Malayalam
15 വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ട്, ഇങ്ങനെത്തെ അനുഭവം ഇത് ആദ്യമാണ്!; ദൃശ്യം 2 വിലെ അനുഭവത്തെ കുറിച്ച് കൃഷ്ണപ്രഭ
15 വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ട്, ഇങ്ങനെത്തെ അനുഭവം ഇത് ആദ്യമാണ്!; ദൃശ്യം 2 വിലെ അനുഭവത്തെ കുറിച്ച് കൃഷ്ണപ്രഭ
മലയാളികള്‍ക്ക് കൃഷ്ണപ്രഭ എന്ന താരത്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ല്‍ കൃഷ്ണപ്രഭ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മേരി എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തില്‍ ചെറിയ റോളിലാണ് എത്തിയതെങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ മേരി എന്ന കഥാപാത്രത്തിന് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്കും കൈയ്യടികള്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ.
ഒരുപാട് പേര്‍ സിനിമ കണ്ടിട്ട് എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. 15 വര്‍ഷത്തോളമായി ഞാന്‍ സിനിമയില്‍ വന്നിട്ട്, ഇത്രയും കോളുകളും മെസ്സേജും വരുന്നത് എനിക്ക് ഇത് ആദ്യമാണ്. ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ചെറിയ റോളാണെങ്കിലും വളരെ നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ കമന്റുകളും പോസ്റ്റുകളും ഒക്കെ കണ്ട് ഒരുപാട് സന്തോഷം തോന്നി. മേരി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിനെ പോലെ എന്റെയും ആഗ്രഹമാണ്. അതില്‍ ചെറുതും വലുതും ഒന്നും ഞാന്‍ നോക്കാറില്ല. ദൃശ്യം പോലെ ഗംഭീരവിജയം നേടിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക എന്നതുതന്നെ വലിയ കാര്യമല്ലേ? എന്നും കൃഷ്ണപ്രഭ പറയുന്നു.
ഞാന്‍ ലൈഫ് ഓഫ് ജോസൂട്ടിയില്‍ ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷം ജീത്തു സാറിനെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. സാറിന്റെ ഭാര്യ ലിന്‍ഡ ചേച്ചിയുമായി നല്ലയൊരു സൗഹൃദമുണ്ട്. അങ്ങനെ ജസ്റ്റ് വിളിച്ചു സംസാരിക്കുന്ന കൂട്ടത്തിലാണ്, ലോക്ക് ഡൗണിന്റെ സമയത്ത് ദൃശ്യം 2വിന്റെ പ്ലാനിങ് ഒക്കെ നടന്നിരുന്നത്. അപ്പോഴാണ് എന്തെങ്കിലും റോളുണ്ടെങ്കില്‍ എനിക്ക് തരണേയെന്ന് സാറിനോട് ചോദിച്ചത്. സാര്‍ പറഞ്ഞത് അതില്‍ പഴയ കാരക്ടര്‍സാണ് കൂടുതലും വളരെ കുറച്ച് പുതിയ കാരക്ടര്‍സെ ഉള്ളുവെന്നുമാണ്. ചെറിയ റോളുകളാണ് അതില്‍ കൂടുതല്‍, അതൊക്കെ എങ്ങനെയാ തരുന്നേ എന്നൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു കുഴപ്പമില്ല, വലിയ സിനിമയുടെ ഒരു ഭാഗമാവല്ലോ..!
അങ്ങനെ സാര്‍ നോക്കാമെന്നൊക്കെ പറഞ്ഞു. ഞാന്‍ പിന്നീട് അത് മറന്നു. പക്ഷേ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് സാര്‍ പറഞ്ഞിട്ട് സിദ്ധു ചേട്ടന്‍ എന്നെ വിളിച്ചു. ജീത്തു സാര്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിരുന്നല്ലോ. പിന്നീട് ഷൂട്ട് ഇന്ന ദിവസമാണെന്നും, കൊറോണ ടെസ്റ്റ് ഒക്കെ ചെയ്യണമെന്നും പറഞ്ഞു. ഒറ്റ ദിവസത്തെ ഷൂട്ടെ എനിക്കുണ്ടായിരുന്നൊള്ളു. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമാവുന്നത്. എന്നെ പ്രേക്ഷകര്‍ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത് ലാലേട്ടന്റെ മാടമ്പിയില്‍ അഭിനയിച്ച ശേഷമാണ്. എനിക്ക് ഇത്രയേറെ കോളുകളും മെസ്സേജുകള്‍ വരുന്നതോ? ലാലേട്ടന്റെ തന്നെ സിനിമയായ ദൃശ്യം 2വിലും. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലാണ് ഞാന്‍ സ്ഥിരം അഭിനയിക്കുന്ന റോളുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു റോള്‍ ഇതിന് മുമ്പ് ചെയ്തിട്ടുള്ളത്. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത് എന്നും കൃഷ്ണപ്രഭ പറഞ്ഞു.
