Malayalam
സിംഗപ്പൂരിനു പിന്നാലെ യുഎഇയിലും തിയേറ്റര്‍ റിലീസിനൊരുങ്ങി ദൃശ്യം 2; ബിഗ്‌സ്‌ക്രീനിലെത്തിക്കുന്നത് ആ കാരണത്താല്‍!
സിംഗപ്പൂരിനു പിന്നാലെ യുഎഇയിലും തിയേറ്റര്‍ റിലീസിനൊരുങ്ങി ദൃശ്യം 2; ബിഗ്‌സ്‌ക്രീനിലെത്തിക്കുന്നത് ആ കാരണത്താല്‍!
മലയാളികള്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം2. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. തിയേറ്റര്‍ അനുഭവം നഷ്ടമായി എന്നതൊഴിച്ചാല്‍ പ്രേക്ഷക പ്രീതി ഏറെ നേടിയ ചിത്രമായിരുന്നു ഇത്. അതേസമയം ഒടിടി റിലീസ് ആയെത്തിയ ചിത്രം സിംഗപ്പൂരില്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നതായ വിവരം അടുത്തിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ യുഎഇയിലെ തിയേറ്ററുകളിലും റിലീസിനൊരുങ്ങുകയാണ് ചിത്രം.
ജൂലൈ 1 നാണ് യുഎഇ റിലീസ്. ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് യുഎഇയില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്‌ക്രീനില്‍ കാണണമെന്ന വലിയ പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് ഫാര്‍സ് ഫിലിം ഗ്രൂപ്പ് സിഇഒ അഹമ്മദ് ഗോല്‍ച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീജിയം കമ്പനിയും സംയുക്തമായാണ് ചിത്രം സിംഗപ്പൂരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്‌സുകളില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ഡയറക്റ്റ് ഒടിടി റിലീസിനു പിന്നാലെ ടെലിവിഷന്‍ പ്രീമിയറിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ദൃശ്യം 2. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21ന് ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കനുസരിച്ച് മലയാളം ടെലിവിഷനില്‍ ആ വാരം ഏറ്റവുമധികം കാണികളെ ലഭിച്ച പരിപാടി ദൃശ്യം 2 പ്രീമിയര്‍ ആയിരുന്നു. ലഭിച്ച ഇംപ്രഷനുകള്‍ 66 ലക്ഷം. 21 ടിവിആര്‍ പോയിന്റുകളും പ്രീമിയര്‍ നേടി. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ നാലാമതാണ് ദൃശ്യം 2.
