Connect with us

താരങ്ങളുടെ പ്രായം മായ്ക്കുന്ന ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷന്‍; ആരാധന മൂത്ത് താരങ്ങളെ മാതൃകയാക്കുന്ന യുവാക്കളും ഇതിനു പിന്നാലെ പോയാല്‍…!? ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷനെ കുറിച്ച് അറിയേണ്ടതെല്ലാം!

Malayalam

താരങ്ങളുടെ പ്രായം മായ്ക്കുന്ന ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷന്‍; ആരാധന മൂത്ത് താരങ്ങളെ മാതൃകയാക്കുന്ന യുവാക്കളും ഇതിനു പിന്നാലെ പോയാല്‍…!? ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷനെ കുറിച്ച് അറിയേണ്ടതെല്ലാം!

താരങ്ങളുടെ പ്രായം മായ്ക്കുന്ന ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷന്‍; ആരാധന മൂത്ത് താരങ്ങളെ മാതൃകയാക്കുന്ന യുവാക്കളും ഇതിനു പിന്നാലെ പോയാല്‍…!? ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷനെ കുറിച്ച് അറിയേണ്ടതെല്ലാം!

ഒരു മനുഷ്യന്റെ യാത്രയെ പൂര്‍ണ്ണമാക്കുന്നത് വാര്‍ധക്യം ആണ്. ശൈശവത്തില്‍ തുടങ്ങി വാര്‍ധക്യത്തെ പുല്‍കി മനുഷ്യായുസ്സ് പൂര്‍ത്തിയാകുമ്പോള്‍ വാര്‍ധക്യത്തെ പേടിയോടെ സമീപിക്കുന്നവരാണ് പലരും. വാര്‍ധക്യം ഒരു നാണക്കേട് ആയും വാര്‍ധക്യത്തെ പിടിച്ചുകെട്ടാനുള്ള വഴികളുമാണ് പലരും തേടുന്നത്. കൂടുതലും സിനിമാ താരങ്ങള്‍. ഇതിനായി സിനിമാ താരങ്ങള്‍ നടത്താറുള്ള മേക്കോവറുകളും സര്‍ജറികളുമെല്ലാം ഇടയ്ക്കിടെ ചര്‍ച്ചയാകാറുമുണ്ട്. മേക്കപ്പിന്റെ കാലം കഴിഞ്ഞു എന്ന് തന്നെ പറയാം. ക്ഷണ നേരത്തേയ്ക്ക് മാത്രമുള്ള മേക്കപ്പ് ലുക്ക് അല്ല ഇപ്പോഴത്തെ ട്രെന്‍ഡ്. അതുക്കും മേലെയാണ്. പല താരങ്ങളും അവരുടെ തുടക്ക സമയത്തുണ്ടായിരുന്ന രൂപത്തിലല്ല ഇപ്പോഴുള്ളത്. സര്‍ജറികള്‍ചെയ്തും മറ്റും ശരീര-മുഖ സൗന്ദര്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


ഇതെല്ലാം പിന്തുടര്‍ന്ന് വാര്‍ധക്യത്തെ വെറുക്കുന്ന ഒരു തലമുറയാണ് നമുക്ക് മുന്നിലുള്ളത്. മുടിയില്‍ ഒരു നര വീഴുന്നതോ ത്വക്ക് ചുരുങ്ങുന്നതോ ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത.., യൗവനത്തില്‍ നിലകൊള്ളാന്‍ ശ്രമിക്കുന്നവര്‍. ഇതെല്ലാം ഇവിടെ പറയാന്‍ കാരണമെന്തെന്നാല്‍.., തങ്ങള്‍ ഒരുപാട് ആരാധിക്കുന്ന താരങ്ങളെ മാതൃകയാക്കുന്നവരാണ് പലരും. ആരാധന മൂത്ത് ആഞ്ചലീന ജോളിയാകാന്‍ സര്‍ജറികള്‍ ചെയ്ത് കൂട്ടിയ യുവതിയെ ഓര്‍മ്മയില്ലേ…, അതുപോലെ വിജയിയോടുള്ള ആരാധന മൂലം വേഷവും സ്റ്റൈലുമെല്ലാം അനുകരിക്കുന്ന യുവാക്കള്‍ കുറവല്ല. 
പലതാരങ്ങളും ബോട്ടോക്‌സിന്‍ ഇഞ്ചെക്ഷന്‍ എടുത്താണ് മുഖസൗന്ദര്യം നിലനിര്‍ത്തുന്നതെന്നാണ് വിവരം.

