Malayalam
‘പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി, ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി; വീണ ജോര്‍ജിന് അഭിനന്ദനവുമായി ജൂഡ് ആന്റണി ജോസഫ്
‘പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി, ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി; വീണ ജോര്‍ജിന് അഭിനന്ദനവുമായി ജൂഡ് ആന്റണി ജോസഫ്
സംവിധായകനായും നടനായും എഴുത്തുകാരനായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജൂഡ് ആന്റണി ജോസഫ്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം തുറന്ന് പറയാറുള്ള ജൂഡ് ആന്റണി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.
ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുള്ള താരം ഇപ്പോഴിതാ രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത ആരോഗ്യ മന്ത്രിയായ വീണ ജോര്‍ജിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.
ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി മനസ്സില്‍ ആഗ്രഹിച്ചത് വീണ ജോര്‍ജിനെ ആയിരുന്നുവെന്ന് പറയുകയാണ് ജൂഡ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം.
‘ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു. അന്ന് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു.
അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍, എന്റെ കഥ പറച്ചില്‍ ഏറ്റില്ല. സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു.
അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന്. ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി.
പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി. അഭിനന്ദനങ്ങള്‍ മാം. മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാനാകട്ടെ’ എന്നായിരുന്നു ജൂഡ് അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ട് പറഞ്ഞത്.
