News
ഒരു ദോശയ്ക്ക് ആയിരം രൂപ, ഹൈദരാബാദില്‍ ജോലി; വീണ്ടും ആരാധകരെ ഞെട്ടിച്ച് അല്ലു അര്‍ജുന്‍
ഒരു ദോശയ്ക്ക് ആയിരം രൂപ, ഹൈദരാബാദില്‍ ജോലി; വീണ്ടും ആരാധകരെ ഞെട്ടിച്ച് അല്ലു അര്‍ജുന്‍
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് തട്ടുകടയില്‍ ദോശ കഴിക്കാനെത്തിയ അല്ലു അര്‍ജുന്റെ വീഡിയോ ആണ്. പുഷ്പ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അല്ലു അര്‍ജുന്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഈ വീഡിയോ താരത്തിന്റെ ഫാന്‍സ് പേജുകളിലടക്കം വൈറലായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒരു ദോശയ്ക്ക് താരം നല്‍കിയത് ആയിരം രൂപയാണ് എന്നാണ് പ്രചരിക്കുന്നത്. താരത്തെ തിരിച്ചറിഞ്ഞ തട്ടുകടയ്ക്കാരന്‍ പണം വാങ്ങാന്‍ തയ്യാറായില്ലെങ്കിലും അല്ലു നിര്‍ബന്ധിച്ച് നല്‍കുകയായിരുന്നു. ഉടമയുടെ സാമ്പത്തിക സാഹചര്യം മനസിലാക്കിയ താരം അയാള്‍ക്ക് ഹൈദരാബാദില്‍ ജോലി വാഗ്ദാനം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയില്‍ ഭക്ഷണം കഴിക്കാനായി അല്ലു അര്‍ജുന്‍ ഇറങ്ങിയത്. അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുകയും അല്ലു ചെയ്യുന്നുണ്ട്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമാവുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
