Malayalam
മലയാളത്തിന് പുറത്തും ഇളയരാജ മുതല്‍ റഹ്മാന്‍ വരെ പരന്ന് കിടക്കുന്ന ചിത്രചരിത്രം, കെ എസ് ചിത്രയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസകളുമായി ഷഹബാസ് അമന്‍, വൈറലായി പോസ്റ്റ്
മലയാളത്തിന് പുറത്തും ഇളയരാജ മുതല്‍ റഹ്മാന്‍ വരെ പരന്ന് കിടക്കുന്ന ചിത്രചരിത്രം, കെ എസ് ചിത്രയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ ആശംസകളുമായി ഷഹബാസ് അമന്‍, വൈറലായി പോസ്റ്റ്
മലയാളികളുടെ സ്വകാര്യ അഹങ്കാരം, കേരളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. നിരവധി പേര്‍ ആണ് ഇന്ന് തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായ ആശംസയുമായി എത്തിയിരിക്കുകയാണ് ഷഹബാസ് അമന്‍. എം.ജി രാധാകൃഷ്ണന്‍ മുതല്‍ക്കിങ്ങോട്ട് സുശിന്‍ ശ്യാം വരേക്കുള്ള മലയാളത്തിലെ ഏതാണ്ട് മുഴുവന്‍ സംഗീത സംവിധായകരോടൊപ്പവും പ്രവര്‍ത്തിച്ചു. മലയാളത്തിന് പുറത്തും ഇളയരാജ മുതല്‍ റഹ്മാന്‍ വരെ പരന്ന് കിടക്കുന്ന ചിത്രചരിത്രമെന്നാണ് ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഷഹബാസ് അമന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഉപ്പ് ഏറിയാല്‍ പറയും ഏറീന്ന്. കുറഞ്ഞാ പറയും കുറഞ്ഞൂന്ന്. എന്നാല്‍ പാകത്തിനാണെങ്കിലോ, ആരും പ്രത്യേകിച്ച് ഒന്നും പറയില്ല! അത് പോലത്തെ ഒരു ഗായികയാണു ചിത്രേച്ചി! ‘വാനമ്പാടി’ എന്ന് പറഞ്ഞൊഴിയുകയല്ലാതെ അവരുടെ ശബ്ദവും ആലാപനവും പാട്ടില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായതായി അറിവില്ല! അവരുടെ ഏതെങ്കിലും ഇന്റര്‍വ്വ്യൂസിനെ ആധാരമാക്കി അതിനു ശ്രമിക്കുന്നതില്‍ ഒരു കാര്യവുമില്ല.
ഒന്നാമത് അവര്‍ അത്രക്ക് പേടിച്ചും ശ്രദ്ധിച്ചുമാണു ഇത് വരെ കഴിഞ്ഞ് കൂടിയത്! ഉള്ളിന്റെ ഉള്ളില്‍ അവര്‍ സൂക്ഷിച്ചുവെച്ചിരിക്കാന്‍ സാധ്യതയുള്ള തന്റേത് മാത്രമായ സംഗീതനിരീക്ഷണപഠനങ്ങളും വിമര്‍ശനപാഠങ്ങളും ഈ ആയുസ്സില്‍ അവര്‍ പുറത്തേക്ക് പറയാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. തിരിച്ച് അവരേക്കുറിച്ചുള്ള സീരിയസ് പഠനങ്ങളും ഇതു വരെ വന്നതായി കാണുന്നില്ല!
അവര്‍ നമ്മുടെ കാലത്തെ വലിയൊരു ഗായികയാണു. പെര്‍ഫെക്ഷനിസ്റ്റാണു. സ്റ്റുഡിയോയില്‍ നിന്ന് സ്റ്റുഡിയോകളിലേക്കും സ്റ്റേജില്‍ നിന്ന് സ്റ്റേജുകളിലേക്കും ധാരാളം മൈക്രോഫോണനുഭവങ്ങളിലേക്കും വിവിധ മ്യൂസിക്കല്‍ പ്രോഗ്രഷനുകളിലേക്കുമൊക്കെയുള്ള അവരുടെ സംഗീതജീവിതയാത്ര എത്ര വൈവിധ്യവും നിറപ്പകര്‍ച്ചയുള്ളതുമാണെന്നോര്‍ക്കണം!
