Malayalam
തുടക്കത്തില്‍ പലരും ഗന്ധര്‍വ ശാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി, പക്ഷേ അന്ന് ചെവികൊണ്ടില്ല; പത്മരാജന്റെ മൃതദേഹം അടക്കിയ ശേഷം യാത്ര ചെയ്യവേ അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്, അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കുകയായിരുന്നു
തുടക്കത്തില്‍ പലരും ഗന്ധര്‍വ ശാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി, പക്ഷേ അന്ന് ചെവികൊണ്ടില്ല; പത്മരാജന്റെ മൃതദേഹം അടക്കിയ ശേഷം യാത്ര ചെയ്യവേ അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്, അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കുകയായിരുന്നു
അതുല്യ പ്രതിഭയായ പത്മരാജന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഞാന്‍ ഗന്ധര്‍വന്‍. 1991ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ഗന്ധര്‍വ്വനായെത്തിയ താരത്തെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് മലയാളികള്‍. നിധീഷ് ഭരദ്വാജും സുപര്‍ണ്ണ ആനന്ദുമായിരുന്നു നായികാനായകന്‍മാരായി എത്തിയത്. ഫിലോമിന, എംജി സോമന്‍, ഗണേഷ് കുമാര്‍, വിന്ദുജ മേനോന്‍, തസ്നി ഖാന്‍, സുലക്ഷണ, നരേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.
വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പത്മരാജനെ ഏറെ വേദനിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്. ഈ സിനിമ റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. പില്‍ക്കാലത്ത് സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണം കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രം റിലീസായതിനു പിന്നാലെ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഗുഡ്‌നൈറ്റ് മോഹന്‍.
‘ഒരു ദിവസം സംവിധായകന്‍ പത്മരാജന്‍, മണ്ണില്‍ മുഹമ്മദ് എന്ന നിര്‍മ്മാതാവിനെയും കൂട്ടി മുബൈയിലെ എന്റെ വസതിയില്‍ എത്തി. അവരുടെ പ്രോജക്റ്റ് ആയ ‘ഞാന്‍ ഗന്ധര്‍വനിലേക്ക്’ നിതീഷ് ഭരദ്വാജിനെ ഒന്ന് ബന്ധപ്പെടുത്തിക്കൊടുക്കണം എന്ന് പറയാനാണ് വന്നത്. മണ്ണില്‍ മുഹമ്മദ് ബാത്ത് റൂമിലേക്കോ മറ്റോ പോയപ്പോള്‍ ഞാന്‍ പപ്പേട്ടനോട് പറഞ്ഞു. ഇതുപോലെ ഒരു പ്രൊജക്റ്റ് എനിക്കുവേണ്ടി ചെയ്തു തരണമെന്ന് ഞാന്‍ എത്രകാലമായി പറയുന്നു. നമുക്ക് അടുത്തത് ആലോചിക്കാമെന്നാണ് പപ്പേട്ടന്‍ പറഞ്ഞത്.
പക്ഷേ മണ്ണില്‍ മുഹമ്മദിന്റെ പ്രോജക്റ്റ് നടന്നില്ല. ഒരു ദിവസം പത്മരാജന്റെ അസിസ്റ്റന്റ് ജോഷി മാത്യൂ വിളിക്കയാണ്. അവരെ ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഉപക്ഷേിച്ച് നിര്‍മ്മാതാവ് മുങ്ങിയെന്നും ആ പ്രോജക്റ്റ് ഏറ്റെടുക്കാന്‍ കഴിയുമോ എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാന്‍ എന്റെ ഓഫീസില്‍നിന്ന് ആ ബില്ലുകള്‍ ഒക്കെ അടപ്പിച്ച്, ഫ്‌ളൈറ്റ് ടിക്കറ്റ് എടുപ്പിച്ച് അവരെ ചെന്നെയില്‍നിന്ന് എറണാകളുത്ത് എത്തിച്ചു. അപ്പോള്‍ പത്മരാജന്‍ പറയുന്നത് ‘മോഹന്‍ ജീ ഈ സിനിമചെയ്യാനുള്ള യോഗം മോഹന്‍ ജിക്കാണ് എന്നാണ്”എന്നും ഗുഡ്‌നൈറ്റ് മോഹന്‍ ചൂണ്ടിക്കാട്ടി.