മുഖത്തെ ചുളിവുകള്‍ മാറാന്‍ ഉപയോഗിക്കുന്ന ഒരു ചികിത്സയാണ് ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയയുടെ വിഷം, നേര്‍പ്പിച്ച് മുഖത്തെ മാംസപേശികളില്‍ കുത്തിവച്ച് അവയെ തളര്‍ത്തിക്കളയുകയാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ പ്രായാധിക്യം അറിയാത്ത ചുളിവുകളില്ലാത്ത ചെറുപ്പമായ മുഖം ഉണ്ടാവും. പക്ഷേ എല്ലാവരിലും ഒരുപോലെ ബോട്ടോക്‌സ് ഇഞ്ചക്ക്ഷന്‍ വിജയിച്ചുവന്ന് വരില്ല. നിരവധി ഭാവങ്ങള്‍ വിടരേണ്ട മുഖത്ത് പേശികള്‍ വിടരാതെ അത് ഏകഭാവത്തിലേക്ക് മാറാനും ഇടയുണ്ട് എന്നതാണ് ഈ ഇഞ്ചക്ഷന്റെ പാര്‍ശ്വഫലം. 

ഇന്ന് കോടികളുടെ വിപണിയുള്ള മേഖലയാണ് താരങ്ങളുടെ പ്രായം കുറക്കലും മുഖസൗന്ദര്യവര്‍ധനയും. ദക്ഷിണേന്ത്യയില്‍നിന്നും ബോളിവുഡില്‍ എത്തിയപ്പോള്‍ ശ്രീദേവി നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു, ദ്രാവിഡ ലക്ഷണങ്ങളോടു കൂടിയ മുഖം. ഇതില്‍നിന്നു മാറാന്‍ വേണ്ടിയാണ് ശ്രീദേവി ആദ്യമായി പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയയായത്. ഓവല്‍ ഷെയ്പ് ആണ് സ്ത്രീമുഖത്തിന്റെ മാതൃകാരൂപം എന്നാണു പൊതുധാരണ. ശ്രീദേവിയുടെ വന്‍ വിജയം ആയതോടെയാണ് ഇത്തരം വിലകൂടിയ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ സിനിമാ മേഖലയില്‍ സജീവമായത്. 
തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ ചേക്കേറിയ നമ്മുടെ നടിമാര്‍ പലരും ഇത്തരം ചികില്‍സകള്‍ക്കു വിധേയരായാണ് മറുനാട്ടില്‍ സ്റ്റാര്‍ വാല്യു കണ്ടെത്തിയത്. മുഖത്തിന്റെ ഓവല്‍ ഷെയ്പ് നിലനിര്‍ത്താന്‍ താടിയുടെ മസിലുകളില്‍ ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. താടിയിലെ കൊഴുപ്പും എടുത്തു കളയുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ ബോട്ടോക്‌സ് ഇഞ്ചെക്ഷന് ചെറിയൊരു പ്രശ്‌നമുണ്ട്. ഒന്നുപാളിയാല്‍ ആകെ മൊത്തെ കുഴപ്പമാകും.
ബോട്ടോകസ് ഇഞ്ചക്ഷന്‍ മൂലം മുഖം മോശമായിപ്പോയ നടി ഖുശ്ബുവിനെയാണ് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. മൂക്കിന്റെ ഇരുവശത്തെ ചുളിവുകള്‍ മാറ്റാന്‍ ബോട്ടോക്‌സ് കുത്തിവെക്കുമ്പോള്‍ മേല്‍ചുണ്ട് ഒരു കര്‍ട്ടന്‍ പോലെ താഴേക്ക് നീങ്ങുന്നു. ഖുശുബുവിന്റെ ഇപ്പോഴത്തേ മുഖം ശ്രദ്ധിച്ചാല്‍ കാര്യം ബോധ്യപ്പെടും. അതുപോലെ നിരവധി ബോളിവുഡ് നടീ നടന്മാരും ബോട്ടോക്‌സിന്റെ കുരുക്കില്‍ പെട്ടിട്ടുണ്ട്. പുരുഷന്മാരില്‍ ഇതിന്റെ ഇമ്പാക്റ്റ് താങ്ങേണ്ടി വരുന്നത് താടിക്കാണ്. മടക്കുകള്‍ വീഴുന്ന മുഖം മറയ്ക്കാനാണ് പലരും ഇപ്പോള്‍ താടി വളര്‍ത്തുന്നത്. 


