News
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക്, സമൂഹ മാധ്യമങ്ങളില്‍ വൈറലായി ‘ഗൂഗിള്‍ കുട്ടപ്പ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക്ക്, സമൂഹ മാധ്യമങ്ങളില്‍ വൈറലായി ‘ഗൂഗിള്‍ കുട്ടപ്പ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ സാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സംസ്ഥാന പുരസ്‌കാരങ്ങള്‍ വരെ ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗൂഗിള്‍ കുട്ടപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകന്‍ കെഎസ് രവികുമാറാണ്.
രവികുമാറിന്റെ അസ്സിസ്റ്റന്റുകളായിരുന്ന ശബരി, ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്.
രവികുമാര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം തര്‍ഷാനാണ്. യോഗി ബാബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിര്‍മിച്ചത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിര്‍ദോ എന്ന അരുണാചല്‍ സ്വദേശിനിയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