എം.ജി രാധാകൃഷ്ണന്‍ മുതല്‍ക്കിങ്ങോട്ട് സുശിന്‍ ശ്യാം വരേക്കുള്ള മലയാളത്തിലെ ഏതാണ്ട് മുഴുവന്‍ സംഗീത സംവിധായകരോടൊപ്പവും അവര്‍ പ്രവര്‍ത്തിച്ചു! മലയാളം കഴിഞ്ഞാല്‍ ഇളയരാജ മുതല്‍ക്ക് തുടങ്ങുന്ന യാത്ര റഹ്മാനിലൂടെ തുടര്‍ന്ന് ഹെബി ഹെന്‍കോക്കിലേക്കും സുല്‍ത്താന്‍ ഖാനിലേക്കുമൊക്കെ നീണ്ടു പരന്നങ്ങനെ കിടക്കുന്നുണ്ട്! ഇവിടങ്ങളിലെല്ലാം കെ എസ് ചിത്രയുടെ ശബ്ദ്യുആലാപന സാന്നിധ്യം ആ വര്‍ക്കുകള്‍ക്കുണ്ടാക്കിക്കൊടുത്തിട്ടുള്ള ഗ്രെയ്സ് വളരെ വളരെ വലുതാണു! പക്ഷേ അങ്ങനെ അത് എടുത്ത് പറയാന്‍ ആരും ശ്രദ്ധിക്കാറില്ല എന്നതാണു സത്യം. അത് തന്നെയാണു അവരുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയും എന്ന് തോന്നുന്നു! അസാധാരണത്വമുള്ള സാധാരണത്വം എന്നോ തിരിച്ചോ പറയാവുന്ന ഒന്ന്!
തീര്‍ച്ചയായും ചില പാട്ടുകളും, ചില തീവാക്കുകളുമൊന്നും അവരുടെ വോയ്സ് ടെക്സ്റ്ററിനിണങ്ങുന്നതല്ല. എന്നാല്‍ അവരുടെ ശബ്ദസാന്നിധ്യം ആവശ്യമായിരുന്ന ചില ഗാനങ്ങളില്‍ അതിന്റെ അസാന്നിധ്യം നേരിട്ടതിലേക്ക് സൂക്ഷിച്ച് നോക്കിയാലേ അതിന്റെ പ്രാധാന്യം എന്തെന്ന് മനസ്സിലാകൂ! ഏറ്റവും പുതിയ കാലത്തെ ഒരുദാഹരണം മാത്രം പറഞ്ഞ് നിര്‍ത്താം! മാലിക്കിലെ തീരമേ എന്ന ഗാനം തന്നെ. അതിന്റെ കവറുകളെല്ലാം വരുന്നതിനു മുന്‍പേ സിനിമക്കായി ആദ്യം പാടിയത് ചിത്രച്ചേച്ചി അല്ലായിരുന്നുവെങ്കില്‍ സംഗീതത്തേക്കാളുപരി രചനാപരമായി ആ ഗാനം ബോധപൂര്‍വ്വം ആവശ്യപ്പെടുന്ന ശ്രദ്ധയും കൃത്യതയും തലയെടുപ്പും വജ്രസമാനമായ മൂര്‍ച്ചയും ഇപ്പോഴുള്ളത്ര മറ്റുള്ള ആരില്‍ നിന്നെങ്കിലും കിട്ടുമായിരുന്നോ എന്ന കാര്യം സംശയമാണു! അന്‍വര്‍ അലി, സുശിന്‍ ശ്യാം എന്നിവരെക്കൂടാതെ സൗണ്ട് എഞ്ചിനീയര്‍ക്കും ഈ സംശയത്തിനുള്ള ഉത്തരം അധികം ആലോചിക്കാതെ കൃത്യമായി പറയാന്‍ കഴിയേണ്ടതാണു .