സൗന്ദര്യത്തിനു മാത്രമല്ല, ഒരുപാട് അസുഖങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍. തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകള്‍ കോച്ചിപ്പിടിക്കുന്ന അവസ്ഥ, നാഡികളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ മൂലം ഉണ്ടാകുന്ന ചില വേദനകള്‍, കോങ്കണ്ണ്, അമിതവിയര്‍പ്പ്, ചിലതരം മൈഗ്രെയ്ന്‍, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കില്‍ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാര്‍ക്കിന്‍സണ്‍ രോഗം പോലത്തെ അവസ്ഥകളില്‍ സദാ തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കുക എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിന്‍ ഇഞ്ചക്ഷന്‍. മിയ ഖലീഫ എന്ന നടി ഈയിടെ തന്റെ അമിതമായ വിയര്‍പ്പ് ഒഴിവാക്കാനായി കക്ഷത്തില്‍ ഈ ഇഞ്ചക്ഷന്‍ എടുത്തിരുന്നു.


മനുഷ്യന് അറിവുള്ളതില്‍ വെച്ചേറ്റവും അപകടകരമായ ഒരു വിഷമാണ് ക്‌ളോസ്ട്രീഡിയം ബോട്ടുലിനം എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ബോട്ടുലിനം ടോക്‌സിന്‍. ടിന്നില്‍ അടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടവിധം അണുവിമുക്തമാക്കാത്തത് മൂലം അവയില്‍ ഈ ബാക്ടീരിയ വളരാം. പണ്ടുകാലങ്ങളില്‍ നാവികരുടെയിടയില്‍ ധാരാളമായി ഇത് മൂലമുള്ള മരണങ്ങള്‍ സംഭവിക്കാറുമുണ്ടായിരുന്നു. വൃത്തിഹീനമായ രീതിയില്‍ ടിന്നില്‍ അടച്ച ഇറച്ചിയിലും മറ്റു ഭക്ഷണങ്ങളും ശീതീകരണമില്ലാതെ വളരെയേറെ നാളുകള്‍ സൂക്ഷിക്കുന്ന രീതിയാണ് നാവികര്‍ക്ക് വിനയായത്. കടലില്‍ വെച്ച് ബോട്ടുലിസം വന്നാല്‍ മരണമല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലായിരുന്നു.

നമ്മുടെ പേശികള്‍ പ്രവര്‍ത്തിക്കുന്നത് അവയിലേക്ക് തലച്ചോറില്‍ നിന്നും നാഡികളിലൂടെ സിഗ്‌നലുകള്‍ വരുമ്പോഴാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഈ സിഗ്‌നലുകള്‍ ഒരു ഇലക്ട്രിക്കല്‍ കറന്റ് ആണ്. ഈ കറന്റ് നാഡിയില്‍ നിന്നും പേശികളിലേക്ക് പാസ് ചെയ്യാന്‍ വേണ്ടി നാഡീ – പേശീ ജംഗ്ഷനില്‍വെച്ച് നാഡികളുടെ അഗ്രഭാഗത്തുള്ള ചില കുമിളകളില്‍ ശേഖരിച്ചിരിക്കുന്ന അസറ്റയില്‍ കോളിന്‍ എന്നൊരു കെമിക്കല്‍ റിലീസ് ചെയ്യപ്പെടും. ഇത് പേശികളിലെ കോശഭിത്തികളില്‍ അയോണുകളുടെ ചാലകതയില്‍ (മൂവ്‌മെന്റില്‍) വരുത്തുന്ന വ്യത്യാസങ്ങള്‍ മൂലം ഒരു ഇലക്ട്രിക്കല്‍ കറന്റ് ഉണ്ടാകുന്നു, പേശികള്‍ സങ്കോചിക്കുന്നു, അഥവാ പ്രവര്‍ത്തിക്കുന്നു. 


