Malayalam
ശങ്കര്‍- രാം ചരണ്‍ കൂട്ടുക്കെട്ടില്‍ ‘വില്ലനായി’ ജയറാം!; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശങ്കര്‍- രാം ചരണ്‍ കൂട്ടുക്കെട്ടില്‍ ‘വില്ലനായി’ ജയറാം!; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന, രാം ചരണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തില്‍ നടന്‍ ജയറാമും പ്രധാന വേഷത്തിലെത്തുന്നു എന്ന് വിവരം. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും ജയറാം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാഗമതി, ആലാ വൈകുന്തപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. നിലവില്‍ വിജയ് ബാബു ചിത്രമായ സരക്ക് വാരി പട്ടയില്‍ അഭിനയിക്കുകയാണ് ജയറാം. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളില്‍ എത്തുന്നുണ്ട്. ഫഹദ് ഫാസിലും ശങ്കര്‍ ചിത്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിത്രത്തില്‍ വില്ലന്‍ വേഷം തന്നെയാണ് ഫഹദും അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ അത്ര തന്നെ പ്രാധാന്യം ലഭിക്കുന്നതായിരിക്കും ഫഹദിന്റെ വില്ലന്‍ കഥാപാത്രവും. ഫഹദിന് കഥാപാത്രം ഇഷ്ടപ്പെട്ടെന്നും മറുപടി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടന്നിട്ടില്ല. ദില്‍ രാജു സംവിധാനം ചെയ്യുന്ന ചിത്രം രാം ചരണിന്റെ 15ാമത് ചിത്രമാണ്. ചിത്രത്തില്‍ ബോളിവുഡ് താരം കിയാര അദ്വാനിയാണ് നായിക.
ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഹൈദരാബാദില്‍ പ്രത്യേകം നിര്‍മ്മിച്ച സെറ്റിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഹൈദരാബാദില്‍ വെച്ചായിരിക്കും ചിത്രീകരിക്കുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ശങ്കറിന്റെ തീരുമാനം.
