Malayalam
ആ സംഭവത്തോടെ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു; കാരണക്കാരനായത് യേശുദാസ്
ആ സംഭവത്തോടെ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു; കാരണക്കാരനായത് യേശുദാസ്
എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. കൂടെവിടെ മുതല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ വരെ നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. മലയാള സിനിമയില്‍ സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മമ്മൂട്ടി തന്നെയാണ്. ഇവര്‍ തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
അതുകൊണ്ടുതന്നെ ഗോസിപ്പ് കോളങ്ങളിലും ഇരുവരുടേയും പേരുകള്‍ ഒരുപാട് നിറഞ്ഞുനിന്നു. സിനിമയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായ കൂടെവിടെയില്‍ മമ്മൂട്ടി ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് എന്റെ ഉപാസന, കഥ ഇതുവരെ, രാക്കുയിലിന്‍ രാഗസദസ്സില്‍, പ്രണാമം എന്നീ സിനിമകളിലും ഇവര്‍ തുടര്‍ച്ചയായി അഭിനയിച്ചു.
1987 വര്‍ഷത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. കുടുംബപ്രേക്ഷകര്‍ വിജയിപ്പിച്ച ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ ഇന്നും സൂപ്പര്‍ഹിറ്റ് ആണ്. ഈ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പക്ഷേ ഈ സിനിമയുടെ വിജയത്തിന് ശേഷമായിരിക്കണം ഇരുവരുടെയും പേരുകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുവാന്‍ തുടങ്ങിയത്. ഒരുമിച്ച് കൂടെ അഭിനയിച്ചാല്‍ ഗോസിപ്പുകള്‍ പരക്കുക അന്നൊക്കെ മലയാളസിനിമയില്‍ സര്‍വ്വസാധാരണമായിരുന്നു. അന്ന് മാത്രമല്ല ഇന്നും ഏകദേശം അങ്ങനെയൊക്കെ തന്നെയാണല്ലോ സ്ഥിതി.
എന്നാല്‍ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഇത്തരത്തില്‍ ഗോസിപ്പുകോളങ്ങളില്‍ നിറയാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസ് ആയിരുന്നു കാരണം. യേശുദാസ് ഇവരുടെ സൗഹൃദത്തെക്കുറിച്ച് ഒരു മാഗസിനില്‍ കുറിപ്പ് എഴുതിയിരുന്നു. ഇതിനു ശേഷമായിരുന്നു ഗോസിപ്പുകള്‍ പരന്നത്. യേശുദാസ് തന്നെയാണ് ഈ ഗോസിപ്പ് വന്ന വഴിയെക്കുറിച്ച് പിന്നീട് സംസാരിച്ചത്.
മമ്മൂട്ടിയും സുഹാസിനിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം മമ്മൂട്ടിക്ക് സുഹാസിനി പായസം ഉണ്ടാക്കി കൊടുത്തു. ഇതായിരുന്നു യേശുദാസ് മാസികയില്‍ എഴുതിയത്. എന്നാല്‍ ഇത് ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഇവര്‍ തമ്മില്‍ കേവല സൗഹൃദത്തിനപ്പുറം ഒരു ബന്ധമുണ്ട് എന്ന് ആളുകള്‍ ഊഹിച്ചെടുത്തു. എന്നാല്‍ ഈ ഗോസിപ്പ് മമ്മൂട്ടിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതിനെ മറികടക്കാന്‍ മമ്മൂട്ടി, പിന്നീട് പോകുന്ന ലൊക്കേഷനുകളില്‍ എല്ലാം ഭാര്യ സുല്‍ഫത്തിനെ കൂടെ കൊണ്ടു പോകുവാന്‍ തുടങ്ങി. പിന്നെ ആര്‍ക്കെങ്കിലും മമ്മൂട്ടിയോട് എന്തങ്കിലും പറയണമെങ്കില്‍ ആദ്യം സുല്‍ഫത്തിനോട് പറയണം ആയിരുന്നു.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ സജീവമായ സുഹാസിനി ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ലോക്ഡൗണില്‍ തന്റെ പച്ചക്കറി കൃഷി പരിചയപ്പെടുത്തിയും സുഹാസിനി എത്തിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് വിവാഹത്തെ കുറിച്ചും സുഹാസിനി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിനു ഒരുങ്ങുന്നതിനു മുന്‍പ് മണിരത്‌നം തന്നോടു പറഞ്ഞൊരു കാരെത്തെ കുറിച്ചാണ് സുഹാസിനി പറഞ്ഞത്.
”ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമാവുന്നു. വിവാഹത്തിനൊരുങ്ങും മുന്‍പ് മണി എന്നോട് ചിലകാര്യങ്ങള്‍ പറഞ്ഞു. ഒരു വിവാഹം നന്നായിരിക്കണമെങ്കില്‍ ചില കാര്യങ്ങളുണ്ട്. ജെനറസ് ആയിരിക്കണം, സ്‌നേഹവും പരസ്പരം പകര്‍ന്നു നല്‍കാനുള്ള മനസ്സും വേണം. അതൊന്നും എനിക്കില്ല, ഇനി നീ തീരുമാനിക്കൂ എന്നായിരുന്നു മണി പറഞ്ഞത്,” എന്ന് സുഹാസിനി ചിരിയോടെ ഓര്‍ക്കുന്നു. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു സുഹാസിനിയുടെ വാക്കുകള്‍. പരസ്പരം മനസിലാക്കലും സ്‌നേഹവും തന്നെയാണ് നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും സുഹാസിനി പറഞ്ഞു.
”എന്റെ പ്രണയം സംഗീതത്തോടാണ്. സ്‌നേഹത്തിനും റൊമാന്‍സിനുമൊന്നും ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വ്യക്തിയല്ല ഞാന്‍. അങ്ങനെ പറയുമ്പോഴും, മണിയാണ് എന്റെ ഏറ്റവും വലിയ പ്രണയം. അദ്ദേഹം ഒരു ക്രോണിക് റൊമാന്റിക് വ്യക്തിയാണ്,” എന്നാണ് സുഹാസിനി പറഞ്ഞത്.
അതേസമയം, ബഹുമുഖപ്രതിഭയായ സുഹാസിനിയുടെ ജീവിതത്തില്‍ താങ്കള്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് മണിരത്‌നം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. ”സത്യത്തില്‍, ഒന്നിലധികം പ്രവര്‍ത്തനങ്ങളില്‍ മികവു പ്രകടിപ്പിക്കുന്ന കാര്യത്തില്‍ അവള്‍ മിടുക്കിയാണ്. അതുകൊണ്ട് തന്നെ പിന്തുണ നല്‍കുക എന്നത് എനിക്ക് എളുപ്പമാണ്. അവളുടെ വിജയം ആസ്വദിക്കുകയും ആഘോഷിക്കുകയും മാത്രമാണ് ഞാന്‍ ചെയ്യേണ്ടത്.”
വിജയകരമായൊരു വിവാഹജീവിതത്തിന് എന്തുവേണമെന്ന ചോദ്യത്തിന് മൂന്നു കാര്യങ്ങളാണ് മണിരത്‌നം ചൂണ്ടികാട്ടിയത്. ”പങ്കാളിയെ നന്നായി തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ആള്‍ക്ക് വേണ്ടത്ര സ്‌പേസും സമയവും നല്‍കുക. ജീവിതത്തിലെ എല്ലാ നിര്‍ണായക ജംഗ്ഷനുകളിലും ‘യെസ്, തീര്‍ച്ചയായും’, ‘ഉറപ്പ്, 100 ശതമാനം’ എന്നു പറഞ്ഞ് പോസിറ്റീവായി മുന്നോട്ടുപോവുക.”
1988 ആഗസ്ത് 26നാണ് മണിരത്‌നവും സുഹാസിനിയും വിവാഹിതരാവുന്നത്. ഒരു ചിത്രത്തില്‍ പോലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൂടിയും പരസ്പരം ഇരുവരും പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിലെത്തുകയുമായിരുന്നു. നന്ദന്‍ എന്നൊരു മകനാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. പ്രൊഫഷണല്‍ ജീവിതത്തിലും ഇരുവരും പരസ്പരമേകുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്. മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇരുവരും ചേര്‍ന്നാണ് നടത്തുന്നത്.