ബോട്ടുലിനം ടോക്‌സിന്‍ നാഡികളുടെ അഗ്രഭാഗത്തുള്ളകുമിളകളില്‍ നിന്ന് അസറ്റൈല്‍ കോളിന്‍ റിലീസ് ചെയ്യപ്പെടുന്നത് തടയും. തന്മൂലം പേശികളിലേക്ക് സിഗ്‌നലുകള്‍ എത്താതിരിക്കുകയും അവ പ്രവര്‍ത്തിക്കാതെയുമാകുന്നു. മനുഷ്യന്റെ ജീവസന്ധാരണത്തിന് അവശ്യം വേണ്ടുന്ന പ്രവര്‍ത്തിയായ ശ്വാസോഛ്വാസം നടക്കാന്‍ നെഞ്ചിന്‍ കൂടിന് ചുറ്റുമുള്ള പേശികളും വയറും നെഞ്ചും തമ്മില്‍ വേര്‍തിരിക്കുന്ന ഡയഫ്രം എന്ന പേശിയും സദാ പ്രവര്‍ത്തിക്കണം. ബോട്ടുലിസം ബാധിച്ച വ്യക്തികളില്‍ ശ്വാസോഛ്വാസം നടക്കാതാവുകയും അവര്‍ മരിക്കുകയും ചെയ്യുന്നു.

ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. അതായത് പേശികളെ തളര്‍ത്താനുള്ള വിഷത്തിന്റെ കഴിവ് നേര്‍പ്പിച്ച് ഉപയോഗിച്ച് ചുളിവ് തടയുന്നു.
പണ്ട് ഒടിയനിറങ്ങിയപ്പോള്‍ മെലിഞ്ഞ് താടിയും മീശയും വടിച്ചെത്തിയ മോഹന്‍ലാലിനെ കണ്ട് അമ്പരന്നവരാണ് മലയാളികള്‍. അന്നു മോഹന്‍ലാല്‍ ബോട്ടോക്‌സ് ഇഞ്ചെക്ഷന്‍ എടുത്തെത്ത വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബോട്ടോക്‌സിന്‍ മോഹന്‍ലാലിന് പണികൊടുത്തുവെന്നാണ് ചിലര്‍ പറയുന്നത്. പറഞ്ഞുവന്നത് എന്തെന്നാല്‍.., മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് നടന്ന ചര്‍ച്ചകളൊക്കെ അറിഞ്ഞിരുന്നില്ലേ…, ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ മുന്‍നിര്‍ത്തയാണ് ആനുമാനങ്ങള്‍.

ഭാവാഭിനയങ്ങള്‍ കൊണ്ട് മലയാളികളെ ത്രസിപ്പിച്ചിരുന്ന മോഹന്‍ലാലിന്റെ മുഖത്ത് ഭാവങ്ങള്‍ ഒന്നും വരുന്നില്ലത്രേ…, ബോട്ടോക്‌സിന്‍ പണി തുടങ്ങിയെന്ന്!. 
ഇതെല്ലാം ഇവിടെ പറയാന്‍ കാരണമെന്തെന്നാല്‍ ആരാധന മൂത്ത് താരങ്ങളുടെ പാത പിന്തുടര്‍ന്ന് യൗവനം നിലനിര്‍ത്താന്‍ ആര്‍ക്കെങ്കിലും ഒരു തോന്നലുണ്ടായാല്‍ ഒരുപാട് തവണ ആലോചിച്ചതിനു ശേഷം മാത്രം അതിനായി മുതിരുക. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നതു പോലെ ആരാധന എന്നും നല്ലത് തന്നെയാണ് പക്ഷേ അത് അതിരു കടക്കാതെ ശ്രദ്ധിക്കുക. 

More in Malayalam

Trending

Recent

To Top