Malayalam
സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ല; വിശദീകരണവുമായി അധികൃതര്‍
സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ല; വിശദീകരണവുമായി അധികൃതര്‍
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് അധികൃതരുടെ മറുപടി. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറാണ് മറുപടി നല്‍കിയത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ട്.
അതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് മറുപടി നല്‍കി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമ അധ്യക്ഷയായിട്ടുള്ള മൂന്നംഗ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങളായിട്ടും ഇതുവരെ പുറത്തുവിടുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ സിനിമ മേഖലയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് വന്നിരുന്നു.
അതേസമയം, വ്യക്തികളുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വ്യക്തി വിവരങ്ങള്‍ നല്‍കാതെ മറുപടി നല്‍കാമെന്നും ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാരി ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയണമെന്നും വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.