”ഗന്ധര്‍വന്‍ സിനിമ എടുക്കുന്നതിന് മുമ്പ് ഗുഡ്‌നൈറ്റിന്റെ കേരള മാനേജര്‍ ആയ രാജന്‍ അടക്കമുള്ളവര്‍ ഗന്ധര്‍വശാപം ഉണ്ടാകുമെന്നും ഈ ചിത്രം എടുക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിനുശേഷം നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഗന്ധര്‍വന്റെ പ്രോമോഷനായി എത്തിയ നിതീഷ് ഭരര്വാജും ഞാനും ഒരു ഹോട്ടല്‍ മുറിയിലും, പത്മരാജനും, ഗാന്ധിമതി ബാലനും മറ്റൊരു മുറിയിലുമാണ് കിടന്നത്. തലേന്ന് രാത്രി 12 മണിവരെ ഞങ്ങള്‍ സംസാരിച്ചാണ് കിടക്കാന്‍ പോയത്. എന്നാല്‍ പിറ്റേന്ന് രാവിലെ ഗാന്ധിമതി ബാലന്‍ പേടിച്ചരണ്ട് വിളിക്കുന്നതാണ് കേട്ടത്. പപ്പേട്ടന്‍ വിളിച്ചിട്ട് ഉണരുന്നില്ല. നിതീഷ് ഭരദ്വാജ് ഒരു വെറ്റിനറി ഡോക്ടറാണ്. നിതീഷ് പള്‍സ് പിടിച്ചുനോക്കിയപ്പോഴാണ്, പത്മരാജന്‍ മരിച്ച വിവരം അറിയുന്നത്. അതോടെ ഞങ്ങള്‍ ആകെ നടുങ്ങിപ്പോയി. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെന്നതിയത് ഈ ഗന്ധര്‍വശാപമായിരുന്നു’ എന്നും ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു.
‘പത്മരാജന്റെ മൃതദേഹം അടക്കിയശേഷം ഞാനും ഗാന്ധിമതി ബാലനും ചേര്‍ന്ന് നേരെ കാറില്‍ തിരുവനന്തപുരത്തേക്ക് കയറി. തലേന്നത്തെ ക്ഷീണം കാരണം കാറില്‍ കയറിയപ്പോള്‍ തന്നെ ഉറങ്ങിപ്പോയി. അതിഭയങ്കരമായ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോള്‍ എന്റെ തലപൊട്ടി ചോര ഒലിക്കയാണ്. ചോര കാരണം കണ്ണു തുറക്കാന്‍ വയ്യ. കാര്‍ ഹെഡ്ഡ് ഓണ്‍ കൊളീഷനിലൂടെ ഇടിച്ച് മറിഞ്ഞിരിക്കയാണ്. പരിക്കേറ്റ ഡ്രൈവര്‍ക്കും, ഗാന്ധിമതി ബാലനും ബോധമില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഞങ്ങളെ പുറത്തെടുത്തത്. ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പക്ഷേ അപ്പോഴേക്കും പ്രചരിച്ച വാര്‍ത്ത വാഹനാപകടത്തില്‍ ഗുഡ്‌നൈറ്റ് മോഹനും ഗാന്ധിമതി ബാലനും മരിച്ചുവെന്നാണ്. തിരുവനന്തപുരത്തെ ഹോസ്പിറ്റലില്‍ ചികിത്സക്ക് ശേഷം ഞാന്‍ മുബൈയിലെ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്ത ഭാര്യ കരയുകയാണ്. ഗുഡ്‌നൈറ്റ് മോഹന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അപ്പോഴേക്കും ആരോ അവിടെ വിളിച്ചു പറഞ്ഞിരുന്നത്. ഞാന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് ഭാര്യയെ ശാന്തയാക്കിയത്. പിറ്റേന്ന് ബോംബെയിലെത്തിയ ഞാന്‍ നിതീഷ് ഭരദ്വാജിനെ വിളിച്ച് അപകട വിവരം പറഞ്ഞു.
നിതീഷ് ഞെട്ടിപ്പോയി. അതേസമയത്തില്‍ നിതീഷും പൂനയില്‍ അപകടത്തില്‍ പെട്ടു. ഗന്ധര്‍വശാപം എന്ന് പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് അപ്പോഴും ഞാന്‍ ചിന്തിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക്‌ശേഷം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വരവേ, മുമ്പ് അപകടം ഉണ്ടായ അതേ സ്ഥലത്തുവെച്ച് ഏന്റെ കാറിന്റെ ആക്‌സില്‍ ഒടിഞ്ഞു. ഇതും എന്തുകൊണ്ടാണെന്ന് അറിയില്ല.”എന്നും ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു.