ഇത് പോലെയുള്ള നൂറുകണക്കിനുദാഹരണങ്ങളിലൂടെ ഇതള്‍വിരിയേണ്ടതായ ഒരു ‘ചിത്രചരിതം’ തന്നെ നിലവില്‍ നമുക്ക് കാര്യമായി ലഭ്യമല്ലാതിരിക്കുന്നിടത്താണു. കെ.എസ്.ചിത്ര എന്ന വലിയ ഗായികയെ ‘എപ്പോഴും ചിരിക്കുന്ന’ ‘വിനയാന്വിതയായ’ ഒരു ‘വനിതാരത്നം മാത്രമായി’ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മുന്നില്‍ എന്നും കൂപ്പുകൈകളോടെ കാണപ്പെടുന്നത്! തീര്‍ച്ചയായും അത് നല്ലത് തന്നെ. പക്ഷേ, അത് മാത്രമല്ലെന്നും അതില്‍ ഉപരിയാണെന്നുമാണുദ്ദേശിച്ചത്.
ഗായകന്മാരെക്കുറിച്ചാകുമ്പോള്‍ വലിയ ബൗദ്ധികപഠനങ്ങളുള്ള പതിപ്പും ഗായികമാരെക്കുറിച്ചാകുമ്പോള്‍ ‘വലിയവര്‍’ അവരെ അഭിനന്ദിച്ചതിന്റെയും അനുഗ്രഹിച്ചതിന്റെയും മാതാപിതാക്കളുടെ കൈപിടിച്ചിറങ്ങിയതിന്റെയും കഷ്ടപ്പെട്ട് ഒരു നിലയില്‍ എത്തിയതിന്റെയും കണ്ണീര്‍ക്കഥകള്‍ മാത്രം നിറഞ്ഞ പതിപ്പും ആയി നമ്മുടെ മാഗസിനുകള്‍ (അഭിമുഖ സംഭാഷണങ്ങളും ഫീച്ചറുകളും) മാറാറുള്ളത് പൊതുവേ എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുള്ള കാര്യമാണു! ഈ പരാമര്‍ശ്ശത്തിനു വിപരീതമായി ~ ‘രാജഹംസമേ’എന്ന ‘ചിത്രശബ്ദമോ’ ‘ചിത്രാലാപമോ’ ഇല്ലായിരുന്നുവെങ്കില്‍ ജോണ്‍സണ്‍ മാഷിന്റെ ജീനിയസ് (വെളിപ്പെടുന്നതിനല്ല);ഒരു പക്ഷേ കൃത്യമായി അടയാളപ്പെടുത്തപ്പെടുന്നതിനു തീര്‍ച്ചയായും കാര്യമായ പരിമിതികള്‍ ഉണ്ടായേനെ ~ എന്ന നിലക്കുള്ള വല്ല എതിര്‍ പഠനങ്ങളും ഓള്‍ റെഡി വന്നിട്ടുണ്ടെങ്കില്‍ അറിവുള്ളവര്‍ ദയവായി വിവരം തരുമല്ലൊ!
ചിത്രച്ചേച്ചിയുടെ ബെര്‍ത്ത് ഡേ ആയത് കൊണ്ട് സാന്ദര്‍ഭികമായി ഈ കുറിപ്പ് അവരെക്കുറിച്ച് മാത്രം. എന്നാല്‍ വലുപ്പച്ചെറുപ്പമില്ലാതെ നമ്മുടെ ഏത് പ്രിയ ഗായികമാരെക്കുറിച്ചാണെങ്കിലും പ്രതിപാദ്യ വിഷയം വിചിന്ത്യം തന്നെയാണെന്ന് കരുതുന്നു. സ്വന്തം ശബ്ദത്തിന്റെയും ആലാപനത്തിന്റെയും ജീവിതബോധ്യത്തിന്റെയും പ്രത്യേകതകള്‍ കൊണ്ട്, പാടിയ പാട്ടിലെല്ലാം സ്വമുദ്രയും ‘ഉടമസ്ഥാവകാശവും’ ഉള്ള ഗാനകാരികളെയെല്ലാം ആദരവോടെ ഇവിടെ ഓര്‍ക്കുന്നു! ( എഴുത്തോ പഠനമോ ഒന്നുമില്ലെങ്കിലും നമുക്ക് സുഖമായി പാട്ടും കേട്ട് ജീവിക്കാവുന്നതാണു ട്ടൊ.അത് വേറെ) നന്ദി.എല്ലാവരോടും സ്നേഹം.
പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