Malayalam
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആധികാരികമായി പറയാനാവില്ല, തന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു, എന്നും അവളുടെ കൂടെ തന്നെ; കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്നും നവ്യ നായര്‍
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആധികാരികമായി പറയാനാവില്ല, തന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു, എന്നും അവളുടെ കൂടെ തന്നെ; കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്നും നവ്യ നായര്‍
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു.
ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താന്‍ എന്നും അവള്‍ക്കൊപ്പം തന്നെയാകുമെന്നാണ് നവ്യ നായര്‍ പറയുന്നത്. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിരസിച്ചാണ് നവ്യയുടെ മറുപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ ആധികാരികമായി പറയാനാവില്ലെന്നും നവ്യ പ്രതികരിച്ചു. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. കാരണം ഇക്കാര്യത്തെ പറ്റി താന്‍ നേരത്തെ പറഞ്ഞിരുന്നു. പലതും റിലേറ്റീവായി പോവുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതുകൊണ്ട് തന്നെ അതിനെ പറ്റി ആധികാരികമായി പറഞ്ഞ് വഷളാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.
തന്റെ സഹപ്രവര്‍ത്തക വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല എന്നാണ് നവ്യ പറയുന്നത്. ഡബ്ല്യൂസിസിയെ പ്രശംസിച്ചും താന്‍ മുംബൈയില്‍ ആയിരുന്നതിനാലാണ് മീറ്റിംഗില്‍ പങ്കെടുക്കാത്തതെന്നും നവ്യ പറഞ്ഞു. ഡബ്ല്യൂസിസി കൊണ്ടു വന്ന ഒരുപാട് കാര്യങ്ങളുണ്ട്.
സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനായി ഒരിടം എന്ന ഒരു ആശയം നല്ലത് തന്നെയാണ്. താന്‍ മുംബൈയില്‍ ആയതിനാലാണ് മീറ്റിംഗിലൊന്നും പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ല എന്ന കാര്യം ഡബ്ല്യൂസിസി ഉന്നയിച്ചപ്പോഴാണ് അതിന് ഒരു അനക്കം വച്ചത്. വേഗം തന്നെ ഈ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നു എന്നാണ് തന്റെ അഭിപ്രായം എന്നാണ് നവ്യ പറയുന്നത്.
അത്മാത്രമല്ല, കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്നും നവ്യ നായര്‍ പറയുന്നു. ഒരു സമയത്ത് മലയാളത്തിലെ മുന്‍നിര നായികമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും, നിങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടാണ് നവ്യ പ്രതികരിച്ചത്. വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല എന്നാണ് നവ്യ തുറന്നു പറയുന്നത്.
അതേസമയം, താനൊരു കുലസ്ത്രീ ഒന്നും അല്ലെന്നും സാധാരണ സ്ത്രീയാണെന്നും നവ്യ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യമേ എനിക്ക് ഒരു സമയത്ത് ചെയ്യാനാവുള്ളൂ, ഇത് പറഞ്ഞ് മകന്‍ തന്നെ കളിയാക്കാറുണ്ടെന്നും നവ്യ പറയുന്നു. എന്നാല്‍ തന്റെ അമ്മ ഒരു സൂപ്പര്‍ വുമനാണ്. എല്ലാവരുടേയും കാര്യങ്ങളും അമ്മ ഓടി നടന്ന് ചെയ്യും. അതുകൊണ്ട് അമ്മ പെട്ടെന്ന് ക്ഷീണിച്ചു. സ്ത്രീകള്‍ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പുരുഷന്‍ ഒരിക്കലും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറില്ല. അവര്‍ എപ്പോഴും ക്വാളിറ്റേറ്റീവ് ആണെന്നും നവ്യ പറഞ്ഞു.
അതേസമയം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നവ്യ പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവര്‍ത്തകരെ പോലെ ,കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സില്‍ നീറി കിടന്ന കുറെ കനലുകള്‍ മൗനമെന്ന മറയ്ക്കുള്ളില്‍ മൂടി വെക്കേണ്ടി വന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോള്‍ അതിലുമുപരി വളരെ നാള്‍ ഒപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചു പോന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവര്‍ത്തി ……എന്നെ വീണ്ടും തളര്‍ത്തി എന്ന് പറയാതെ വയ്യ.
ഇതൊരു പക്ഷെ എന്റെ മാത്രം ചിന്തയാവാനിടയില്ല …മലയാള സിനിമാ തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഇത് വല്ലാതെ മുറിവേല്‍പ്പിച്ചു എന്ന് പറയാതെ വയ്യ . ഇതു സംബന്ധിച്ച് ഇത് വരെ പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ പലരും മുതിരാതിരുന്നതും അത് കൊണ്ട് തന്നെ എന്ന് ഞാന്‍ കരുതുന്നു. കാരണം അത്ര കണ്ടു അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ക്കെല്ലാം ഇവര്‍ രണ്ടു പേരോടു . അന്വേഷണം മുന്നോട്ടു പോയിക്കൊണ്ടിരുന്നു വേളയില്‍ ഊഹാപോഹങ്ങളുടെ മാത്രം പേരില്‍ ആര്‍ക്കുമെതിരെ ഒന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ ഇന്നലെ വൈകിട്ടോടു കൂടി , കാര്യങ്ങള്‍ക്കു വ്യക്തത വരികയും , ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ വെളിയില്‍ വരികയും ചെയ്തപ്പോള്‍ , ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു . എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടി.
ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വോപരി സ്ത്രീത്വത്തിന്റെയും വിജയമാണ്. ഇത്രയേറെ യാതനകള്‍ക്കിടയിലൂടെ കടന്നു പോയിട്ടും , തളര്‍ന്നു പോകാതെ , തല കുനിക്കാതെ നിന്ന് ആര്‍ജവത്തോടെ പ്രതികരിച്ച , എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ് . നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കില്‍ , ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയര്‍ച്ചയുടെ പടവുകള്‍ നിനക്ക് മുന്നില്‍ തുറന്നു തന്നെ കിടക്കും …നടക്കുക…. മുന്നോട്ടു തന്നെ , സധൈര്യം.
