Malayalam
ദൃശ്യം 2 ഒടിടി റിലീസ്; മോഹന്‍ലാല്‍ കാണിച്ചത് വഞ്ചന, ഇങ്ങനെയൊരു അനീതി പ്രതീക്ഷിച്ചില്ലെന്നും ലിബര്‍ട്ടി ബഷീര്‍
ദൃശ്യം 2 ഒടിടി റിലീസ്; മോഹന്‍ലാല്‍ കാണിച്ചത് വഞ്ചന, ഇങ്ങനെയൊരു അനീതി പ്രതീക്ഷിച്ചില്ലെന്നും ലിബര്‍ട്ടി ബഷീര്‍
പുതുവര്‍ഷത്തില്‍ തിയേറ്റര്‍ അനുഭവം കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയാണ് ‘ദൃശ്യം 2’ വിന്റെ ഒടിടി റിലീസ് പ്രഖ്യാപനം വന്നത്. കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ മാത്രമേ ദൃശ്യം 2 പ്രദര്‍ശിപ്പിക്കുമെന്നാണ് തീയേറ്ററര്‍ ഉടമകള്‍ ഉള്‍പ്പെടെ ഏവരും കരുതിയിരുന്നത്. ഇപ്പോഴിതാ ഒടിടി റിലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആയ ലിബര്‍ട്ടി ബഷീര്‍.
അമ്മ പ്രസിഡന്റായ നടന്‍ മഹന്‍ലാല്‍ തീയേറ്ററുടമകളോടും സിനിമാ വ്യവസായത്തോടും ആത്മാര്‍ത്ഥ കാണിച്ചില്ലെന്നാണ് ലിബര്‍ട്ടി ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനുള്ള തീരുമാനം കൊടും വഞ്ചനയാണെന്നും അദ്ദേഹം പറയുന്നു. ദൃശ്യം 2 തീയേറ്ററുകളിലെത്തിയാല്‍ ഏറെ നാളുകള്‍ക്ക് ശേഷം കുടുംബങ്ങള്‍ തീയേറ്ററുകളില്‍ വരുമെന്നും കോവിഡില്‍ തകര്‍ന്ന സിനിമാ വ്യവസായം വീണ്ടും പഴയപടി ആകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളും തിയേറ്ററുടമകളും കരുതിയിരുന്നത്. പക്ഷേ ആ പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ് ഇപ്പോഴെന്നും ബഷീര്‍ പ്രതികരിച്ചു.
ഫിയോക് പ്രസിഡന്റ് കൂടിയാണ് ദൃശ്യം 2 നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍. ഇവര്‍ ഇങ്ങനെയൊരു അനീതി ചെയ്യുമെന്ന് കരുതിയില്ല. പത്ത് മാസത്തില്‍ കൂടുതലായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ദൃശ്യം 2 പ്രഖ്യാപിച്ചതും തുടങ്ങിയതും തീയേറ്ററുകള്‍ക്കായിട്ടായിരിക്കുമെന്ന് കരുതി. പക്ഷേ ഇവരില്‍ നിന്ന് ഇതുപോലെ ഒരു അനീതി പ്രതീക്ഷിച്ചില്ലെന്ന് ബഷീര്‍ വ്യക്തമാക്കി. ഇവരൊക്കെ വളര്‍ന്നത് തീയേറ്ററിലൂടെയല്ലേ. ഇതുപോലെ വലിയൊരു പ്രതിസന്ധി വരുമ്പോള്‍ തീയേറ്ററുകളെ ചതിക്കരുതായിരുന്നു. സാധാരണക്കാര്‍ക്ക് ഒടിടിയില്‍ കാണാനാകുമോ എന്നും ബഷീര്‍ ചോദിക്കുന്നു.