Connect with us

അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്, ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ വിവാദത്തില്‍ ‘അമ്മ’യ്‌ക്കെതിരെ കെബി ഗണേഷ് കുമാര്‍

Malayalam

അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്, ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ വിവാദത്തില്‍ ‘അമ്മ’യ്‌ക്കെതിരെ കെബി ഗണേഷ് കുമാര്‍

അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്, ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ വിവാദത്തില്‍ ‘അമ്മ’യ്‌ക്കെതിരെ കെബി ഗണേഷ് കുമാര്‍

നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുണ്ടായ വിവാദത്തില്‍ താരസംഘടന ‘അമ്മ’യ്‌ക്കെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ല. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ചോദിച്ച ഗണേഷ് കുമാര്‍, അമ്മയുടെ സമീപനം മാറ്റണമെന്നും പറഞ്ഞു. അമ്മയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുമ്പ് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു എന്നാണ് വിമര്‍ശനം.

അതേസമയം, ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കേസില്‍ അന്വേഷണം മുറുകി നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ഇന്ധന വില വര്‍ധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതികരിച്ചത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയില്‍ യൂത്ത് കോണ്‍ഗ്രസ് മധുരം വിതരണം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘര്‍ഷങ്ങളും നടന്നയിടത്താണ് പ്രവര്‍ത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ലഡു വിതരണം ചെയ്തു. ഇതിനിടെയാണ് വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നേതാക്കള്‍ ഖേദപ്രകടനം നടത്തിയത്.

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്.

മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരമാണ് ഒടുവില്‍ നാടകീയ രംഗങ്ങളില്‍ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഏറെ നേരമായതോടെ നടന്‍ ജോജു ജോര്‍ജ് ഇറങ്ങി വരികയായിരുന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ അദ്ദേഹം പ്രതിഷേധം ഉന്നയിച്ചു.

തന്റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്‌കാനിംഗിനായി പോകുകയാണെന്നും ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ആയിരുന്നു ജോജുവിന്റെ ചോദ്യം. ഒടുവില്‍ ജോജുവും കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മില്‍ തര്‍ക്കമായി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് ഒടുവില്‍ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്റെ വണ്ടി സമരക്കാര്‍ തടയുകയും ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവില്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.

Continue Reading

More in Malayalam

Trending

Recent

To Top