Malayalam
കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം; യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ഇന്ന് കോടതിയിലേയ്ക്ക്…,ചങ്കിടിപ്പോടെ പെണ്‍പുലികള്‍
കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം; യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ഇന്ന് കോടതിയിലേയ്ക്ക്…,ചങ്കിടിപ്പോടെ പെണ്‍പുലികള്‍
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇതിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു.
ഇപ്പോഴിതാ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചേക്കും. ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെ അതിക്രമിച്ചു കടക്കല്‍, കൈയേറ്റം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2020 സെപ്തംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്. വിജയ് പി നായര്‍ യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പുറമേ ഭാഗ്യലക്ഷ്മിക്കെതിരെയും മോശം പരാമര്‍ശം നടത്തി. ഇതിനുപിന്നാലെ ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവരടങ്ങുന്ന സംഘം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കടന്നു കയറി ആക്രമിക്കുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്തു.
കയ്യേറ്റത്തിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി വിജയ് പി നായര്‍ രംഗത്തെത്തി. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താന്‍ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പരാതിയില്ലെന്ന് ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും യുട്യൂബര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ അടുത്ത ദിവസം തന്നെ നിലപാട് മാറ്റിയ വിജയ് നായര്‍ പരാതി നല്‍കുകയായിരുന്നു. അതിക്രമിച്ചുകയറി ആക്രമിച്ചെന്നും മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും സംഘം കൊണ്ടു പോയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതോടെയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വിജയ് പി.നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ് ടോപ്പും മൊബൈലടക്കമുള്ളവയും ഭാഗ്യലക്ഷ്മിയും സംഘവും പൊലീസിന് കൈമാറി. അതിനാല്‍ മോഷണകുറ്റം ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. തമ്പാനൂര്‍ പൊലീസാണ് ഇപ്പോള്‍ കേസിലെ കുറ്റപത്രം നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിജയ് പി.നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിലാണ് ഇയാള്‍. ഈ കേസില്‍ ഇതുവരെയും കുറ്റപത്രം നല്‍കിയിട്ടില്ല.
തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഒരാളെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നു കോടതി ചോദിച്ചു. മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു.
ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന ആവശ്യവുമായി ഉപദ്രവിക്കപ്പെട്ട വിജയ് പി.നായര്‍ കോടതിയെ സമീപിച്ചത്. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിക്കുകയും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തു.
അതുകൊണ്ടു തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചിരുന്നു.