News
‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍’, ഷാരൂഖ് ഖാന്റെ മകന് പിന്തുണയുമായി ആരാധകര്‍; ട്രന്‍ഡിംഗായി ഹാഷ്ടാഗ്
‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍’, ഷാരൂഖ് ഖാന്റെ മകന് പിന്തുണയുമായി ആരാധകര്‍; ട്രന്‍ഡിംഗായി ഹാഷ്ടാഗ്
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സിനിമാ താരത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ പിടിയിലാകുന്നത്. ഇതിനു പിന്നാലെ ആര്യന്‍ ഖാന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആര്യന്‍ ഖാന് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകര്‍.
‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍’ എന്നെഴുതിയ പോസ്റ്റര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കിയാണ് എസ്ആര്‍കെ ഫാന്‍സ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഒപ്പം എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗായി മാറിയിട്ടുണ്ട്. ചൊവ്വാഴ്ച, ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ആരാധകര്‍ ഒത്തുകൂടിയിരുന്നു.
ശനിയാഴ്ചയാണ് എന്‍സിബി ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
അതേസമയം, ആര്യന്‍ ഖാന്റെയും കൂട്ട് പ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ എന്‍സിബി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കപ്പല്‍ യാത്രയുടെ സംഘാടകര്‍ക്ക് ലഹരി ഉപയോഗത്തിന് പിന്നിലുള്ള പങ്കിനെക്കുറിച്ച് തെളിവുകള്‍ കിട്ടിയതായി എന്‍സിബി പറഞ്ഞു. കപ്പലില്‍ പരിപാടികള്‍ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.