര്‍ റിലീസ് ചെയ്ത് ഫ്ളോപ്പായ ചിത്രങ്ങളില്‍ ചിലത് ഒടിടി റിലീസില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോള്‍ ഒടിടി എക്സ്‌ക്ലൂസീവ് റിലീസില്‍ നിന്ന് മാറി ഒരു സിനിമ ഒന്നില്‍ കൂടുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതില്‍ എത്തിനില്‍ക്കുന്നു ഈ മാറ്റം. ഇത്തരത്തില്‍ നോണ്‍ എക്സ്‌ക്ലൂസീവ് റിലീസുകള്‍ സിനിമാ നിര്‍മാതാക്കളെ സംബന്ധിച്ചും ആശ്വാസമാണ്. പ്രദര്‍ശനാവകാശം തീറെഴുതി വാങ്ങുന്ന രീതിയില്‍ നിന്നു മാറി തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ സിനിമ കണ്ടവരില്‍നിന്നും ലഭിച്ച വരുമാനം ആനുപാതിക പ്രതിഫലമായി നിര്‍മാതാവിന് നല്‍കുന്നതാണ് ഈ രീതി.
ബിജുമേനോനെ നായകനാക്കി സനു വര്‍ഗീസ് ജോണ്‍ സംവിധാനം ചെയ്ത ആര്‍ക്കറിയാം എന്ന ചിത്രം ഇത്തരത്തില്‍ മള്‍ട്ടി ഒടിടി റീലീസ് ചെയ്തപ്പോള്‍ മികച്ച സ്വീകാര്യതയാണ് നേടിയത്. ഈ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ കുടുംബപ്രേക്ഷകര്‍ കൈഒഴിഞ്ഞതിനെ തുടര്‍ന്ന് കളക്ഷനെ കാര്യമായി ബാധിച്ച അവസ്ഥയായിരുന്നു. കേരളം ആസ്ഥാനമായ ഒടിടി പ്ലാറ്റ്ഫോമുകളിലും ആമസോണിലും ഉള്‍പ്പടെ നാലിടത്താണ് ആര്‍ക്കറിയാം എന്ന ചിത്രം റിലീസ് ചെയ്തത്. ഓപ്പറേഷന്‍ ജാവയും കളയും ഈ മാതൃക പിന്തുടര്‍ന്നവയാണ്. അതേസമയം ഒന്നില്‍ കൂടുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതുമൂലം സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് ഒരു പരിധിവരെ തടയാനും സാധിക്കുമെന്ന് ഉറപ്പാണ്.
ലൊക്കേഷന്‍ ചെലവ് കുറയ്ക്കുന്നു എന്നതാണ് ഒടിടി സിനിമകളുടെ നിര്‍മാണത്തില്‍ ലാഭകരമായ മറ്റൊരു നേട്ടം. പരിമിതമായ ലൊക്കേഷനുകളിലോ ഒരൊറ്റ ലൊക്കേഷനിലോ ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് ഒടിടി റിലീസ് സിനിമകളുടെ രീതി മാറുകയാണ്. കോവിഡ് പ്രോട്ടോകോളുകള്‍ സിനിമകളുടെ ചിത്രീകരണത്തിന് നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ് ഇത്തരത്തില്‍ ലിമിറ്റഡ് ലൊക്കേഷന്‍ രീതിയിലേക്ക് മലയാള സിനിമകളും മാറിതുടങ്ങിയത്. അര്‍ജുന്‍ അശോകന്‍ നായകനായ വൂള്‍ഫ്, ടോവിനോ തോമസ് നായകനായ കള, ബിജു മേനോന്റെ ആര്‍ക്കറിയാം, സുരാജിന്റെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ലിമിറ്റഡ് ലൊക്കേഷന്‍ രീതി അവലംബിച്ച് ചിത്രീകരിച്ച സിനിമകളാണ്. ഒടിടി റീലീസ് ആയതുകൊണ്ടുതന്നെ ചിത്രീകരണ ചെലവ് കുറക്കണമെന്ന അണിയറ പ്രവര്‍ത്തകരുടെ തീരുമാനമായും ഇതിനു പിന്നിലുണ്ടാകും.
അതേസമയം ഒടിടി പ്ലാറ്റ്ഫോമുകള്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് സിനിമയുടെ മേക്കിങ് രീതികളും മാറിയേക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിരുചി വ്യത്യസ്തമാണ്. അപ്പോള്‍ അവര്‍ക്കുവേണ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ സംഭവിച്ചേ മതിയാകൂ എന്നാണ് നവാഗതരായ ഒടിടി സംവിധായകര്‍ അഭിപ്രായപ്പെടുന്നത്. തീയേറ്റര്‍ റിലീസ് സിനിമകള്‍ക്കും ഒടിടി റിലീസ് സിനിമകള്‍ക്കും പ്രത്യേകം കഥപറച്ചില്‍ രീതി ഉണ്ടായേക്കുമെന്നതാണ് ഒരു മാറ്റം. മറ്റൊന്ന് ടെക്നോളജിയുമായി ബന്ധപ്പെട്ടതാണ്.
