ചാര്‍ളിയും ടെസയുമായി മാധവനും ശ്രദ്ധയും, ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആയ മാരയുടെ ട്രെയിലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ ചാര്‍ലിയായി ദുല്‍ഖര്‍ സല്‍മാന്‍ നിറഞ്ഞ് നിന്നപ്പോള്‍ തമിഴില്‍ ആ വേഷത്തിലെത്തുന്നത് മാധവന്‍ ആണ്. പാര്‍വതിയുടെ വേഷത്തിലെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ് പ്രതീക്ഷ നല്‍കുന്നതാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍.
ശിവദയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷത്തിലാണ് ശിവദ എത്തുന്നത്. അലക്‌സാണ്ടര്‍, മൗലി എന്നിവരാണ് മാരയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് കുമാറാണ് മാരയുടെ സംവിധാനം. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജിബ്രാനാണ്. ബിപിന്‍ രഘുവും ദിലീപ് കുമാറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാര്‍ത്തിക് മുത്തുകുമാറും ദിനേഷ് കൃഷ്ണനുമാണ് ഛായാഗ്രഹണം.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചാര്‍ലി. 2015 ഡിസംബര്‍ 24 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി പേരാണ് ചാര്‍ളി എന്ന കഥാപാത്രത്തിന്റെ തന്നെ ആരാധകര്‍ ആയി മാറിയത്.
