Malayalam
150 ഡിജിറ്റല്‍ തെളിവുകളും 12 അതിപ്രധാനമായ ചാറ്റുകളും നശിപ്പിച്ചു; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് വിവരം
150 ഡിജിറ്റല്‍ തെളിവുകളും 12 അതിപ്രധാനമായ ചാറ്റുകളും നശിപ്പിച്ചു; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് വിവരം
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ ദീലീപിനെതിരെ കൂടുതല്‍ തെളിവുകളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഫോണിലെ വിവരങ്ങളെല്ലാം തന്നെ നശിപ്പിച്ചു എന്ന തരത്തില്‍ തെളിവുകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുമെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.
ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍ പ്രകാരം 150 ഡിജിറ്റല്‍ തെളിവുകളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നത്. 12 അതിപ്രധാനമായ ചാറ്റുകളും നശിപ്പിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും നിര്‍ണായകമായേക്കാവുന്ന സുപ്രധാന വിവരങ്ങളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ജിന്‍സന്റെ മൊഴി ദിലീപിന്റെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി ബാലചന്ദ്രകുമാറിന്റെ മൊഴി എന്നിങ്ങനെയുടെ സാക്ഷിമൊഴികളും ദിലീപിന്റെ വക്കീലന്മാര്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചന്നതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്.
ഇത്തരത്തിലൊരു സാഹചര്യത്തില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ തന്നെയാണ് നൂറുശതമാനവും സാധ്യതയെന്നാണ് വിദഗ്ദര്‍ പറയുന്നത്. കോടതി ദിലീപിന് ജാമ്യം നല്‍കിയത് കടുത്ത ഉപാധികളോടെയായിരുന്നു. അതിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ജനുവരി 31 ന് ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജനുവരി 29 ന് ദിലീപിന്റെ സംഘം മുംബൈയിലെത്തി. വിവരങ്ങള്‍ മായ്ച്ച് കളഞ്ഞ് 31 ന് ഫോണുകള്‍ തിരികെ കൈമാറി.
ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഐ ഫോണടക്കം നാലു ഫോണുകളാണു മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എത്തിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ മുംബൈയിലെ ലാബിലേക്കു ഫോണുകള്‍ കൊറിയര്‍ അയയ്ക്കുകയായിരുന്നു.
രണ്ട് ദിവസം മുംബൈയില്‍ തങ്ങിയ സംഘം ഫോണിലെ ഡാറ്റകള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് കോപ്പി ചെയ്ത് ഓരോ ഫയലും പരിശോധിച്ച ശേഷമാണ് തിരിമറി നടന്നത്. ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തത് കുറ്റകൃത്യത്തിലെ നേരിട്ടുള്ള തെളിവുകള്‍ ഫോണിലുണ്ടായിരുന്നതിനാലാണെന്ന് അന്വേഷണ സംഘം പറയുന്നു.
ഡേറ്റകള്‍ നശിപ്പിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണു ഫോണുകള്‍ പരിശോധനയ്ക്കായി സ്വകാര്യ ലാബിലേക്ക് അയച്ചെന്നു ദിലീപ് പറഞ്ഞതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഇക്കാരം തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലും കണ്ടെത്തി. ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂളായ യൂഫെഡ് ഉപയോഗിച്ചാണു ഫോണുകള്‍ പരിശോധിച്ചത്. ഇവ ഉപയോഗിച്ചു ഡിലീറ്റ് ചെയ്താലും ഫോണിലെ ഡേറ്റകള്‍ തിരിച്ചെടുക്കാന്‍ കഴിയും. നശിപ്പിക്കപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗവും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനായിട്ടുണ്ട്. കുറച്ചുവിവരങ്ങള്‍ മാത്രമാണു വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടിരിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അതേസമയം, ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്ന വിവരം. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. നടി കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.