Malayalam
നിര്‍മ്മാതാവാന്‍ ഒരുങ്ങി അപ്പാനി ശരത്; സന്തോഷം പങ്കുവെച്ച് താരം
നിര്‍മ്മാതാവാന്‍ ഒരുങ്ങി അപ്പാനി ശരത്; സന്തോഷം പങ്കുവെച്ച് താരം
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ അപ്പാനി ശരത് നിര്‍മ്മാതാവാകുന്നു. സാദിഖ് സംവിധാനം ചെയ്യുന്ന ട്രിപ്പ് എന്ന വെബ് സീരീസിലൂടെയാണ് നിര്‍മ്മാതാവായുള്ള ശരത്തിന്റെ തുടക്കം.
മകള്‍ തിയാമയുടെ പേരിലുള്ള തിയാമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അപ്പാനി ശരത് ആണ് നിര്‍മാണം. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്രിപ്പിന്റെ എപ്പിസോഡുകള്‍ വരും ദിവസങ്ങളില്‍ സംപ്രേഷണമാരംഭിക്കും.
വെബ് സീരീസിന് പുറമെ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മ്മിക്കാനും പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കാനുമാണ് പദ്ധതിയെന്ന് അപ്പാനി ശരത് പറഞ്ഞു.
ഭാവിയില്‍ തിയാമ പ്രൊഡക്ഷന്‍സ് സിനിമകളും നിര്‍മ്മിച്ചേക്കുമെന്ന് അപ്പാനി ശരത് പറയുന്നു. ട്രിപ്പിന്റെ വരും എപ്പിസോഡുകളില്‍ അപ്പാനി ശരത്തും അഭിനയിച്ചേക്കും എന്നാണ് വിവരം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ശരത് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഞാനും ഇന്നും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുന്ന നടനാണ്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്.
ഇനിയും സിനിമകള്‍ ചെയ്യണം നല്ല സിനിമയുടെ ഭാഗമാകണം. അതിന് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പെര്‍ഫോമന്‍സ് കാണാത്തവര്‍ക്ക് എന്റെ വര്‍ക്കുകള്‍ അയച്ചു കൊടുക്കണം.
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. ഓട്ടോ ശങ്കര്‍ കാണാത്ത മലയാളത്തിലെ പല സംവിധായകര്‍ക്കും ഞാന്‍ അത് അയച്ചുകൊടുക്കുകയും അത് കാണാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
അതെല്ലാം ഈ നിലനില്‍പ്പിന്റെ ഭാഗമാണ്. കാരണം അഭിനയമോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നില്‍ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിലില്ല.
എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക എന്ന് മാത്രമാണ് എന്റെ വിചാരം. എനിക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. എനിക്ക് പിടിച്ചു നിന്നേ പറ്റൂ.
ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്. എന്റെ പല പ്ലാനുകളും പൊളിഞ്ഞു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തു ചെയ്യണമെന്ന് അറിയുകയുമില്ല.
ആകെ ആശങ്കയിലായിരുന്നു. ഓട്ടോ ശങ്കറിന് ശേഷമുള്ള കാര്യമാണ് ഞാന്‍ പറയുന്നത് എന്നോര്‍ക്കണം. പക്ഷേ എന്നെ ദൈവം കൈവിട്ടില്ല. ലോക്ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നു’ എന്നാണ് താരം പറഞ്ഞത്.