മൊബൈല്‍ ഫോണുകളിലും മറ്റും അനായാസം കാണാന്‍ സാധിക്കുന്ന വെര്‍ട്ടിക്കല്‍ സിനിമകളും ഇന്ററാക്ടീവ് സിനിമകളും സമീപഭാവിയില്‍ വന്നേക്കാം. അതിനിടെ ഒടിടി റീലിസുകള്‍ തീയേറ്റര്‍ വ്യവസായം എന്ന നിലയില്‍ സിനിമകളെ തകര്‍ത്തേക്കും എന്ന അഭിപ്രായങ്ങളും അസ്തമിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളുടെ പ്രചാരം തീയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുമെന്നു പണ്ട് ഉണ്ടായിരുന്ന അഭിപ്രായം അസ്ഥാനത്താണ് എന്ന് തെളിഞ്ഞതുപോലെ ഒടിടി റിലീസുകളും തീയേറ്ററുകളിലെ ബാധിക്കില്ല എന്ന് കാലം തെളിയിക്കും.
അതേസമയം സാറ്റലൈറ്റ് റൈറ്റുകളെ പോലെ ഒടിടി റൈറ്റുകള്‍ സിനിമക്ക് മറ്റൊരു വരുമാന മാര്‍ഗം കൂടി തുറന്നിടുകയാണ്. നേരത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ വളര്‍ച്ച തീയേറ്ററുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുമെന്ന അഭിപ്രായം വ്യാപകമായപ്പോഴും പുതിയ ദൃശ്യശബ്ദവിന്യാസങ്ങളുടെ അകമ്പടിയോടെ തീയേറ്ററുകള്‍ പരിഷ്‌കരിക്കപ്പെടുകയും പ്രേക്ഷകര്‍ക്ക് മാസ് അനുഭവം സമ്മാനിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് തീയേറ്റര്‍ ഹാളുകള്‍ മാറുകയും ചെയ്തു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറുമ്പോഴേക്കും കൂടുതല്‍ സിനിമകള്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. പഴയകാല പ്രതാപത്തിലേക്ക് കൂടുതല്‍ നവീകരണങ്ങളോടെയും സുരക്ഷാ സജ്ജീകരണങ്ങളോടെയും മാറുന്ന തീയേറ്ററുകള്‍ വീണ്ടും ഹൗസ്ഫുള്‍ കേന്ദ്രങ്ങളാകും. അപ്പോഴും സിനിമക്ക് പുതിയൊരു ബിസിനസ് സ്രോതസ്സ് തുറന്നിട്ടുകൊണ്ട് ഒടിടി പ്ലാറ്റ്ഫോമുകളും അവിടെ ഉണ്ടാകും.
യഥാര്‍ത്ഥത്തില്‍ ഒടിടി റിലീസ് സിനിമകളെ ആഗോള തലത്തിലേക്കുയര്‍ത്തുകയാണ് ചെയ്യുന്നത്. പെട്ടന്നു തന്നെ ലോകത്തിന്റെ എല്ലാ ഭാഗത്തും സിനിമ എത്തുന്നു. യഥാര്‍ത്ഥത്തില്‍ ഒരു ഗ്ലോബല്‍ റിലീസ് പ്ലാറ്റ്ഫോമാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍. ചെറിയ സിനിമകള്‍ക്ക് അടക്കം അന്താരാഷ്ട്ര തലത്തില്‍ വേദിയൊരുക്കുകയാണ് മെയിന്‍ സ്ട്രീം. ലോകത്തിന്റെ ഏത് കോണിലിരുന്നും മെയിന്‍ സ്ട്രീമിലൂടെ സിനിമ ആസ്വദിക്കാം. ഇന്റര്‍നെറ്റ് സേവനം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം മെയിന്‍ സ്ട്രീമിന് എത്താനാകും. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
മലയാള സിനിമ വലിയ മാറ്റങ്ങള്‍ക്കാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് പോലും സാക്ഷ്യം വഹിച്ചത്. ഒരുപക്ഷെ ലോക്ക്ഡൗണ്‍ സമയത്തെ പോലും ക്രിയാത്മകമായി നേരിട്ടതും ഒടിടി പോലുള്ള സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്ത സിനിമാ മേഖലയാകും മലയാളം സിനിമ. ഒടിടിയിലേക്കുള്ള പ്രേക്ഷകരുടെ ചുവടുമാറ്റം മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്ത് വലിയ ജനപ്രീതി നേടി തരുന്നുണ്ടെന്നതും വാസ്തവമാണ്.
അതേസമയം മലയാള സിനിമയില്‍ ഇപ്പോള്‍ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് മറ്റ് ഭാഷകളിലെ നടിമാരുടെ വരവ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ കുറച്ചു കൊണ്ടു വരുന്ന കാലത്ത് ധാരാളം നടിമാരാണ് മലയാളത്തിലേക്ക് എത്താന്‍ പോകുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പും ഇത്തരത്തില്‍ മറ്റ് ഭാഷകളില്‍ നിന്നുമുള്ള മലയാളത്തിലെ നായികമാരായിട്ടുണ്ടെങ്കിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന ഈ കാലത്ത് ഇങ്ങനൊരു മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.ഈ അടുത്ത് ഡയറക്ട് ഒടിടി റിലീസ് ആയ പൃഥ്വിരാജ് ചിത്രത്തിലും ഈ മാറ്റം കാണാം. തമിഴ് ചിത്രമായ അരുവിയിലൂടെ ശ്രദ്ധ നേടിയ അതിഥി ബാലനായിരുന്നു ചിത്രത്തിലെ നായിയായി എത്തിയത്. ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കോള്‍ഡ് കേസ്.