Malayalam
ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല; ഈ ചിത്രത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കണം, അപേക്ഷയുമായി സൈലക്സ് എബ്രഹാം
ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല; ഈ ചിത്രത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കണം, അപേക്ഷയുമായി സൈലക്സ് എബ്രഹാം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ തരത്തിലുള്ള വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഈശോ’ എന്ന ചിത്രം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന് നേരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സൈലക്സ് എബ്രഹാം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൈലക്സ് അബ്രഹാമിന്റെ കുറിപ്പ്:
‘ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെയും ചീഫ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയിലും ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലക്കും ഈ ചിത്രത്തില്‍ ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല.
നമ്മളില്‍ ഒരുവനെ പോലെ ഒരു സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടുന്ന ഈ ചിത്രത്തിനെതിരെ കഥയോ, ഉള്ളടക്കമോ, കഥാസന്ദര്‍ഭങ്ങളോ അറിയാതെ അതില്‍ വര്‍ക്കു ചെയ്തവരെയും ചിത്രത്തിന്റെ സംവിധായകനെതിരായും നടന്നു കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം മതമോ രാഷ്ട്രീയമോ കൂട്ടിക്കലര്‍ത്താതെ, നിങ്ങളില്‍ ഒരുവനെ പോലെ തന്നെ മറ്റുള്ളവരെയും കണ്ടുകൊണ്ടു ഈ ചിത്രത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ താഴ്മയായി അപേക്ഷിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റില്ല എന്നാണ് നാദിര്‍ഷ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നുമില്ലെന്ന് വ്യക്തമാക്കി ഈശോയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാടും രംഗത്തെത്തിയിരുന്നു. പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമുണ്ടാകുന്ന വിവാദത്തിന്റെ ഉദ്ദേശം എന്തെന്ന് ചിന്തിക്കാന്‍ പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും തിരക്കഥാകൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.