Malayalam
സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറും മോനേ എന്നു പറഞ്ഞെന്നെ ആശ്വസിപ്പിച്ചു; പ്രിയപ്പെട്ട ജോണ്‍ പോള്‍സാറിന്, ഗുരുവിന് പ്രണാമം; കുറിപ്പുമായി ഹര്‍ഷദ്
സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറും മോനേ എന്നു പറഞ്ഞെന്നെ ആശ്വസിപ്പിച്ചു; പ്രിയപ്പെട്ട ജോണ്‍ പോള്‍സാറിന്, ഗുരുവിന് പ്രണാമം; കുറിപ്പുമായി ഹര്‍ഷദ്
മലയാള സിനിമാ ലോകത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗം എത്തിയത്. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ജോണ്‍ പോളിമായുള്ള ഓര്‍മകള്‍ പങ്കുവച്ചത്. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷദിന്റെ കുറിപ്പാണ്. തന്നെ തിരക്കഥ എഴുതാന്‍ പഠിപ്പിച്ചത് ജോണ്‍ പോള്‍ ആണെന്നാണ് ഹര്‍ഷദ് പറയുന്നത്.
ഹര്‍ഷദിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
2009 ലാണ് ജോണ്‍പോള്‍സാറിനെ ആദ്യമായി പരിചയപ്പെടുന്നത്. വെറെന്തോ ആവശ്യത്തിന് കോഴിക്കോട്ടെത്തിയപ്പൊ അദ്ദേഹമെന്നെ വിളിപ്പിക്കയായിരുന്നു. അതിനും കുറച്ച് ദിവസം മുമ്പാണ് ജോണ്‍പോള്‍ സാറ് ഉള്‍പ്പെട്ട ഒരു ജൂറി എന്റെ ആദ്യ ഷോര്‍ട്ട് ഫിലിമിന് ഒന്നാം സമ്മാനം തന്നത്. ‘മോനാ ചെറിയ സിനിമയെ ഫീച്ചര്‍ ഫിലിമായി മാറ്റി ചെയ്യണം’ ഇതായിരുന്നു സാറാദ്യം പറഞ്ഞത്.
പക്ഷേ സാറേ ഞാന്‍ വേറൊരു തിരക്കഥ എഴുതിയിട്ടുണ്ട്, തിരക്കഥ എന്ന് പറയാന്‍ പറ്റ്വോ എന്നറിയില്ല. സാറതൊന്ന് വായിച്ച് അഭിപ്രായം പറയണം’. പിന്നീട് അന്ന് സാറ് താമസിച്ചിരുന്ന മരടിലെ വീട്ടില്‍ ഞാന്‍ നിത്യ സന്ദര്‍ശകനായി. ഞാനന്ന് കൊണ്ട്‌ചെന്നത് തിരക്കഥ അല്ലെന്നും മനസ്സിലായി. പതിയെ സാറില്‍ നിന്നും തിരക്കഥ എഴുതാന്‍ പഠിച്ചു തുടങ്ങി.
പക്ഷേ ആ സിനിമ ഒന്നുമായില്ല. രണ്ട് വര്‍ഷത്തോളം അങ്ങിനെ പോയി. അക്കാലത്തെ സാറിന്റെ പലതരം സ്ട്രഗിളികളും നേരിട്ട് കാണാനിടയായി. ഞങ്ങള്‍ വേറെയും പ്രൊജക്ടുകള്‍ ആലോചിച്ചു. ഒന്നുമായില്ല. ഇതിനിടയില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിച്ചേര്‍ന്ന് പുതുമുഖങ്ങളെ വെച്ച് ഒരു ഫീച്ചര്‍ഫിലിം ചെയ്യാന്‍ തീരുമാനിച്ചു.
അതിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് നടത്താനും ഞങ്ങളെ അനുഗ്രഹിക്കാനും സാറ് കോഴിക്കോട് വന്നു. പിന്നീട് ‘ഉണ്ട’ സംഭവിക്കുമെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ സാറിനെ പോയി കണ്ട് അനുഗ്രഹം വാങ്ങി. സിനിമയിലെ കാത്തിരിപ്പുകളൊക്കെ പിന്നീട് അസറ്റായി മാറും മോനേ എന്നു പറഞ്ഞെന്നെ ആശ്വസിപ്പിച്ചു. ഇനിയും എഴുതണം എന്നുണ്ട്. പറ്റുന്നില്ല. പ്രിയപ്പെട്ട ജോണ്‍ പോള്‍സാറിന്, ഗുരുവിന് പ്രണാമം.
